കുടുംബ പ്രാർത്ഥനയിലെ പിതാക്കന്മാരുടെ പങ്കാളിത്തം കുട്ടികളുടെ ആത്മീയ വളർച്ചയ്ക്ക് കാരണമാകും; വിശ്വാസം കൈമാറുന്നതിൽ മാതാപിതാക്കന്മാരുടെ ഉത്തരവാദിത്വത്തെക്കുറിച്ച് ഉറുഗ്വേയിൽ നിന്നും മാർപാപ്പയുടെ ഞായറാഴ്ച സന്ദേശം

കുടുംബ പ്രാർത്ഥനയിലെ പിതാക്കന്മാരുടെ പങ്കാളിത്തം കുട്ടികളുടെ ആത്മീയ വളർച്ചയ്ക്ക് കാരണമാകും; വിശ്വാസം കൈമാറുന്നതിൽ മാതാപിതാക്കന്മാരുടെ ഉത്തരവാദിത്വത്തെക്കുറിച്ച് ഉറുഗ്വേയിൽ നിന്നും മാർപാപ്പയുടെ ഞായറാഴ്ച സന്ദേശം

ഫ്ലോറിഡ (ഉറുഗ്വേ): പുതുതലമുറകളിലേക്ക് വിശ്വാസം പകർന്നു നൽകുന്നതിൽ കുടുംബങ്ങളുടെ പ്രത്യേകിച്ച്, അമ്മമാരുടെയും മുത്തശ്ശീമുത്തശ്ശന്മാരുടെയും പങ്ക് ഉയർത്തിക്കാട്ടി ലിയോ പതിനാലമൻ മാർപാപ്പ. ഉറുഗ്വേയുടെ സ്വർഗീയ മധ്യസ്ഥയായ ഫ്ലോറിഡയിലെ "മൂപ്പത്തിമൂന്നിന്റെ അമ്മ'"എന്ന പേരിൽ വണങ്ങപ്പെടുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുന്നാളിനോടനുബന്ധിച്ച്, നവംബർ 8 ഞായറാഴ്ച ദിവ്യബലി അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു പാപ്പാ.
കുടുംബങ്ങളിലെ വിശ്വാസജീവിതവും ക്രിസ്തീയ ഉത്തരവാദിത്വങ്ങളുമായിരുന്നു മാർപാപ്പയുടെ പ്രഭാഷണത്തിന്റെ പ്രധാന പ്രമേയം.

വിശുദ്ധ കുർബാനയിലെ വായനകളുടെയും ഉറുഗ്വേയുടെ ചരിത്രത്തിന്റെയും ആത്മീയ പാരമ്പര്യത്തിന്റെയും പശ്ചാത്തലത്തിൽ സംസാരിച്ച പാപ്പാ, പഴയ നിയമത്തിലെ യൂദിത്തിന്റെയും പരിശുദ്ധ അമ്മയുടെയും ജീവിതങ്ങളെ പ്രത്യേകം പരാമർശിച്ചു.

ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസവും ആശ്രയ ബോധവും ധൈര്യവും കൈമുതലായുണ്ടായവരായിരുന്നു ഇരുവരുമെന്ന് മാർപാപ്പ അനുസ്മരിച്ചു.

'...ഭൂമിയിലെ സ്ത്രീകളില്‍വച്ച് അത്യുന്നതനായ ദൈവത്താല്‍ ഏറ്റവും അധികം അനുഗ്രഹിക്കപ്പെട്ടവളാണു നീ' (യൂദിത്ത്‌ 13 : 18), 'നീ സ്ത്രീകളില്‍ അനുഗൃഹീതയാണ്' (ലൂക്കാ 1 : 42) എന്നീ വചനങ്ങൾ യൂദിത്തിനും പരിശുദ്ധ അമ്മയ്ക്കും ലഭിച്ച സമാനമായ അനുഗ്രഹത്തെയാണ് എടുത്തുകാട്ടുന്നതെന്ന് ലിയോ പാപ്പാ പറഞ്ഞു. പ്രതിസന്ധിയുടെ ഘട്ടങ്ങളിൽ ഭയപ്പെടാതെ ദൈവത്തിൽ ആശ്രയിച്ച യൂദിത്ത്, തൻ്റെ ധീരമായ തീരുമാനത്താൽ സ്വന്തം ജനത്തെ രക്ഷിച്ചു.

1825-ൽ ഉറുഗ്വേയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ ജനങ്ങൾ പരിശുദ്ധ അമ്മയുടെ സംരക്ഷണം തേടിയതിനെയും രാജ്യത്തിൻ്റെ ചരിത്രത്തിൽ മാതാവിനു നൽകപ്പെട്ട സവിശേഷമായ സ്ഥാനത്തെയും മാർപാപ്പ അനുസ്മരിച്ചു.

വിശ്വാസ കൈമാറ്റത്തിൽ അമ്മമാരുടെ പങ്ക്
കുടുംബങ്ങളിൽ വിശ്വാസം നിലനിർത്തുകയും തലമുറകളിലേക്ക് പകരുകയും ചെയ്യുന്നതിൽ അമ്മമാരും മുത്തശ്ശിമാരും സുപ്രധാനമായ ഒരു പങ്കാണ് വഹിക്കുന്നതെന്ന് പാപ്പാ എടുത്തുപറഞ്ഞു. കുട്ടികളെ ആദ്യമായി പ്രാർത്ഥിക്കാൻ പഠിപ്പിക്കുന്നതിലും മാമോദീസക്കും മറ്റു കൂദാശകൾക്കും ഒരുക്കുന്നതിലും ക്രിസ്തീയ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പാഠങ്ങൾ പകർന്നു നൽകുന്നതിലും സ്ത്രീകൾ നൽകുന്ന സംഭാവന വിലമതിക്കാനാവാത്തതാണെന്ന് ലിയോ പാപ്പാ വ്യക്തമാക്കി.

