600 ൽ പരം ഗാനങ്ങൾക്ക് ഈണം പകർന്ന സംഗീത സംവിധായകൻ ബാബുക്ക എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന എം എസ് ബാബുരാജുവിന്റെ ഒരുപാട് പാട്ടുകൾ മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. എങ്കിലും പൊതുവേ എല്ലാവരും പ്രിയപ്പെട്ടതിൽ പ്രിയപ്പെട്ടതായ കരുതുന്ന നാലു ഗാനങ്ങളെപ്പറ്റി പറയട്ടെ. (1) ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ..... (2) താമസമെന്തേ വരുവാൻ.....(3) പ്രാണസഖി ഞാൻ വെറുമൊരു.... (4) ഇന്നലെ മയങ്ങുമ്പോൾ....
ബാബുക്കായുടെ സംഗീത പ്രപഞ്ചത്തിന്റെ ഏറ്റവും മനോഹരമായ പ്രതീകമാണ് 1967-ൽ പുറത്തിറങ്ങിയ 'പരീക്ഷ' എന്ന ചിത്രത്തിലെ "ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ" എന്ന ഗാനം.
ഭാസ്കരൻ മാഷിന്റെ കാവ്യാത്മകമായ വരികളും ബാബുരാജിന്റെ ഹൃദയം തൊടുന്ന ഈണവും യേശുദാസിന്റെ ഭാവനാസാന്ദ്രമായ ശബ്ദവും ഒന്നിച്ചപ്പോൾ പിറന്നത് മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയ-വിരഹ ഗാനങ്ങളിലൊന്നാണ്. ദേശ് രാഗത്തിൽ ബാബുക്ക ഒരുക്കിയ ഈ ഈണം കേൾവിക്കാരിൽ ഒരേസമയം പ്രണയത്തിന്റെ ആർദ്രതയും വിരഹത്തിന്റെ നൊമ്പരവും നിറയ്ക്കുന്നു. പൂവ് കാമുകിക്കായി സമർപ്പിക്കുന്ന കാമുകന്റെ തീവ്ര പ്രണയം സംഗീതത്തിലൂടെ അത്രമേൽ തീക്ഷ്ണമായി ബാബുക്ക ആവിഷ്കരിച്ചിരിക്കുന്നു.
"ഒരു പുഷ്പം മാത്രമെൻ" എന്ന ഗാനത്തിൽ പ്രണയത്തിന്റെ അതിരുകളില്ലാത്ത സമർപ്പണവും, പിന്നീട് വരാനിരിക്കുന്ന ഏകാന്തതയുടെ ഭയവുമെല്ലാം ആ സംഗീതത്തിന്റെ കയറ്റിറക്കങ്ങളിൽ വ്യക്തമാണ്. ഈ ഒരു ഗാനം മാത്രം മതി ബാബുരാജ് എന്ന സംഗീതജ്ഞന്റെ പ്രതിഭയുടെ ആഴം അളക്കാൻ. തലമുറകൾ കൈമാറി വന്നിട്ടും ഇന്നും ഈ ഗാനം മലയാളിയുടെ ചുണ്ടുകളിൽ തങ്ങിനിൽക്കുന്നുണ്ടെങ്കിൽ, അതിന് കാരണം ബാബുക്ക ആ ഈണത്തിൽ ചേർത്തുവെച്ച അദ്ദേഹത്തിന്റെ സ്വന്തം ആത്മാവാണ്.
യേശുദാസിന് തന്റെ ആദ്യകാല സംഗീത വേളയിൽ തന്നെക്കാൾ സമ്പന്നയായ ഒരു യുവതിയുമായി പ്രണയമുണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ ഗാനമേളകളിൽ ആ യുവതി സ്ഥിരം പങ്കെടുക്കാറുണ്ടായിരുന്നു എന്നും അക്കാലത്ത് നാട്ടിൽ ഒരു വാർത്തയായിരുന്നു. ഈ ഗാനം ആ യുവതിക്ക് വേണ്ടി പാടുമായിരുന്നുവെന്നും പറഞ്ഞുകെട്ടിട്ടുണ്.
1964-ൽ പുറത്തിറങ്ങിയ 'ഭാർഗ്ഗവീനിലയം' എന്ന ചിത്രത്തിലെ "താമസമെന്തേ വരുവാൻ പ്രാണസഖി..." എന്ന് തുടങ്ങുന്ന ഗാനം ഭാസ്കരൻ മാഷിന്റെ മനോഹരമായ വരികളിൽ യേശുദാസിന്റെ ഭാവസാന്ദ്രമായ ശബ്ദവും ബാബുരാജിന്റെ ഹൃദയസ്പർശിയായ ഈണവും ഒത്തുചേർന്നപ്പോൾ മലയാളികളുടെ റേഡിയോയിലും വീടുകളിലും ഒഴിച്ചുകൂടാനാവാത്ത ഗാനമായി.
