ഷിംല: ഗാന്ധി കുടുംബത്തിനെതിരെ അപകീര്‍ത്തികരമായ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പങ്കുവച്ച ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്.
നെഹ്റു-ഗാന്ധി കുടുംബത്തിലേക്ക് ഒരു വിദേശ വനിത കടന്നു വന്നത് ദുരൂഹമാണെന്നും ഇന്ദിരാ ഗാന്ധി, സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ മരണം യാദൃശ്ചികമല്ലെന്നും അനന്തരാവകാശികള്‍ ഇല്ലാതായതോടെ അധികാരം സോണിയ ഗാന്ധിയിലേക്ക് എത്തിയെന്നും കങ്കണ ഇന്‍സ്റ്റഗ്രാമിലൂടെ ആരോപിച്ചു.
'എത്ര സൗകര്യപ്രദം' എന്ന പരാമര്‍ശത്തോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്. സഞ്ജയ് ഗാന്ധിയുടെ മരണശേഷം മേനക ഗാന്ധിയെയും മകനെയും കുടുംബ വീട്ടില്‍ നിന്ന് പുറത്താക്കിയെന്നും കങ്കണ ആരോപിച്ചിരുന്നു.
കങ്കണയുടെ പോസ്റ്റുകളില്‍ മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, രാജീവ് ഗാന്ധിയുടെ സഹോദരന്‍ സഞ്ജയ് ഗാന്ധി എന്നിവരുടെ മരണത്തെക്കുറിച്ച് പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് ആരോപിച്ച് ഷിംല സ്വദേശിയായ അതുല്‍ ശര്‍മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് ഫയല്‍ ചെയ്തത്.
വെള്ളിയാഴ്ചയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ഷിംല പൊലീസ് സൂപ്രണ്ട് ഗൗരവ് സിംഗ് സ്ഥിരീകരിച്ചു. കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് കങ്കണ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിട്ടത്. സോണിയ ഗാന്ധിയുടെ 'ബിലോങ്ങിംഗ്: എ ജേര്‍ണി ഓഫ് ലവ്' എന്ന ഓര്‍മക്കുറിപ്പ് പുസ്തകം പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു കങ്കണയുടെ പോസ്റ്റ്.
രാഷ്ട്രീയ വിമര്‍ശനത്തിനപ്പുറം പ്രകോപനപരമായ കാര്യങ്ങള്‍ പ്രചരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പോസ്റ്റുകളെന്ന് ശര്‍മ ആരോപിച്ചു. സാമുദായിക, ദേശീയ ഐക്യത്തിന് തുരങ്കം വയ്ക്കുന്ന തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ കങ്കണ പ്രചരിപ്പിച്ചതായും പരാതിയില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.