ഗുവാഹത്തി മുൻ ആർച്ച് ബിഷപ്പ് മാർ തോമസ് മേനാമ്പറമ്പിൽ അന്തരിച്ചു

ഗുവാഹത്തി മുൻ ആർച്ച് ബിഷപ്പ് മാർ തോമസ് മേനാമ്പറമ്പിൽ അന്തരിച്ചു

ന്യൂഡൽഹി: വടക്കുകിഴക്കൻ ഇന്ത്യയിലെ സമാധാന ദൂതനായി അറിയപ്പെട്ടിരുന്ന ഗുവാഹത്തി മുൻ ആർച്ച്ബിഷപ്പ് മാർ തോമസ് മേനാമ്പറമ്പിൽ എസ്.ഡി.ബി. (90) അന്തരിച്ചു. ബുധനാഴ്ച (നവംബർ 25) പുലർച്ചെ 5.40-ന് ഹൈദരാബാദിലെ എ.ഐ.ജി ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കും.

കോട്ടയം പാലായ്ക്കടുത്ത് വാകക്കാട് 1936 ഒക്ടോബർ 22-നാണ് തോമസ് മേനാമ്പറമ്പിൽ ജനിച്ചത്. പാലാ സെന്റ് തോമസ് ഇംഗ്ലീഷ് സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ നിന്ന് ഹൈസ്കൂൾ പഠനവും പൂർത്തിയാക്കി. തമിഴ്നാട്ടിലെ യേർക്കാട്ടിലെ സന്യാസ പരിശീലനത്തിന് ശേഷം 1955 മെയ് 24-ന് ഡോൺ ബോസ്കോ സഭയിൽ ചേർന്നു. 1965 മെയ് രണ്ടിന് വൈദികപട്ടം സ്വീകരിച്ചു.

തുടർന്ന് മേഘാലയയിലെ ഷില്ലോംഗ് സാവിയോ ജൂനിയറേറ്റ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായും (1965), സെന്റ് ആന്റണീസ് കോളേജ് ഹോസ്റ്റൽ വാർഡനായും (1969-1972) സേവനമനുഷ്ഠിച്ചു. 1972 മുതൽ 1975 വരെ വടക്കുകിഴക്കൻ ഇന്ത്യയിലെ ഡോൺ ബോസ്കോ സഭയുടെ വൈസ് പ്രൊവിൻഷ്യലായിരുന്നു.

1981 ജൂലൈ 13-ന് ദിബ്രുഗഢ് രൂപതയുടെ മെത്രാനായി നിയമിതനായി. 1992 ഏപ്രിൽ 21-ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ പുതുതായി രൂപീകരിച്ച ഗുവാഹത്തി രൂപതയുടെ പ്രഥമ മെത്രാനായി അദേഹത്തെ നിയമിച്ചു. 1995 ഓഗസ്റ്റ് ഒന്നിന് ഗുവാഹത്തി അതിരൂപതയായി ഉയർത്തപ്പെട്ടപ്പോൾ പ്രഥമ ആർച്ച്ബിഷപ്പായി സ്ഥാനമേറ്റു.

ലോവർ അസമിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഹോസ്റ്റൽ സൗകര്യങ്ങളോടുകൂടിയ നിരവധി വിദ്യാലയങ്ങൾ അദേഹം സ്ഥാപിച്ചു. അദ്ദേഹത്തിന്റെ നിരന്തര പരിശ്രമഫലമായാണ് 2000-ത്തിൽ ബൊംഗൈഗാവ് രൂപത നിലവിൽ വന്നത്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വംശീയ കലാപങ്ങൾ ശമിപ്പിക്കുന്നതിലും സമാധാനം പുനഃസ്ഥാപിക്കുന്നതിലും അദേഹം വഹിച്ച പങ്ക് ചരിത്രപ്രധാനമാണ്. 1996-ൽ കൊക്രഝാറിൽ ബോഡോ-ആദിവാസി കലാപത്തെത്തുടർന്ന് രണ്ടര ലക്ഷത്തോളം പേർ അഭയാർത്ഥി ക്യാമ്പുകളിലായപ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ഇരുവിഭാഗം നേതാക്കളെയും സമാധാന ചർച്ചകൾക്കായി ഒരുമിച്ചുകൂട്ടുകയും ചെയ്തു.

1999-ൽ മണിപ്പൂരിലെ ചുരാചന്ദ്പൂരിലുണ്ടായ കുക്കി-പൈട്ടെ സംഘർഷം, ഹാഫ്ലോംഗിലെ ദിമാസ-മാർ സംഘർഷം, ദിഫുവിലെ കുക്കി-കർബി കലാപം എന്നിവ പരിഹരിക്കുന്നതിലും അദേഹം നിർണായക ഇടപെടൽ നടത്തി. 2003-ൽ വടക്കുകിഴക്കൻ ഇന്ത്യയിലെ സഭകൾ സംയുക്തമായി രൂപീകരിച്ച ജോയിന്റ് പീസ് ടീമിന്റെ കൺവീനറായിരുന്നു. സമാധാന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി 1998-ൽ മുംബൈയിലെ പ്രശസ്തമായ മാഷിയോ അവാർഡ് ലഭിച്ചു.

1998-ൽ റോമിൽ നടന്ന ഏഷ്യൻ സിനഡിന്റെ സ്പെഷ്യൽ സെക്രട്ടറിയായി പ്രവർത്തിച്ച അദ്ദേഹം, വത്തിക്കാനിലെ സന്യസ്തർക്കായുള്ള തിരുസംഘത്തിൽ അംഗമായും സി.ബി.സി.ഐ. വിദ്യാഭ്യാസ-സാംസ്കാരിക കമ്മീഷൻ ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2010-ലെ ദുഃഖവെള്ളിയാഴ്ച റോമിലെ കൊളോസിയത്തിൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ നേതൃത്വം നൽകിയ കുരിശിന്റെ വഴിയിലെ പ്രാർത്ഥനകൾ തയ്യാറാക്കിയത് ആർച്ച് ബിഷപ്പ് തോമസ് മേനാമ്പറമ്പിലായിരുന്നു.

75 വയസ്സ് പൂർത്തിയായതിനെത്തുടർന്ന് 2012-ൽ ആർച്ച് ബിഷപ്പ് പദവിയിൽ നിന്ന് വിരമിച്ചു. പിന്നീട് ബിഷപ്പ് വിൻസെന്റ് കിംപാറ്റിന്റെ അകാല നിര്യാണത്തെത്തുടർന്ന് 2014 മുതൽ 2016 വരെ ജോവായ് രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായും സേവനമനുഷ്ഠിച്ചു. സമാധാനം, വിദ്യാഭ്യാസം, സംസ്കാരം, പ്രാർത്ഥന എന്നീ വിഷയങ്ങളിൽ ഒട്ടേറെ പുസ്തകങ്ങളും ലേഖനങ്ങളും രചിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.