തെരുവിലലഞ്ഞ വിരഹ കവി എ അയ്യപ്പൻ

തെരുവിലലഞ്ഞ വിരഹ കവി എ അയ്യപ്പൻ

മുഴുകുടിയൻ എന്ന് വിളിക്കപ്പെട്ടിരുന്ന ഒരു കവി നമ്മുടെ നാട്ടിൽ ജീവിച്ചു മരിച്ചു എന്നത് എത്രപേർക്ക് അറിയാമെന്നതിൽ എനിക്ക് നല്ല ബോധ്യമില്ല. അദ്ദേഹത്തെ ഒരു പ്രാവശ്യമെങ്കിലും നേരിട്ട് കണ്ടവർക്ക് പിന്നീട് ഒരിക്കലും മറക്കുവാനും സാധിക്കില്ല. മുഷിഞ്ഞ വസ്ത്രം, മുടി ചീകാത്ത രൂപം, നാഭിയിൽ ചെറിയ മദ്യക്കുപ്പി, പോക്കറ്റിൽ ബസ് ടിക്കറ്റിൽ കുറിച്ചുവെച്ച കുഞ്ഞു കുഞ്ഞു കവിതകൾ, കടത്തിണ്ണകളിലും ഓടകളിലും ബസ് സ്റ്റാൻഡുകളിലും കിടന്നുറങ്ങുന്ന കവി. ഇതൊക്കെ മതി അദ്ദേഹത്തിന്റെ രൂപം വർണ്ണിക്കുവാൻ.

അയ്യപ്പനെ ആധുനിക കവിയായി മുദ്ര കുത്തുമ്പോൾ കോമാളി, താന്തോന്നി എന്ന പേരുകളിലും വിളിക്കപ്പെട്ടു. പൊതുവേ പറഞ്ഞാൽ ജീവിതം മുഴുവൻ അയ്യപ്പൻ കലഹിച്ച് ജീവിക്കുകയായിരുന്നു.

ജീവിതത്തിൽ കുട്ടിക്കാലം മുതൽ നിറഞ്ഞ അരാജകത്വത്തിലൂടെ ജീവിച്ചു പോയ പച്ചയായ മനുഷ്യൻ. ഉള്ളിൽ കത്തുന്ന കനൽക്കാറ്റുമായി മദ്യത്തിലും എഴുത്തിലും മാത്രമായി ജീവിതം ഹോമിച്ച കവി. വിവാഹം ചെയ്തിട്ടില്ല പക്ഷേ പ്രണയം, പൊള്ളുന്ന പ്രണയം എന്നും അദ്ദേഹം സ്വന്തം കരളിനോട് ചേർത്തുവച്ചിരുന്നു. അതുകൊണ്ടാണോ മദ്യത്തിന്റെ നുരഞ്ഞ പതകൾ കൊണ്ടാണോ എന്തോ അദ്ദേഹത്തിന്റെ കരൾ അലിഞ്ഞലിഞ്ഞില്ലാതെ നഷ്ടപ്പെട്ടു പോകുകയായിരുന്നു. അയ്യപ്പന്റെ തൂലികയിൽ കൂടി തന്നെ അത് പറഞ്ഞാൽ ' കരളു പങ്കിടാൻ വയ്യെന്റെ പ്രണയമേ പകുതിയും കൊണ്ടുപോയി ലഹരിയുടെ പക്ഷികൾ'.

പൊതുവേ തെരുവിൽ ഉണ്ടും ഉണ്ണാതെയും മദ്യത്തിൽ മാത്രം ലഹരി കണ്ട അയ്യപ്പന് യൗവനത്തിൽ തകർന്നുപോയ ഏതെങ്കിലും പ്രണയം ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. എന്നാൽ അദ്ദേഹത്തിന്റെ കവിതകൾ സ്വാംശീകരിക്കുമ്പോൾ അങ്ങനെയൊരു ബലമായ സംശയം ഉണ്ടാവുന്നുണ്ടുതാനും.

