വയലാറിനെ അറിയാത്ത മലയാളികൾ ഉണ്ടാവുമോ ?. ഉണ്ടാവില്ല. വയലാർ എന്ന നാമം പ്രശസ്തി നേടിയത് രണ്ടു കാര്യത്തിലാണ്. ഒന്ന് പുന്നപ്ര വയലാർ സംഭവം, മറ്റൊന്ന് കവിയും ഗാനരചയിതാവുമായ വയലാർ രാമവർമ്മയുടെ നാടും. പൊതുവായി രണ്ടു കാര്യത്തിലും കമ്മ്യൂണിസ്റ്റിന് നല്ല ബന്ധം.
രാഘവപ്പറമ്പിൽ രാമവർമ്മ തിരുമുല്പാട് വയലാർ രാമവർമ്മ ആയതെങ്ങനെയെന്നോ. വയലാറിന്റെ കുടുംബം കണ്ടത്തിൽ കോവിലകമാണ്. സംഗീതജ്ഞനും കവിയുമായ ഇരയിമ്മൻ തമ്പിയുടെ പിതാവ് ചേർത്തല വാരനാട് നടുവിലേൽ കോവിലകത്തെ കേരളവർമ്മ.
അക്ഷരങ്ങളുടെയും വാക്കുകളുടെയും സംഗീതത്തിന്റെയും മൂലകുടുംബമാണ് വയലാറിന്റേത്. വയലാറിന്റെ നാല് തലമുറയ്ക്ക് മുമ്പുള്ള രാമവർമ്മ തിരുമുൽപാട് എന്നയാളാണ് രാമായണം ആദ്യമായി മലയാളത്തിലേക്ക് ഗദ്യ രൂപത്തിൽ വിവർത്തനം ചെയ്തത്. അങ്ങനെ രാമനെ അഥവാ രാഘവനെ കുടിയിരുത്തിയ പറമ്പാണ് വയലാറിന്റെ വീട്ടുപേരായ രാഘവപ്പറമ്പ്. രാഘവപ്പറമ്പിൽ രാമവർമ്മ തിരുമുൽപ്പാടായാണ് വയലാർ ജനിച്ചത്.
വയലാറിന് രണ്ടര വയസ്സ് പ്രായമായപ്പോൾ അച്ഛൻ മരിച്ചു. മരുമക്കത്തായ സമ്പ്രദായം നിലനിന്നിരുന്നതിനാൽ പിന്നീട് അമ്മാവന്റെ കാര്യസ്ഥതയിൽ ആയിരുന്നു ആ വീട് കഴിഞ്ഞു പോയിരുന്നത്. അങ്ങനെ വലിയ വീട്ടിലെ ഒരു ഭാഗത്ത് ഒതുങ്ങിക്കൂടിയിരുന്ന കാലം. നാലു മുണ്ടും നാലു തോർത്തും നാലു പുടവയും ആയിരുന്നു ഒരു വർഷം അമ്മാവൻ കൊടുത്തിരുന്നത്. പുടവയിൽ നിന്നും ഒരു ഭാഗം മുറിച്ചെടുത്താണ് കൊച്ചു രാമവർമ്മയ്ക്ക് ഉടുപ്പ് തൈയ്പ്പിക്കുന്നത്. രാമവർമ്മയ്ക്കും അമ്മയ്ക്കും അമ്മാവനും കൂടി തുല്യമായ ഉണ്ടായിരുന്ന സമ്പത്ത് പക്ഷേ അമ്മാവന്റെ കാര്യസ്ഥതയിൽ അകപ്പെട്ടു പോയതിന്റെ ദുഃഖവും അതൃപ്തിയും അവിടെ പുകയുന്നുണ്ടായിരുന്നു.
അമ്മ തന്നെ അക്ഷരങ്ങൾ പഠിപ്പിച്ചതിനു ശേഷം സ്കൂളിൽ ചേർക്കുവാൻ ചെന്നപ്പോൾ കുട്ടിക്ക് എന്തെങ്കിലും അറിവുണ്ടോ എന്ന് പരിശോധിക്കാൻ ഒരു വാക്ക് എഴുതുവാൻ കൊച്ചു രാമവർമ്മയോട് ആവശ്യപ്പെട്ടു. സാധാരണഗതിയിൽ അമ്മ, അച്ഛൻ, അരി എന്നൊക്കെ എഴുതുമെന്ന് കരുതിയെങ്കിലും എല്ലാവരെയും വിസ്മയിപ്പിച്ചുകൊണ്ട് 'വസന്തം' എന്നായിരുന്നു കുട്ടി എഴുതിയത്. അങ്ങനെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി ഉപരിപഠനത്തിനായി ഇംഗ്ലീഷ് സ്കൂളിലേക്ക് പോകണമെന്നായിരുന്നു കൊച്ചു രാമവർമ്മയുടെ ആഗ്രഹം.
