സ്വയംഭരണ കോളജുകള്‍ക്ക് കോഴ്‌സുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ എന്‍ഒസി ആവശ്യമില്ലെന്ന തീരുമാനം സ്വാഗതാര്‍ഹമെന്ന് സീറോ മലബാര്‍ സഭ

സ്വയംഭരണ കോളജുകള്‍ക്ക് കോഴ്‌സുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ എന്‍ഒസി ആവശ്യമില്ലെന്ന തീരുമാനം സ്വാഗതാര്‍ഹമെന്ന് സീറോ മലബാര്‍ സഭ

കൊച്ചി: യൂണിവേഴ്സിറ്റി ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് സ്വയംഭരണ കോളജുകള്‍ക്ക് വിവിധ കോഴ്‌സുകള്‍ തുടങ്ങാന്‍ സര്‍ക്കാരിന്റെ എന്‍ഒസി ആവശ്യമില്ലെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും തീരുമാനത്തെ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭയുടെ വിദ്യാഭ്യാസ സമിതി കണ്‍വീനറും പാലാ രൂപതാധ്യക്ഷനുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്.

സ്വയംഭരണ കോളജുകള്‍ക്ക് കോഴ്‌സുകള്‍ ആരംഭിക്കാനുള്ള അക്കാദമിക സ്വാതന്ത്ര്യവും അവകാശവും 2023 മുതല്‍ യുജിസി അനുവദിച്ചിരുന്നെങ്കിലും കേരളത്തില്‍ പ്രാവര്‍ത്തികമാക്കിയിരുന്നില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച അക്കാദമിക സ്വാതന്ത്ര്യം ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമഗ്രവികസനം ഉറപ്പാക്കാനുള്ള നിര്‍ണായക ചുവടുവയ്പാണ്.

ഉന്നത വിദ്യാഭ്യാസ മേഖല കാലോചിതമായി പരിഷ്‌കരിക്കുന്നതിനും ലോകോത്തര നിലവാരമുള്ള അക്കാദമിക സമ്പ്രദായത്തിന്റെ സാധ്യതകള്‍ കേരളത്തില്‍ സൃഷ്ടിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ ഹൃദയംഗമമായി അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ തന്നെ ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസം ചെലവു കുറഞ്ഞ രീതിയില്‍ നേടണമെങ്കില്‍ മികവ് തെളിയിച്ച കോളജുകള്‍ക്ക് അക്കാദമിക സ്വയംഭരണവും കാലതാമസമില്ലാതെ അനുമതി ലഭിക്കുന്ന സംവിധാനങ്ങളും ആവശ്യമാണ്.

നിലവിലുള്ള കോഴ്സുകളെ കാലാനുസൃതമായി പരിഷ്‌കരിക്കാനും നവവിദ്യാഭ്യാസ പദ്ധതികളും ജോലി സാധ്യതകള്‍ പ്രദാനം ചെയ്യുന്ന പ്രോഗ്രാമുകളും സിലബസില്‍ ഉള്‍പ്പെടുത്തി കാലതാമസമില്ലാതെ അംഗീകാരം ലഭിക്കാനുമുള്ള തുടര്‍ നടപടികള്‍ കൈക്കൊള്ളണം.

സ്വകാര്യ സര്‍വകലാശാലകള്‍ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം സ്റ്റേറ്റ് എയ്ഡഡ് യൂണിവേഴ്‌സിറ്റികള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കി ഉന്നത വിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്തേണ്ടതും അത്യന്താപേക്ഷിതമാണ്.

ദേശീയ വിദ്യാഭ്യാസ നയവും യുജിസിയും ലക്ഷ്യം വയ്ക്കുന്ന ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കാരവും നിലവാരവും നേടിയെടുക്കാന്‍ അനുകൂലമായ നയപദ്ധതികള്‍ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് താമസം വിനാ നടപ്പിലാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ഫാ. റെജി പ്ലാത്തോട്ടം എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.