ഡോക്യുമെന്ററി നിർമ്മാതാവ് ഓഡേസാ സത്യന്റെ ഭാര്യ ജെന്നി എന്ന കോളേജ് അധ്യാപികയായ ജെന്നിഫറിനോട് അയ്യപ്പന് പ്രണയമുണ്ടായിരുന്നു. ഇത് സത്യനുമറിയാം. തന്റെ ഭാര്യയോടുള്ള അയ്യപ്പന്റെ പ്രണയം സത്യൻ ആത്മസംയമനത്തോടെയാണ് സമീപിച്ചത്. അതിന്റെ പേരിൽ മൂവർക്കുമിടയിൽ ഒരു ഭിന്നതയുമുണ്ടായില്ലെന്ന് മാത്രമല്ല അസാധാരണമായ ആ ബന്ധം അവർ കാത്തുസൂക്ഷിച്ചു.

ജെന്നി പക്ഷേ അയ്യപ്പന്റെ കവിതകളെ മാത്രമേ ഇഷ്ടപ്പെട്ടിരുന്നുള്ളൂ. അയ്യപ്പന്റെ ആരാധികയായിരുന്നു ജെന്നി. സത്യന്റെ വീട്ടിൽ താമസിച്ചാണ് ഡോക്യുമെന്ററി നിർമ്മിച്ചത്. ഈ മൂവർക്കുമിടയിലെ സത്യസന്ധമായ പ്രണയത്തെ ആസ്പദമാക്കി സംവിധായകൻ സുധി നാരായണൻ നിർമ്മിച്ച ഡോക്യുമെന്ററി ഫീച്ചറാണ് "ലൈവ് ലെസ് ഓർഡിനറി". ഇത് മികച്ച ഡോക്യുമെന്ററിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡിന് അർഹമായിട്ടുണ്ട്.

ഓഡേസാ സത്യൻ അയ്യപ്പന്റെ ജീവിതവുമായി ബന്ധപ്പെട്ട് രണ്ട് ഡോക്യുമെന്ററികൾ നിർമ്മിച്ചിട്ടുണ്ട്. "ഇത്രയും യാത്രാഭാഗം", " ബലിക്കുറിപ്പ്". ബലിക്കുറുപ്പിന് കേരള സംഗീതം നാടക അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്. അയ്യപ്പനെ വീട്ടിൽ പാർപ്പിച്ചാണ് സത്യൻ അയ്യപ്പന്റെ ചലച്ചിത്രം നിർമ്മിച്ചത്. അയ്യപ്പനും സത്യനും തമ്മിൽ അത്രയ്ക്ക് അടുത്ത സുഹൃത്തുക്കളുമായിരുന്നു.

അയ്യപ്പന്റെ വാക്കുകളിൽ പ്രണയത്തെപ്പറ്റി ഇങ്ങനെ പറയുന്നു " മറ്റൊരു പ്രണയത്തെ കണ്ടെത്താനല്ല എന്റെ യാത്ര, മറ്റൊരു യാത്രയിൽ നിന്നും എന്ത് കണ്ടെത്തും എന്നുള്ളതായിരുന്നു. ഞാൻ പ്രേമത്തെയും കലാപത്തെയും ഒന്നുപോലെ സ്നേഹിച്ചവനാ. പ്രേമം പരാജയപ്പെട്ടു, കലാപം തുടരുകയാണ്. ഈ കലാപം എവിടെ ചെന്ന് അവസാനിക്കുമെന്ന് എനിക്ക്‌ പറയാൻ പറ്റില്ല. എന്റെ പ്രേമത്തെക്കാളും ഞാൻ വളരെ അടുത്ത് വാരിപ്പുണർന്ന ഒരു പ്രണയമാണ് കമ്മ്യൂണിസം".

മദ്യലഹരിയിൽ അല്ലാതെ അയ്യപ്പനെ ആരും കണ്ടിട്ടുണ്ടാവില്ല. അത് രാത്രി ആകട്ടെ പകൽ ആകട്ടെ, മദ്യം ഒഴിച്ചുകൂടാൻ ആവാത്ത ഒരു അവസ്ഥയിൽ ആയിപ്പോയി. ഒരുപറ്റം കൂട്ടുകാരും ഇക്കാര്യത്തിൽ അയ്യപ്പന് ഒപ്പം ഉണ്ടാവും. കൂട്ടുകാർ അയ്യപ്പന് ഒരു ബലഹീനതയുമാണ്. സിനിമയിൽ നിന്നും അയ്യപ്പന് നല്ല സുഹൃത്ത് വലയം ഉണ്ടായിരുന്നു. മൺമറഞ്ഞുപോയ പ്രശസ്ത സിനിമാ സംവിധായകരായ ജോൺ എബ്രഹാം, ജി അരവിന്ദൻ ഒക്കെ ആക്കൂട്ടത്തിൽ പെടും.