എന്നാൽ സംസ്കൃതം പഠിക്കാൻ പോകട്ടെ എന്നായി അമ്മാവന്റെ പക്ഷം. ചെക്കൻ സംസ്കൃത വിദ്വാനാകാനുള്ള ആഗ്രഹമായിരുന്നില്ല അതിനു പിന്നിലുള്ള കാരണം, പിന്നെയോ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് പണച്ചെലവ് കൂടുതലായിരുന്നു. ഇങ്ങനെയൊരു തീരുമാനത്തിന് പ്രേരിപ്പിച്ചത് അമ്മാവിയാണെന്നും പറയപ്പെടുന്നു. അതേസമയം അമ്മാവന്റെ രണ്ടു കുട്ടികൾ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പഠിച്ചത്.
മാനസികമായി തളർത്തിയെങ്കിലും അമ്മാവൻ പറയുന്നതിൽ അപ്പുറം ഇല്ലെന്നു മനസ്സിലാക്കി തൈക്കാട്ടുശ്ശേരിയിൽ സംസ്കൃതം പഠിക്കാൻ തന്നെ കൊച്ചു രാമവർമ്മയ്ക്ക് പോകേണ്ടിവന്നു. പഠന സമയം കൂടുതലില്ലല്ലോ, ഗുരുകുല വിദ്യാഭ്യാസം പോലെയാണ്. പഠനത്തിന് കൃത്യസമയമൊന്നുമില്ല.
പഠന വേളയിൽ ഒരു ദിവസം കാളിദാസന്റെ മേഘസന്ദേശം പഠിപ്പിച്ചപ്പോൾ കൊച്ചു രാമവർമ്മയ്ക്ക് ഒരു സംശയം കൈലാസം എങ്ങനെയിരിക്കും. തൈക്കാട്ടുശ്ശേരി മനയിലെ ഗുരുവിന് ഈ ചോദ്യം അപ്രതീക്ഷിതമായിരുന്നു, അതുകൊണ്ടുതന്നെ എന്ത് ഉത്തരം പറയണമെന്നചിന്താക്കുഴപ്പത്തിലായി. അവസാനം ആകാശത്തെ വെളുത്ത മേഘങ്ങളെ ചൂണ്ടിക്കാട്ടിപ്പറഞ്ഞു ഇതുപോലെ ഇരിക്കും കൈലാസമെന്ന്. എന്നെ കവിയാക്കിയ ആദ്യ സന്ദർഭമാണിതെന്ന് പിന്നീട് വയലാർ പറയുകയുണ്ടായി.
ഒരു കാര്യം സത്യമാണെന്ന് പിന്നീട് തെളിഞ്ഞു. അമ്മാവൻ സംസ്കൃതം പഠിക്കുവാൻ വിട്ടതും അതുവഴി കാളിദാസനെപ്പറ്റിയും അദ്ദേഹത്തിന്റെ കൃതികളും കൂടുതൽ പഠിച്ചതും വയലാറിന് ഒരുപാട് അനുഗ്രഹമായി. കാളിദാസ കൃതിയിലെ സംസ്കൃത സാഹിത്യം പിൽക്കാലത്ത് വയലാറിന്റെ കവിതകളിലും ചലച്ചിത്ര ഗാനങ്ങളിലും ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ട്. കാളിദാസന്റെ പേര് പരാമർശിച്ചുകൊണ്ട് തന്നെ വയലാർ ചലച്ചിത്ര ഗാനങ്ങൾ എഴുതിയിട്ടുണ്ട്. " ഉജ്ജയിനിയിലെ ഗായിക ഉർവശി എന്ന മാളവിക ശില്പികൾ തീർത്ത കാളിദാസന്റെ .. " അതോടൊപ്പം ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥയും വയലാറിന്റെ ചലച്ചിത്ര ഗാനങ്ങളിൽ പ്രതിധ്വനിച്ചിട്ടുണ്ട്. എല്ലാം ഒരു നിമിത്തമായി കരുതാം.
അതേസമയം അമ്മാവൻ ഇല്ലാഞ്ഞ സമയത്ത് അടുത്ത ബന്ധത്തിൽപ്പെട്ട മറ്റൊരമ്മാവൻ വീട്ടിൽ വരികയും പയ്യന്റെ പഠിത്തത്തെ പറ്റി അന്വേഷിച്ചു മനസ്സിലാക്കുകയും ചെയ്തു. വല്യമ്മയോട് സംസാരിച്ച് കൊച്ചു രാമവർമ്മയെ ചേർത്തല ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിക്കാൻ ചേർത്തു. ചേർത്തല സ്കൂളിൽ നടന്ന കവിതാരചന മത്സരത്തിൽ രാമവർമ്മ പങ്കെടുക്കുകയും 'കോളുകൊണ്ട വേമ്പനാട്ടുകായൽ' എന്ന കവിത രചിക്കുകയും രണ്ടാം സ്ഥാനത്തിന് അർഹനാവുകയും ചെയ്തു. കൊച്ചു രാമവർമ്മയ്ക്ക് കിട്ടുന്ന ആദ്യത്തെ അംഗീകാരം.