തിമോത്തേയോസിന്റെ വിശ്വാസത്തിന് അടിത്തറ പാകിയ അമ്മയായ എവുനിക്കെയുടെയും വല്യമ്മയായ ലോവീസിൻ്റെയും ഉദാഹരണം മാർപാപ്പ ചൂണ്ടിക്കാട്ടി.

മക്കൾക്കുവേണ്ടിയുള്ള പ്രാർത്ഥന
മക്കളും കൊച്ചുമക്കളും വിശ്വാസത്തിൽനിന്ന് അകന്നു പോകുമ്പോൾ മാതാപിതാക്കൾ അനുഭവിക്കേണ്ടിവരുന്ന വേദനയെപ്പറ്റി മാർപാപ്പ പരാമർശിച്ചു. ദൈവത്തിൽ നിന്ന് അകന്നുപോയ തൻ്റെ മകനായ വിശുദ്ധ അഗസ്റ്റിനുവേണ്ടി വർഷങ്ങളോളം പ്രാർത്ഥിച്ച വിശുദ്ധ മോണിക്കയുടെ പ്രത്യാശ എല്ലാവർക്കും മാതൃകയാണെന്ന് പാപ്പാ പറഞ്ഞു.

സ്നേഹത്തോടെയും ക്ഷമയോടെയും മക്കളെ ദൈവത്തിലേക്ക് നയിക്കണമെന്നും അവരെ നിരന്തരം പ്രാർത്ഥനയിൽ സമർപ്പിക്കണമെന്നും പരിശുദ്ധ പിതാവ് ഓർമിപ്പിച്ചു.

പിതാക്കന്മാർ നൽകുന്ന മാതൃക
അതുപോലെതന്നെ, വിശ്വാസം കൈമാറുന്നതിൽ പിതാക്കന്മാർക്കും മുത്തശ്ശന്മാർക്കുമുള്ള തുല്യമായ ഉത്തരവാദിത്വത്തെക്കുറിച്ചും മാർപാപ്പ പരാമർശിച്ചു. പിതാവ് ദൈവ സന്നിധിയിൽ മുട്ടുകുത്തി പ്രാർത്ഥിക്കുന്നതും കുടുംബാംഗങ്ങളോട് ക്ഷമയോടും ആദരവോടും കൂടി പെരുമാറുന്നതും കാണുന്നത് കുട്ടികളുടെ ആത്മീയ വളർച്ചയ്ക്ക് കാരണമാകും.

കുടുംബ പ്രാർത്ഥനയിലെ പിതാക്കന്മാരുടെ പങ്കാളിത്തവും അനുദിനജീവിതത്തിലെ വിശ്വാസ സാക്ഷ്യവും വിശ്വാസത്തിൻ്റെ മഹത്വം മനസ്സിലാക്കുന്നതിന് അവരെ സഹായിക്കും.
മറ്റുള്ളവരെ ക്രിസ്തുവിലേക്ക് നയിക്കുന്നവരാവുക
മറിയത്തെപ്പോലെ മറ്റുള്ളവരെ ക്രിസ്തുവിലേക്ക് നയിക്കുകയാണ് ഓരോ വിശ്വാസിയുടെയും ദൗത്യമെന്ന് പാപ്പ ഓർമിപ്പിച്ചു.

വിശ്വാസത്തിൽനിന്ന് അകന്നുപോയവരെ തേടിച്ചെല്ലാനും അവരുടെ വേദനകളും സംശയങ്ങളും കേൾക്കാനും ക്രിസ്തുവിൻ്റെ സ്നേഹം പകർന്നു നൽകാനും അവിടത്തെ കണ്ടെത്താൻ സഹായിക്കാനും പരിശുദ്ധ പിതാവ് വിശ്വാസികൾക്ക് ആഹ്വാനം നൽകി.

മാതാവിന് സ്വർണ്ണറോസാപ്പൂവ്
പരിശുദ്ധ അമ്മയോടുള്ള സ്നേഹത്തിന്റെയും വണക്കത്തിന്റെയും സൂചകമായി മാതാവിൻ്റെ തിരുസ്വരൂപത്തിന് മുമ്പിൽ പരിശുദ്ധ പിതാവ് സ്വർണ്ണറോസാപ്പൂവ് സമർപ്പിച്ചു.

ഉറുഗ്വേ രാജ്യത്തെയും അതിലെ ജനങ്ങളെയും പാപ്പാ മാതാവിന്റെ സംരക്ഷണത്തിന് ഭരമേല്പിച്ചു. ഉറുഗ്വേ സന്ദർശന വേളയിൽ താൻ അനുഭവിച്ചറിഞ്ഞ അവിടത്തെ ജനങ്ങളുടെ സന്തോഷത്തെ ലിയോ പാപ്പാ പ്രശംസിച്ചു. വിശ്വാസം, പ്രത്യാശ, സ്നേഹം എന്നിവയിൽ കൂടുതൽ ആഴപ്പെടണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.