അയിത്തത്തിന് അസ്തമയം കുറിച്ച ക്ഷേത്രപ്രവേശന വിളംബരം

അയിത്തത്തിന് അസ്തമയം കുറിച്ച ക്ഷേത്രപ്രവേശന വിളംബരം

ക്ഷേത്രപ്രവേശന വിളംബരം എന്ന് പറയുമ്പോൾ പൊതുവേ തിരുവിതാംകൂറിലെ വിളംബരമായാണ് ചിന്തിച്ചു പോവുക. അതിനു കാരണമുണ്ട്. ആദ്യത്തെ ക്ഷേത്രപ്രവേശന വിളംബരം നടന്നത് തിരുവിതാംകൂറിൽ ആയിരുന്നല്ലോ. കൊച്ചിയിലും മലബാറിലും ഇതേപോലെ തന്നെ പിന്നീട് 11 വർഷങ്ങൾക്ക് ശേഷമാണ് വിളംബരം ഉണ്ടായത്.

തിരുവിതാംകൂർ സർക്കാരിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും സവർണർക്ക് പുറമേ അവർണരായ നാനാ ജാതി ഹിന്ദുക്കൾക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിളംബരത്തിന്റെ തൊണ്ണൂറാം വാർഷികംമാണിന്ന്. 1936 നവംബർ 12ന് തിരുവിതാംകൂറിന്റെ അന്നത്തെയും അവസാനത്തെയുമായ മഹാരാജാവ് ശ്രീചിത്ര തിരുനാൾ ബാലരാമവർമ്മയാണ് തന്റെ ഇരുപത്തിനാലാം ജന്മദിനത്തിൽ ഈ വിളംബരം പുറപ്പെടുവിച്ചത്. അന്നത്തെ ദിവാൻ അഥവാ തിരുവിതാംകൂറിന്റെ പ്രധാനമന്ത്രി ആയിരുന്നത് സർ സി പി രാമസ്വാമി അയ്യർ. വിളംബരം എഴുതി തയ്യാറാക്കിയതാകട്ടെ മഹാകവി ഉള്ളൂർ പരമേശ്വരയ്യരും.

സര്‍ ശ്രീപത്മനാഭ വഞ്ചിപാല രാമവര്‍മ്മ കുലശേഖര കിരീടപതി മന്നെ സുല്‍ത്താന്‍ മഹാരാജരാജ രാമരാജബഹദൂര്‍ ഷംഷെര്‍ജംഗ് നൈറ്റ് ഗ്രാന്‍ഡ് കമാന്‍ഡര്‍ ഓഫ് ദ ഇന്ത്യന്‍ എമ്പയര്‍ തിരുവിതാംകൂര്‍ മഹാരാജാവ് തിരുമനസുകൊണ്ട് 1936 നവംബര്‍ 12-ാം തിയ്യതിക്കു ശരിയായ 1112 തുലാം 27-ാം തിയ്യതി പ്രസിദ്ധപ്പെടുത്തുന്ന വിളംബരം''

"നമ്മുടെ ഹിന്ദു പ്രജകളില്‍ ആര്‍ക്കും തന്നെ അവരുടെ ജനനമോ ജാതിയോ സമുദായമോ കാരണം ഹിന്ദുമതവിശ്വാസത്തിന്‍റെ ശാന്തിയും സാന്ത്വനവും നിഷേധിപ്പാന്‍ പാടില്ലെന്ന ഉത്കണ്ഠയാലും... ജനനത്താലോ മതവിശ്വാസത്താലോ ഹിന്ദുവായ യാതൊരാള്‍ക്കും നമ്മുടെയും നമ്മുടെ ഗവണ്‍മെന്‍റിന്‍റെയും നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിനോ ആരാധന നടത്തുന്നതിനോ ഇനിമേല്‍ യാതൊരു നിരോധനവും ഉണ്ടായിരിക്കാന്‍ പാടില്ലെന്നാകുന്നു.''

തിരുവിതാംകൂറിലെ ഈ വിളംബരത്തിന്റെ പ്രേരണ കൊണ്ടാകാം മലബാർ ക്ഷേത്രപ്രവേശന വിളംബരം 1947 ജൂൺ രണ്ടിനും കൊച്ചി ക്ഷേത്രപ്രവേശന വിളംബരം 1947 ഡിസംബർ 20ന് നടന്നു.
ഇങ്ങനെയൊരു വിളംബരം നടന്നത് അത്ര എളുപ്പത്തിൽ ആയിരിക്കുകയില്ല. ഇതിനുപിന്നിൽ മുകളിൽ പറഞ്ഞ രാജ്യങ്ങളിൽ ഒരുപാട് പേരുടെ കഷ്ടപ്പാടും ദുരിതവും ജീവനും വിവിധ തരം സത്യഗ്രഹങ്ങളും സമരങ്ങളും നടന്നിരുന്നു. അതിൽ പ്രധാനമായും യഥാക്രമം വൈക്കം സത്യാഗ്രഹവും ഗുരുവായൂർ സത്യാഗ്രഹവും പാലിയം സത്യാഗ്രഹവും ഇതേ മാതിരി വിളംബരം നടത്തുവാൻ അന്നാട്ടിലെ രാജഭരണാധികാരികളെ നിർബന്ധിതരാക്കി.