ഈ ആത്മവിശ്വാസത്തിൽ രാമവർമ്മ നിരന്തരം കവിതകൾ എഴുതിക്കൊണ്ടിരുന്നു. എട്ടാം ക്ലാസോടെയോ അതോ ഒമ്പതാം ക്ലാസോടെയോ അദ്ദേഹത്തിന്റെ ഔദ്യോഗിക വിദ്യാഭ്യാസം പൂർത്തിയായി. പഠനം നിർത്തിയതിന് പ്രധാനധ്യാപകന്റെ ശകാരം കേൾക്കേണ്ടിവന്ന രാമവർമ്മയെ പിന്നീട് അതേ സ്കൂളിലെ പ്രധാന അധ്യാപകന്റെ നേതൃത്വത്തിൽ സ്വീകരണം കൊടുത്തത് കൗതുകകരമായ ഒരു അനുഭവമായിരുന്നു. 'നീയൊരു ക്ഷത്രിയൻ ആണോടാ' എന്ന് ദേഷ്യത്തോടെ അന്ന് ചോദിച്ച പ്രധാന അധ്യാപകൻ സ്വീകരണ വേളയിൽ ' ഇരിക്കൂ തിരുമേനി' എന്നു പറഞ്ഞത് കാലത്തിന്റെ കാവ്യനീതി. പക്ഷേ മുൻ വിദ്യാർഥിയുടെ മറുപടി ഞാൻ അന്ന് പോയത് കൊണ്ടാണ് വയലാർ ആയത് എന്നായിരുന്നു.
വടക്കംകൂർ രാജാവ് രാജരാജവർമ്മ ഏറ്റുമാനൂർ സന്ദർശന വേളയിലാണ് വയലാർ കവിതകളുടെ മറ്റൊരു വഴിത്തിരിവ്. വയലാറിന്റെ സംസ്കൃതത്തിലും കവിതയിലുമുള്ള അഭിരുചി മനസ്സിലാക്കിയ രാജാവ് കോട്ടയത്തുനിന്നും പ്രസിദ്ധീകരിക്കുന്ന ചക്രവാളം എന്ന മാഗസിനിൽ രാമവർമ്മയുടെ ഒരു കവിത പ്രസിദ്ധീകരിക്കാൻ തരപ്പെടുത്തി കൊടുത്തു. അങ്ങനെ രാമവർമ്മ തിരുമുൽ പാട് എന്ന പേര് വെച്ച് ശുക്രനക്ഷത്രം എന്ന കവിത അച്ചടിച്ചിറങ്ങി.
അപ്പോഴത്തേക്കും ഇടതുപക്ഷ സോഷ്യലിസ്റ്റ് ചിന്താഗതി അദ്ദേഹത്തിന്റെ മനസ്സിൽ രൂപപ്പെട്ടു കഴിഞ്ഞു. നേതാജി സുഭാഷ് ചന്ദ്ര ബോസ്, പുന്നപ്ര വയലാർ സംഭവം എല്ലാം ഇടതുപക്ഷ ചിന്താഗതിക്ക് വയലാറിനെ സ്വാധീനിച്ചിട്ടുണ്ട്. കവിതയുടെ ആശയം മനസ്സിലാക്കിയ കമ്യൂണിസ്റ്റുകാർ രാമവർമ്മയെ പാർട്ടിക്കൊരു മുതൽക്കൂട്ടാകുമെന്ന ബോധ്യത്തിൽ തങ്ങളുടെ കൂടെ നിർത്തുവാൻ സി കെ ചന്ദ്രപ്പൻ എന്ന കമ്മ്യൂണിസ്റ്റുകാരന്റെ അച്ഛനും വയലാർ സ്റ്റാലിൻ എന്നറിയപ്പെടുകയും ചെയ്ത സി കെ കുമാരപ്പണിക്കറിനെ ഒരു എഴുത്തുമായി വയലാറിന്റെ വീട്ടിലേക്ക് അയച്ചിരുന്നു.
ഇതിനോടകം അമ്മാവന്റെ ഭാര്യയും അമ്മാവനും മരിച്ചു പോയിരുന്നു. വിസ്തൃതമായ പറമ്പും മറ്റും ഉണ്ടായിരുന്നെങ്കിലും നിത്യ വരുമാനത്തിനു മാർഗം ഇല്ലാതെ രാമവർമ്മയെ കുഴക്കി. അപ്പോഴാണ് തുറവൂരുള്ള മാധവ പൈ, രാമവർമ്മയുടെ പാദമുദ്ര എന്ന പേരിൽ കുറേ കവിതകൾ ഉൾപ്പെടുത്തി പുസ്തകം പ്രസിദ്ധീകരിക്കാൻ തയ്യാറായത്. ജി രാമവർമ്മ തിരുമുൽപ്പാട് എന്ന പേര് വെച്ച് എഴുതിയ കാവ്യസമാഹാരം. ഒന്നാം പതിപ്പ് അമ്പേ പരാജയമായിരുന്നു, വിറ്റു പോയില്ല.