ഒരിക്കൽ ഒരു ഇന്റർവ്യൂവിൽ അയ്യപ്പനോട് ചോദിച്ചു "മദ്യം ഇല്ലാതെ താങ്കൾ ഒരു വരിയെങ്കിലും എഴുതിയിട്ടുണ്ടോ". അയ്യപ്പന്റെ മറുപടി പെട്ടെന്ന് വന്നു "പക്ഷേ എഴുതിയ വരികളിൽ എന്തെങ്കിലും കുറ്റം കണ്ടിട്ടുണ്ടോ". അതാണ് അയ്യപ്പൻ.
സാധാരണ പോലെ തന്നെ ഒരു ദിവസം തമ്പാനൂരിൽ വഴിയിൽ ബോധം കെട്ടു കിടന്ന അയ്യപ്പനെ പോലീസുകാർക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. അവർ അദ്ദേഹത്തെ പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചു. ഏതെങ്കിലും മേൽവിലാസം കിട്ടുമോ എന്ന് പരതിയപ്പോൾ ഷർട്ടിന്റെ കൈമടക്കിൽ നിന്നും കണ്ടെടുത്ത 'പല്ല്' എന്ന ചെറു കവിത മൂലമാണ് അയ്യപ്പനെ തിരിച്ചറിയുവാൻ കഴിഞ്ഞത്.

അയ്യപ്പന് ഒരു വയസ്സായപ്പോൾ അച്ഛനും 15 വയസ്സായപ്പോൾ അമ്മയും ആത്മഹത്യ ചെയ്യുകയായിരുന്നു. മൂത്ത സഹോദരിയാണ് പിന്നീട് അയ്യപ്പന്റെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തുണയായത്. നിരവധി കവിതകൾ എഴുതിയിട്ടുള്ള അയ്യപ്പന്റെ അവസാനത്തെ കവിതയായിരുന്നു പല്ല്.

എഴുതുവാൻ അറിഞ്ഞു തുടങ്ങിയപ്പോൾ തന്നെ അയ്യപ്പൻ കവിതയെഴുത്ത് തുടങ്ങി. വടിവൊത്ത രൂപത്തിൽ അക്ഷരങ്ങൾ ചേർത്തുവച്ച് കവിത എഴുതി. തന്റെ സ്വന്തം കവിതകളെപ്പറ്റി ഒരിക്കൽ അദ്ദേഹം ഇങ്ങനെ ഒരു കവിത കുറിച്ചു:
"ഞാൻ കാട്ടിലും കടലോരത്തുമിരുന്നു കവിതയെഴുതുന്നു. സ്വന്തമായൊരു മുറിയില്ലാത്തവൻ. എന്റെ കാട്ടാറിന്റെ അടുത്തു വന്നു നിന്നവർക്കും ശത്രുവിനും സഖാവിനും സമകാലീന ദുഃഖിതർക്കും ഞാനിതു  പങ്കുവയ്ക്കുന്നു."
ഹതഭാഗ്യവാനായ ഉണ്ണി അയ്യപ്പന് പ്രായം കഷ്ടിച്ച് ഒരു വയസ്സ്, പിച്ച വെക്കുന്ന കാലം, അമ്മയുടെ മടിത്തട്ടിലെ ചൂടറിഞ്ഞു തുടങ്ങും മുൻപ്, ആ സ്നേഹതീരം സ്വയം ഒടുങ്ങിത്തീർന്നു. അമ്മയുടെ ആത്മഹത്യ അവശേഷിപ്പിച്ചത് ശൂന്യമായൊരു തൊട്ടിലും തീരാത്ത വിരഹവുമായിരുന്നു.