ഇതിനുപുറമെ, നാട്ടിൽ പള്ളിക്കൂടങ്ങൾ സ്ഥാപിക്കപ്പെട്ടതും കുട്ടികൾ അറിവിന്റെ ലോകത്തേക്ക് കടന്നുവന്നതും വഴി വിദ്യാഭ്യാസമേഖലയിലുണ്ടായ ഉണർവും മറ്റൊരു കാരണമായി എടുത്തുപറയാം.
ക്ഷേത്രപ്രവേശന വിളംബരം സ്വർണ്ണ ചട്ടക്കൂട്ടിലാക്കി കാലാന്തരത്തോളം സൂക്ഷിച്ചു വെക്കേണ്ട ഒന്നാണ്. കാരണം അതിന് പിന്നിൽ അനുഭവിച്ച ത്യാഗങ്ങൾ അത്രയ്ക്ക് ദുരിത പൂർണമായിരുന്നു.
"ആധുനികകാലത്തെ മഹാത്ഭുതം" എന്നാണ് ക്ഷേത്രപ്രവേശന വിളംബരത്തെ മഹാത്മാഗാന്ധി വിശേഷിപ്പിച്ചത്.

ക്രിസ്തുമതത്തിലേക്കുള്ള അവർണറുടെ ഒഴുക്ക് തടയാനാണ് ഇങ്ങനെയൊരു വിളംബരം നടന്നതെന്ന് ചില കോണുകളിൽ നിന്നും പ്രചരിച്ചിരുന്നു. ക്ഷേത്ര പ്രവേശനം അസാധ്യമായാൽ മതം മാറുമെന്ന് സി വി കുഞ്ഞിരാമന്റെ നേതൃത്വത്തിൽ ഒരുപറ്റം ഈഴവരുടെ ഭീഷണിയാണ് ഇതിന് നിദാനം.

അങ്ങനെ വന്നാൽ ഹിന്ദു ഭൂരിപക്ഷം നഷ്ടപ്പെടുമോ എന്ന ഭയം സവർണർക്ക് ഉണ്ടായിരുന്നു. എന്നിരുന്നാലും ഈഴവരിൽ ഒരു നല്ല സംഖ്യ ക്രിസ്തുമതത്തിലേക്ക് മതം മാറിയതായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന കാലം തുടങ്ങി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതി വരെ കേരളത്തിൽ പലവിധ നവോത്ഥാന സമരങ്ങൾക്ക്‌ വേദിയായിയിട്ടുണ്ട്. വൈക്കം സത്യാഗ്രഹം തന്നെ എല്ലാത്തിന്റെയും ആദ്യപടിയെന്ന് കണക്കാക്കാം.

ശ്രീനാരായണഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠ, അയ്യൻകാളിയുടെ വില്ലു വണ്ടി യാത്ര, മന്നത്ത് പത്മനാഭൻ വൈക്കത്ത് നിന്നും തിരുവനന്തപുരത്തേക്ക് നയിച്ച സവർണ്ണ കാൽനടജാഥ. ഇതെല്ലാംകൊണ്ടും തിരുവിതാംകൂർ രാജസദനം സമ്മർദ്ദത്തിലായിട്ടുണ്ട്.

1932 ലെ ക്ഷേത്രപ്രവേശന കമ്മിറ്റിയുടെ പഠന റിപ്പോർട്ടും ഇങ്ങനെയൊരു വിളംബരം നടത്തുന്നതിൽ സമ്മർദ്ദം ഉണ്ടായിക്കാണണം. സർ സി പി രാമസ്വാമി ആയിരുന്നല്ലോ ദിവാൻ. അദ്ദേഹത്തിന്റെ എല്ലാ കുശാഗ്ര ബുദ്ധികളും ഇതിന്റെ പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടാവും . അങ്ങനെ നിവൃത്തികെട്ട് നടത്തിയ ഒരു തീരുമാനമായേ ഈ ക്ഷേത്രപ്രവേശന വിളംബരത്തെ കാണാൻ കഴിയുകയുള്ളൂ.