എന്നാൽ പുന്നപ്ര വയലാർ വെടിവെപ്പിന് ശേഷമുള്ള നാട്ടിലെ അന്തരീക്ഷം മനസ്സിലാക്കി മാധവ പൈ ഒരു പൊടിക്കൈ കാണിച്ചു. പുസ്തകത്തിൽ രാമവർമ തിരുമുൽപാട് എന്ന പേരുമാറ്റി വയലാർ രാമവർമ്മ എന്ന പേരിൽ രണ്ടാം പതിപ്പ് പ്രസിദ്ധീകരിച്ചു. ചൂടപ്പം പോലെ വിറ്റുപോയ പുസ്തകം സാമ്പത്തികമായി വൻ വിജയമായി.
സിനിമയേക്കാൾ നാടകത്തിന് പ്രാധാന്യം ഉണ്ടായിരുന്ന കാലമായതിനാൽ നാടകഗാനം എഴുതാൻ അദ്ദേഹത്തെ പലരും വിളിക്കുകയുണ്ടായി, എന്നാൽ കെപിഎസി ക്ക് വേണ്ടി നാടകം എഴുതണമെന്നുള്ള ആഗ്രഹം വയലാറിൽ നിലകൊണ്ടു. അതും സാധിച്ചു. പറവൂർ ദേവരാജൻ എന്ന ദേവരാജൻ മാസ്റ്ററുമായി ചേർന്ന് ബലികുടീരങ്ങളേ... എന്നാ നാടക ഗാനം കെപിഎസിക്ക് വേണ്ടി വയലാർ രചിച്ചു, ആ പാട്ട് പിന്നീട് കെപിഎസിയുടെ എല്ലാ നാടകങ്ങളിലും പാടുകയും ചെയ്തിരുന്നു.
പാമ്പുകൾക്ക് മാളമുണ്ട്...... ചക്കരപ്പന്തലിൽ..തുടങ്ങി ഒരിക്കലും മരിക്കാത്ത നാടക ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. തുടർന്നാണ് വയലാറിന് സിനിമയിൽ പാട്ട് എഴുതണമെന്ന് മോഹം കിളിർത്തത്. അത് വളരെ കൗതുകകരമായ ഒരു സംഭവമായിരുന്നു.
ചേർത്തലയിലുള്ള ഒരു പ്രമുഖ മലഞ്ചരക്ക് വ്യാപാരിയുടെ ശുപാർശ കത്തുമായി കൂട്ടുകാരനുമൊത്ത് ഉദയാ സ്റ്റുഡിയോയിലെ കുഞ്ചാക്കോയെ കാണുവാൻ ആലപ്പുഴയ്ക്ക് പോയി. കുഞ്ചാക്കോയെ കണ്ട് വിവരം ബോധിപ്പിച്ചപ്പോൾ കൊണ്ടുവന്ന കത്ത് തുറക്കാതെ പോലും അദ്ദേഹം വയലാറിനെ ആക്ഷേപിച്ചു പുറത്താക്കി. ആശ്വസിപ്പിക്കാൻ ഉദയാ സ്റ്റുഡിയോയുടെ പരിസരത്തു വീണു കിടക്കുന്ന കശുവണ്ടി പെറുക്കി കൊണ്ടുവന്നാൽ കാശു തരാമെന്ന് പറയുകയായിരുന്നു. കാലത്തിന്റെ കാവ്യനീതി എന്ന് പറയട്ടെ, ഉദയായുടെ പിന്നീടുള്ള പടങ്ങളിൽ എല്ലാം വയലാറിന്റെ എത്ര മനോഹരമായ ഗാനങ്ങൾ മലയാളികൾ കേട്ട് ആസ്വദിച്ചു.
223 സിനിമകൾക്ക് വേണ്ടി രണ്ടായിരത്തോളം ഗാനങ്ങൾ രചിച്ചുവെങ്കിൽ, അതിൽ തോണ്ണൂറോളം ചിത്രങ്ങൾക്കും ഈണം പകർന്നത് ദേവരാജൻ മാസ്റ്ററാണ്.
ഗാനങ്ങളിൽ അന്ന് സാഹിത്യത്തിനായിരുന്നു പ്രാധാന്യമെങ്കിൽ ഇന്ന് ഈണത്തിനാണ് മുൻതൂക്കം. ഇന്ന് ഈണം പറഞ്ഞുകൊടുത്ത് അതിനു അനുസൃതമായാണല്ലോ ഗാനം നിർമ്മിക്കുന്നത്. ബലികുടീരങ്ങളേ .... മനുഷ്യപുത്രന് തലചായ്ക്കാൻ മണ്ണിലിടമില്ല.. അതേ തുടർന്നാണ് ഗൗരിയമ്മയും കൂട്ടരും ഭൂപരിഷ്കരണത്തെ പറ്റി ചിന്തിച്ചു തുടങ്ങിയതെന്നും പറയപ്പെടുന്നു.