അമ്മയില്ലാത്ത ലോകത്ത് തണലാകേണ്ടിയിരുന്ന അച്ഛനും കുട്ടിയായ അയ്യപ്പനെ കൈവിട്ടു പോയി. എഴുതിത്തുടങ്ങിയ ആ കൗമാരകാലത്ത്, ജീവിതത്തിന്റെ ഭാരങ്ങൾ താങ്ങാനാവാതെ അച്ഛനും മരണത്തിന്റെ കയത്തിലേക്ക് എടുത്തുചാടി. പിന്നീട് കുട്ടിയെ കൈപിടിച്ച് നടത്തിയത് മൂത്ത സഹോദരി. എങ്കിലും അമ്മയ്ക്ക് പകരം വയ്ക്കാൻ അമ്മയല്ലേ ഉള്ളൂ.
മാതാപിതാക്കളുടെ ഈ കടുംകൈകൾ അയ്യപ്പനെ കടുത്ത നിരാശയിലും വിഷാദത്തിലും എത്തിച്ചു.

ഒടുവിൽ, ഉള്ളിലെ എരിയുന്ന വേദനകളെയും ഏകാന്തതയെയും മറക്കാൻ അഭയം കണ്ടെത്തിയത് മദ്യത്തിൽ. ലഹരിയുടെ ആ ഇരുണ്ട ചുഴികളിലേക്ക് അയ്യപ്പൻ പതുക്കെ ആണ്ടുപോയി. തകർന്ന സ്വപ്നങ്ങളുടെയും പ്രണയങ്ങളുടെയും കനൽ നിറഞ്ഞ ഓർമ്മകളുടെയും ചാരത്തിൽ ഇരുന്ന്, അയ്യപ്പൻ തന്റെ നഷ്ടപ്പെട്ട ജീവിതത്തെ ലഹരിയുടെ കയ്പുകുടിച്ച് തീർക്കുകയായിരുന്നു

എണ്ണമറ്റ കവിതകൾ എഴുതിയ അയ്യപ്പന്റെ ഏതാനും രചനകൾ താഴെ കുറിക്കട്ടെ.
"എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്'.
" കാത്തിരിപ്പിന്റെ നോവ്'
" പ്രണയത്തിന്റെ ആഴം"
" പുനർജന്മത്തിലെ പ്രണയം"
" നഷ്ട പ്രണയത്തിന്റെ തീവ്രത"
" വെയിൽ തിന്നുന്ന പക്ഷി (കവിതാ സമാഹാരം)

1949 ഒക്ടോബർ 27 ന് അറുമുഖനും മൂത്തമ്മാളിനുമായി തിരുവനന്തപുരത്തിനടുത്ത് ബാലരാമപുരത്ത് അയ്യപ്പൻ പിറന്നു. ഉണ്ണാനോ ഉടുക്കാനോ തികയാതെ നഷ്ട സ്വപ്നങ്ങൾ നെഞ്ചിൽ ബാക്കിവെച്ച് എല്ലാവരോടും പകയെന്ന പോലെ 61 വർഷം ഈ ഭൂമിയിൽ കഴിച്ചുകൂട്ടി 2010 ഒക്ടോബർ 21ന് തിരുവനന്തപുരം തൈക്കാട് മണ്ണിലും വായൂവിലുമായി അയ്യപ്പൻ അലിഞ്ഞു ചേർന്നു.

മദ്യപാനി എന്ന ചാപ്പ കുത്തി മുദ്രവെച്ച് അയ്യപ്പനെ പൂട്ടിക്കെട്ടുവാൻ വരട്ടെ, കേരള സാഹിത്യ അക്കാദമി അവാർഡ്, ആശാൻ കവിത പുരസ്കാരം തുടങ്ങി നിരവധി അവാർഡുകൾ അയ്യപ്പനെ തേടിയെത്തിയിട്ടുണ്ട്. അക്ഷരം എന്ന മാഗസിന്റെ പത്രാധിപരായും രണ്ടായിരത്തോളം കവിതകളുടെ രചയിതാവുമായി അയ്യപ്പൻ തെരുവ് വാണിരുന്നു .
ഇനിയൊരു ജന്മം കൂടി കിട്ടിയാൽ സുബോധത്തോടെ എഴുതുവാൻ അയ്യപ്പന് കഴിയുമാറാകട്ടെ.

(ജേക്കബ് ജോസഫ് കറുകയിൽ)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.