ഇതേ തുടർന്ന് ക്ഷേത്രങ്ങളിൽ അവർണ്ണനും സവർണ്ണനും ഒരുപോലെ ക്ഷേത്രത്തിൽ പ്രവേശിച്ചു. ഇത് കേവലം ക്ഷേത്രപ്രവേശന വിളംബരത്തിന്റെ ചരിത്രം മാത്രം.
എന്നാൽ നമ്മുടെ നാട് അയിത്തതിനാൽ വികൃതമായിരുന്ന രൂപം ഇടയ്ക്കിടയ്ക്ക് മറിച്ചു നോക്കുന്നത് ആ പഴയ ഇരുണ്ട കാലം പുതിയ കുപ്പിയിലായി തിരിച്ചുവരാതിരിക്കാൻ നമ്മെ ജാഗ്രതയുള്ളവരാക്കും.

പരിഷ്കൃത സമൂഹമെന്ന് നാം അഹങ്കരിക്കുമ്പോഴും ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന ജീർണ്ണതകളെ തിരിച്ചറിയാതെ പോകരുത്.

മ്ലേച്ചവും നീചവും കേട്ടാൽ അറയ്ക്കുന്നതുമായ അയിത്തവും തീണ്ടലും ഉണ്ടായിരുന്ന ഒരു കാലഘട്ടത്തെ അതിജീവിച്ചാണ് ഇന്ന് നാം നിലകൊള്ളുന്നത്. അവർണ്ണർക്ക് മാറുമറയ്ക്കുവാനും മുട്ടിനു താഴെ വസ്ത്രം ധരിക്കാനും അനുവദിനീയമല്ലാഞ്ഞ കാലം, മീശ വച്ചാൽ മീശക്കരം കൊടുക്കേണ്ടിയി രുന്ന കാലം, അവർണ്ണന് പശുവിനെ കറക്കാൻ അയിത്തമുണ്ടായിരുന്ന കാലം, ജാതി ചിഹ്നം അറിയിക്കാൻ സ്ത്രീകൾ കഴുത്തിൽ കല്ലുമാലകൾ അണിഞ്ഞ കാലം.

താഴ്ന്ന ജാതിയിൽ പെട്ടവർക്ക് പാത്രത്തിൽ ഭക്ഷണം കഴിക്കാൻ അനുവാദമില്ല, മൺകുഴിയിൽ ഇലയിട്ട് അതിനുള്ളിൽ ഇട്ടു തരുന്ന കഞ്ഞി കുടിക്കണം. അങ്ങനെ സവർണരിൽ നിന്നും ഈ നാട് എന്തെല്ലാം സഹിക്കേണ്ടി വന്നു.

നമ്പൂതിരിമാരിൽ നിന്നും ഈഴവർ 36 അടി ദൂരം പാലിക്കണം, നായന്മാരും ഈഴവരും തമ്മിൽ പന്ത്രണ്ടടി ദൂരവും, ഈഴവരും പുലയരും തമ്മിൽ 12 മുതൽ 24 അടി വരെയും ദൂരം പാലിക്കണം. ഈഴവരും നായാടികളും തമ്മിൽ 36 അടി വരെയും. ചരിത്രത്തിലെ വിരോധാഭാസമെന്ന് പറയട്ടെ, മേലാളന്മാരിൽ നിന്ന് തങ്ങൾ അനുഭവിച്ച തീണ്ടലിന്റെ അതേ അകലം പുലയരിൽ നിന്ന് കർശനമായി പാലിക്കുന്നതിൽ ഈഴവർ വളരെ ശ്രദ്ധാലുക്കളായിയിരുന്നു. ജാതി കോമരങ്ങളുടെ ഈ ഉച്ചനീചത്വങ്ങൾ കണ്ടതുകൊണ്ടാണ് കേരളത്തെ ഭ്രാന്താലയം എന്ന സ്വാമി വിവേകാനന്ദൻ വിശേഷിപ്പിച്ചത്.

കഴിഞ്ഞുപോയ ഇരുണ്ട കാലങ്ങളിലെ ഉച്ചനീചത്വങ്ങളെ വീണ്ടും കുഴിച്ചെടുത്ത് പ്രതിഷ്ഠിക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങൾ ഇന്ന് നടക്കുന്നുണ്ടെന്ന് അതീവ വേദനയോടെ പറയട്ടെ. അവർ ഒരറ്റം മുതൽ വീണ്ടും തല ഉയർത്തിയിട്ടുണ്ട്. ഈ അപകടത്തെ തിരിച്ചറിയാനുള്ള വിവേകം നമുക്കുണ്ടായില്ലെങ്കിൽ, നാം നേടിയെടുത്ത നവോത്ഥാന മൂല്യങ്ങളെല്ലാം കൈവിട്ടുപോകുന്ന ദുരവസ്ഥ വീണ്ടും സംജാതമായേക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.