എനിക്ക് മരണമില്ല, പാദമുദ്രകള്, കൊന്തയും പൂണൂലും, രാവണപുത്രി, അശ്വമേധം, ആത്മാവിൽ ഒരു ചിത, വൃക്ഷം, 'സത്യത്തിന് എത്ര വയസ്സായി ഇവയെല്ലാം വയലാറിന്റെ പ്രശസ്ത കവിതകളാണ്. സർഗ്ഗ സംഗീതം എന്ന കവിതാ സമാഹാരത്തിനാണ് കേന്ദ്രസഹാ സാഹിത്യ അവാർഡ് കിട്ടിയതെങ്കിൽ പാദ മുദ്രകളാണ് ആദ്യത്തെ അച്ചടിച്ചു വന്ന കവിതാ സമാഹാരം. ഇവ കൂടാതെയും നിരവധി കവിത സമാഹാരങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
സർഗസംഗീതം എന്ന കവിതയിൽ വയലാർ കുറിച്ചിട്ടതിങ്ങനെ.
"മണ്ണിൽ മനുഷ്യനായ് ജീവിച്ചു തീർക്കുവാൻ-
മറ്റൊരു ജന്മം ലഭിക്കുമെങ്കിൽ,
അന്നു നിൻ കാൽക്കലെൻ കരളിലെ ചോരയാൽ
അർച്ചന ചെയ്യാം അനുരഞ്ജിതേ...
കവിതകളുടെ കൂട്ടത്തിൽ അദ്ദേഹത്തിന്റെ 'മാനിഷാദ' എന്ന കവിതയെപ്പറ്റിയും പറയാതെ കടന്നുപോകാൻ വയ്യ.
"സ്നേഹിക്കയില്ല ഞാന് നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും.
മാനിക്കയില്ല ഞാന് മാനവമൂല്യങ്ങള്
മാനിച്ചിടാത്തൊരു നീതിശാസ്ത്രത്തെയും.
രാമായണത്തിലെ 'മാ' 'നിഷാദ' യെ അടിസ്ഥാനമാക്കി രചിച്ച കവിതയാണിത്. മനുഷ്യനായിരുന്നു, മനുഷ്യത്വം ആയിരുന്നു വയലാറിന് വലിയ കാര്യം. മനുഷ്യന്റെ ക്ലേശങ്ങളോട് സഹാനുഭൂതി കാണിക്കാത്ത ഒരു തത്വശാസ്ത്രങ്ങളെയും മാനിക്കുകയില്ല. കഷ്ടതകൾ അനുഭവിക്കുന്ന മനുഷ്യരെ സ്നേഹിക്കുക എന്നത് മാത്രമാണ് ഏറ്റവും ശ്രേഷ്ഠമായ കാര്യമെന്ന് കവി പ്രഖ്യാപിക്കുകയാണ്.
കവിതകളും നാടകഗാനങ്ങളും ചലച്ചിത്ര ഗാനങ്ങളും എല്ലാം കൂടി തൂക്കിയാൽ ചലച്ചിത്ര ഗാനങ്ങളുടെ തട്ടായിരിക്കും താണു കിടക്കുക. ചലച്ചിത്ര ഗാന രചയിതാവായേ അദ്ദേഹത്തിനെ ആരും ആദ്യം ഓർക്കുകയുള്ളൂ. ഗാനരചയിതാക്കളിലെ ഏറ്റവും നല്ല കവി എന്ന് വയലാറിനെ വിശേഷിപ്പിക്കുമ്പോഴും അദ്ദേഹത്തിന്റെ കവിതയ്ക്കും മുകളിലായി ചലച്ചിത്ര ഗാനങ്ങൾ സ്ഥാനം പിടിച്ചു. എന്ന് മാത്രമല്ല വയലാറിന്റെ ഗാനങ്ങൾക്ക് ഒരിക്കലും മരണവുമില്ല.
ചോദ്യങ്ങൾ എറിഞ്ഞുള്ള വയലാറിന്റെ ഗാനങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ. അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയ്ക്ക് വേണ്ടി 'പ്രവാചകന്മാരേ പറയൂ...... കൊട്ടാരം വിൽക്കാനുണ്ട് എന്ന സിനിമയ്ക്ക് വേണ്ടി 'ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി'...തീർന്നില്ല, ചെമ്മീനിലെ 'കടലിനക്കരെ പോണോരെ', 'മാനസമൈനേ വരൂ', 'പുത്തൻ വലക്കാരെ' ' പെണ്ണാളേ പെണ്ണാളേ'.
സമാനമായി കാമുകിയെ സംബോധന ചെയ്തു എഴുതിയ പാട്ടുകളും ശ്രദ്ധേയമാണ്. പ്രണയ വിരഹ ഗാനങ്ങളായ പുനർജന്മം എന്ന ചിത്രത്തിനു വേണ്ടി എഴുതിയ 'പ്രേമ ഭിക്ഷുകീ ഭിക്ഷുകീ'... വിവാഹിത എന്ന സിനിമയ്ക്ക് വേണ്ടി എഴുതിയ 'സുമംഗലീ നീ ഓർമ്മിക്കുമോ'..
വയലാറിന്റെ പല പാട്ടുകളും സിനിമയ്ക്ക് വേണ്ടിയാണോ സമൂഹത്തിനു വേണ്ടിയാണോ എഴുതിയത് എന്ന് പലപ്പോഴും ചിന്തിച്ചു പോകും. നിരീശ്വരവാദിയായ വയലാറിന് മനുഷ്യനെ മതങ്ങളിൽ കെട്ടിയിടുന്നത് സഹിക്കാനാവുന്നതല്ല. അതിന് ഉദാഹരണമാണ് "മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു" എന്ന ഗാനവും യേശുദാസിനെ ഗുരുവായൂർ അമ്പലത്തിൽ കയറ്റുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം എഴുതിയ 'ഗുരുവായൂർ അമ്പല നടയിൽ ഒരു ദിവസം ഞാൻ പോകും' എന്ന ഗാനവും. ഇപ്പോഴും യേശുദാസിന് ഗുരുവായൂർ അമ്പലത്തിൽ കയറാൻ പറ്റിയിട്ടില്ല എന്നത് മറ്റൊരു സത്യം. "മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു" എന്ന ഗാനത്തിന് ആകട്ടെ വയലാറിന് ദേശീയ അവാർഡും നേടിക്കൊടുത്തു.
നിരീശ്വരത്വമാണോ അതോ മനുഷ്യൻ വിവിധ മതങ്ങളെയും ദൈവങ്ങളെയും സൃഷ്ടിച്ചതാണോ വയലാറിന്റെ വിയോജിപ്പ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം വിവിധ ദൈവങ്ങളെ പുകഴ്ത്തി അദ്ദേഹം എത്രയോ നല്ല പാട്ടുകൾ രചിച്ചിട്ടുണ്ട്.
വയലാർ 22 ആം വയസ്സിൽ ചേർത്തല ചെങ്ങണ്ട പുത്തൻകോവിലകത്ത് എസ്. ചന്ദ്രമതി തമ്പുരാട്ടിയെ വിവാഹം ചെയ്തു. അവരുടെ എട്ടുവർഷക്കാലമായുള്ള ദാമ്പത്യ ബന്ധത്തിൽ കുട്ടികളില്ലാതിരുന്നതിനാൽ വയലാറിന്റെ അമ്മയുടെ നിർബന്ധത്തിനു വഴങ്ങി ചന്ദ്രമതിയുടെ അനുജത്തി ഭാരതി തമ്പുരാട്ടിയെ അദ്ദേഹം വിവാഹം ചെയ്തു. ആ ബന്ധത്തിൽ നാലു കുട്ടികളുണ്ടായി.
ശരത്ചന്ദ്രപ്രസാദ്, ഇന്ദുലേഖ, യമുന, സിന്ധു. അവരുടെ പേരുകൾ ഉൾപ്പെടുത്തി പാട്ടുകൾ രചിക്കുവാൻ അച്ഛൻ മറന്നില്ല. ചെമ്പരത്തി എന്ന സിനിമയ്ക്ക് വേണ്ടി ചക്രവർത്തിനി നിനക്കു ഞാൻ.... എന്നു തുടങ്ങുന്ന ഗാനത്തിൽ ചരണത്തിൽ ചേർത്ത് ശരത്ചന്ദ്രപ്രസാദിനെ ഓർത്തത് ഇങ്ങനെയാണ് 'ശാരദേന്ദുകല ചുറ്റിനും കനക.... ചക്രവർത്തിനി എന്ന വാക്ക് തന്നെ മലയാളിക്ക് ആദ്യ കേൾവിയാണ്. ' തിരിച്ചടി' എന്ന സിനിമയ്ക്ക് വേണ്ടി 'ഇന്ദുലേഖേ ഇന്ദുലേഖേ..' എന്ന് തുടങ്ങുന്ന ഗാനം മകൾ ഇന്ദുലേഖയ്ക്ക് വേണ്ടിയായിരുന്നുവെങ്കിൽ അനാർക്കലി എന്ന ചിത്രത്തിലൂടെ ' നദികളിൽ സുന്ദരി യമുന.... എഴുതി മകൾ യമുനയെയും മലയാളിക്ക് സമ്മാനിച്ചു. എന്തുകൊണ്ടോ ഇളയ മകൾ സിന്ധുവിന്റെ പേര് കാനം ഈ ജെ ക്ക് അഷ്ടമംഗല്യം എന്ന ചിത്രത്തിനുവേണ്ടി 'ഉഷസ്സിൽ നീയൊരു തുഷാരബിന്ദു
മനസ്സിൽ നീയൊരു വികാരസിന്ധു'.. എന്നെഴുതി പൂർത്തിയാക്കേണ്ടിവന്നു.
ചന്ദ്രമതി തമ്പുരാട്ടിയെയും മക്കൾ അമ്മയെന്നായിരുന്നു വിളിച്ചിരുന്നത്. " "മാനസേശ്വരി മാപ്പു തരൂ മറക്കാൻ നിനക്ക് മടിയാണെങ്കിൽ മാപ്പ് തരൂ" എന്ന ഗാനം എഴുതിയത് ചന്ദ്രമതിയെ മനസ്സിൽ ഓർത്തുകൊണ്ടാണെന്ന് പറയപ്പെടുന്നു. അതേസമയം "സന്യാസിനി നിൻ പുണ്യാശ്രമത്തിൽ ഞാൻ.... എന്ന ഗാനവും ചന്ദ്രമതി അമ്മയെ മനസ്സിൽ വരിച്ചു കൊണ്ടാണെന്ന് മകൻ ശരത്ചന്ദ്രപ്രസാദ് തറപ്പിച്ച് പറയുന്നു. ചന്ദ്രമതി തമ്പുരാട്ടിയുടെ മരണം വരെയും സഹോദരി ഭാരതി തമ്പുരാട്ടിയും മക്കളും പൊന്നുപോലെ നോക്കി. വലിയ അമ്മയുടെ അന്ത്യകർമ്മങ്ങൾ നടത്തിയതും ശരത് ചന്ദ്ര പ്രസാദായിരുന്നു.
'നദി'യിലെ 'ആയിരം പാദസരങ്ങൾ കിലുങ്ങി..... എന്ന ഗാനം വയലാർ എഴുതുമ്പോൾ കുട്ടിയായിരുന്ന ശരത്ചന്ദ്രപ്രസാദ് കൂടെയുണ്ടായിരുന്നുവെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ഇന്ദുലേഖയ്ക്കാകട്ടെ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ അച്ഛന്റെ കവിതയായ ഇന്ദുലേഖ പഠിക്കാനുള്ള യോഗമുണ്ടായി. സിന്ധു ആകട്ടെ ഇന്ന് ജീവിച്ചിരിപ്പില്ല.
വയലാർ എഴുതിയ ഒട്ടുമിക്ക പ്രണയ ഗാനങ്ങളും ആണുങ്ങൾക്ക് വേണ്ടിയായിരുന്നു. അപൂർവ്വമായി മാത്രമേ ഇക്കാര്യത്തിൽ പെണ്ണുങ്ങളുടെ കാര്യത്തിൽ അദ്ദേഹം ഓർമ്മ വെച്ചുള്ളൂ. അമ്മയ്ക്കു മകനോടും മകന് അമ്മയോടും ഗാഢമായ സ്നേഹമായിരുന്നു. എവിടെപ്പോയാലും എന്തു കാര്യത്തിനും അമ്മയോട് പറയാതെ കുട്ടന് ഒരു കാര്യവുമില്ല. അമ്മ അംബാലിക തമ്പുരാട്ടി തന്നെ അത് വെളിപ്പെടുത്തിയിട്ടുണ്ട്. അമ്മയോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും ബഹുമാനവും അളന്നുകുറിച്ച പാട്ടാണ് 'ചായം' ചിത്രത്തിലൂടെ 'അമ്മേ അമ്മേ അവിടുത്തെ മുമ്പിൽ ഞാൻ ആര്' .. എന്ന് കുട്ടൻ കുറിച്ചുവെച്ചത്. വീട്ടുകാരും അടുത്ത സ്നേഹിതരും വയലാറിന് കുട്ടൻ എന്നാണ് വിളിച്ചിരുന്നത്.
പൊതുവേ കവികളെ സ്വാധീനിച്ചിട്ടുള്ള സുഹൃത്ത് വലയങ്ങളും മദ്യപാനവും ഒത്തുകൂടലും വയലാറിനെയും ബാധിച്ചിട്ടുണ്ട്. മദ്യത്തിന്റെ അകമ്പടിയോടെയുള്ള ഒത്തുചേരലുകളിൽ മാരാരിക്കുളം ഷാപ്പ് ഒരോർമ്മയാണ്. സുഹൃത്തുക്കളായ പ്രശസ്ത സംഗീത സംവിധായകൻ എൽ പി ആർ വർമ്മ, പ്രശസ്ത സാഹിത്യകാരനായ പൊൻകുന്നം വർക്കിയുമൊക്കെ മാരാരിക്കുളം ഷാപ്പിൽ ആഴ്ചയിൽ ഒരിക്കൽ ഒത്തുചേർന്ന് കവിതകളിലും പാട്ടിലും ലയിക്കുമായിരുന്നു. എൽ പി ആർ വർമ്മ ഡെസ്കിൽ കൊട്ടി താളം പിടിക്കും. ഇതൊക്കെ അന്നാട്ടിലെ പരസ്യമായ രഹസ്യമായിരുന്നു. വയലാറിന്റെ സ്ഥിരമായ ഈ മദ്യപാനത്തിന് മലയാളികൾ ഒരുപാട് വില കൊടുക്കേണ്ടി വന്നു.
വയലാറിന്റെ കാലത്ത് അത്യപൂർവ്വമായി സംഭവിച്ച ചില കാര്യങ്ങൾ കൂടി ചേർത്തുവയ്ക്കട്ടെ. മുൻ ചീഫ് സെക്രട്ടറിയും കവിയും ഗാനരചയിതാവുമായിരുന്ന കെ ജയകുമാറിന്റെ അച്ഛൻ എം കൃഷ്ണൻ നായരുടെ തിരുവനന്തപുരത്തെ വീടിന്റെ പാലുകാച്ചൽ ചടങ്ങാണ് രംഗം. എം കൃഷ്ണൻ നായർ അക്കാലത്തെ പ്രശസ്ത സിനിമാ സംവിധായകനായിരുന്നു, വയലാറിന്റെ ഉറ്റ സുഹൃത്തും. പാൽപ്പായസം കുടിച്ചേ തീരൂവെന്ന് വയലാറിന് നിർബന്ധം. വയലാറിന് മദ്രാസിലേക്ക് വിമാനം കയറി പോകേണ്ട സമയവുമടുത്തു.
പാൽപ്പായസം തയ്യാറാകുവാൻ വൈകുന്നതിനാൽ വയലാറിന് വിമാനത്തിൽ കയറുവാൻ കഴിയാതെ പോകുന്ന അവസ്ഥ. പാലുകാച്ചൽ ചടങ്ങു നടന്നിടത്ത് എയർപോർട്ട് ഉദ്യോഗസ്ഥൻ ഉണ്ടായിരുന്നത് ഭാഗ്യം. സാങ്കേതിക തകരാറ് കാരണം പറഞ്ഞ് ഒരു മണിക്കൂർ വൈകിപ്പിക്കുവാൻ അദ്ദേഹം എയർപോർട്ട് അധികൃതർക്ക് നിർദ്ദേശം നൽകി. അങ്ങനെ ആദ്യമായി എയർ ഇന്ത്യ വയലാറിനു വേണ്ടി വിമാനയാത്ര ഒരു മണിക്കൂർ വൈകിപ്പിച്ചു.
വയലാറിന്റെ മരണത്തെ തുടർന്ന് കേരളത്തിൽ ആദ്യമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരു ദിവസം അവധി കൊടുത്തു. വയലാറിന്റെ മൃതദേഹം വഹിച്ചുകൊണ്ട് കെഎസ്ആർടിസി ബസ്സിൽ നടത്തിയ വിലാപയാത്ര തിരുവനന്തപുരത്തു നിന്നും വയലാറിലെ രാഘവപ്പറമ്പിൽ എത്തുവാൻ നീണ്ട 16 മണിക്കൂർ വേണ്ടിവന്നു.
ചങ്ങനാശ്ശേരി എൻഎസ്എസ് കോളേജിലെ യൂണിയൻ ഉദ്ഘാടനം ആയിരുന്നു വയലാറിന്റെ അവസാനത്തെ പൊതു പരിപാടി. അത് നടന്നത് 1975 ഒൿടോബർ 21ന്. അന്ന് രാത്രി രക്തം ഛർദ്ധിച്ചു. പിറ്റേന്ന് രാവിലെ തന്നെ ചേർത്തലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എല്ലാം മുൻകൂട്ടി മനസ്സിലാക്കിയിരുന്ന, വളരെ ക്ഷീണിതനായിരുന്ന കവി മകൻ ശരത് ചന്ദ്രപ്രസാദിനോട് ആയിപ്പറഞ്ഞു ' മോനേ നിനക്കായി അച്ഛൻ ഒന്നും ചെയ്തു തന്നില്ലല്ലേ'. അച്ഛനും മകനും തമ്മിലുള്ള അവസാനത്തെ കൂടിക്കാഴ്ചയായിരുന്നു അത്. ഇനിയൊരു ജന്മമുണ്ടെങ്കിൽ ഭാര്യ ശ്രീലതയെയും മകൾ സുഭദ്രയെയും അച്ഛന് കാട്ടിക്കൊടുക്കണമെന്ന ആശ ശരത് ചന്ദ്രപ്രസാദ് പങ്കുവെച്ചിട്ടുണ്ട്.
പക്ഷേ 'കൊതി തീരും വരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ' എന്ന് വയലാർ മനസ്സിൽ പാടുന്നുണ്ടാവും. 'എന്നാൽ എനിക്ക് മരണമില്ലെന്ന്' പ്രഖ്യാപിച്ച കവി മരിച്ചിട്ട് ഇന്നേക്ക് (27/10/2026) 51 വർഷം തികയുകയാണ്. കേവലം 47 വർഷം മാത്രമുള്ള ജീവിതം. കവി നമ്മെ വേർപിരിഞ്ഞെങ്കിലും കവിയുടെ കവിതകൾക്കും ഗാനങ്ങൾക്കും മരണമില്ലല്ലോ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.