കാമുകിയുടെ വരവും കാത്തിരിക്കുന്ന കാമുകന്റെ ഹൃദയവ്യഥയാണ് ഈ ഗാനത്തിന്റെ ഇതിവൃത്തം. ഭൈരവി രാഗത്തിന്റെ പശ്ചാത്തലത്തിൽ, ഹിന്ദുസ്താനി ഗസൽ ശൈലിയുടെ ഭാവങ്ങൾ കൂട്ടിയിണക്കിയാണ് ബാബുരാജ് ഈ ഗാനത്തിന് ജീവൻ നൽകിയത്. തബലയുടെയും ഹാർമോണിയത്തിന്റെയും അകമ്പടിയോടെ ഒഴുകിവരുന്ന ആ ഈണം കേൾവിക്കാരനിൽ പ്രണയത്തിന്റെ തീവ്രതയും വിരഹത്തിന്റെ നോവും ഒരേസമയം നിറയ്ക്കുന്നു.
ബാബുരാജിന്റെ സംഗീതത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അത് സാധാരണക്കാരന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്നതായിരുന്നു എന്നതാണ്. ശാസ്ത്രീയ സംഗീതത്തിന്റെ കഠിനമായ നിയമങ്ങളിൽ കുടുങ്ങിക്കിടക്കാതെ, സംഗീതത്തിന്റെ വികാരത്തിനായിരുന്നു അദ്ദേഹം മുൻഗണന നൽകിയത്. "താമസമെന്തേ വരുവാൻ..." എന്ന ഗാനത്തിലും വരികളുടെ അർത്ഥം പൂർണ്ണമായും ഉൾക്കൊണ്ടുകൊണ്ട്, ഓരോ വാക്കിനും അനുയോജ്യമായ ഭാവം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു. "താമസമെന്തേ വരുവാൻ..." എന്ന് പാടിത്തുടങ്ങുമ്പോൾ തന്നെ ഉണ്ടാകുന്ന ആ ഒരു ആകുലതയും കാത്തിരിപ്പും സംഗീതത്തിലൂടെ അദ്ദേഹം സംഗീത പ്രേമികളെ വിസ്മയത്തിൽ ആഴ്ത്തി.
ബാബുക്കായുടെ സംഗീതയാത്രയിൽ അദ്ദേഹത്തിന് ലഭിച്ച ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്ന് പി. ഭാസ്കരനും വയലാറും . വരികളുടെ ഭംഗി ഒട്ടും ചോർന്നു പോകാതെ ഈണം നൽകാൻ ബാബുരാജിന് ഒരു വേറിട്ട കഴിവായിരുന്നു. ഭാർഗ്ഗവീനിലയത്തിലെ ഈ ഗാനം ഇന്നും പുതുമയോടെ നിലനിൽക്കുന്നത് അതിലെ സംഗീതത്തിന്റെ ആത്മാർത്ഥത കൊണ്ടാണ്. തലമുറകൾ കൈമാറി വന്നിട്ടും ഈ പാട്ടിനോടുള്ള മലയാളിയുടെ പ്രണയം ഒട്ടും കുറഞ്ഞിട്ടില്ല.
പ്രാണസഖി ഞാൻ വെറുമൊരു....... പി ഭാസ്കരന്റെ തൂലികയിൽ വിരിഞ്ഞ അതിമനോഹരമായ വരികളാണ് ഈ പാട്ടിന്റെ ജീവൻ. ലളിതമെങ്കിലും ആഴമേറിയ പ്രണയഭാവമാണ് ഇതിലുള്ളത്. താൻ വെറുമൊരു 'പാമരനാം പാട്ടുകാരൻ' മാത്രമാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന കാമുകൻ, തന്റെ പ്രണയിനിക്കായി മനസ്സിൽ 'തങ്കക്കിനാക്കൾ കൊണ്ടൊരു താജ്മഹാൽ' പണിയാമെന്ന് വാഗ്ദാനം ചെയ്യുന്നു.
സിന്ധുഭൈരവി രാഗത്തിലാണ് ബാബുക്ക ഈ ഗാനം ചിട്ടപ്പെടുത്തിയത്. ഒരു ഗസലിന്റെ ആത്മാവുള്ള ഈ ഈണം കേൾവിക്കാരുടെ ഹൃദയത്തെ നേരിട്ട് സ്പർശിക്കുന്നതാണ്. ബാബുരാജ് എന്ന സംഗീതപ്രതിഭയുടെ കരിയറിലെ ഏറ്റവും മികച്ച അടയാളപ്പെടുത്തലുകളിൽ ഒന്നാണ് ഈ ഗാനം. ഗസലിലുള്ള ബാബുക്കയുടെ പ്രാവീണ്യം ഈ ഗാനത്തിലൂടെ നിഴലിക്കുന്നു.
തലമുറകൾ കൈമാറി വന്നിട്ടും ഇന്നും മലയാളികൾ മൂളിനടക്കുന്ന, പ്രണയത്തിന്റെ ആഴവും വിരഹത്തിന്റെ ആർദ്രതയും ഒരേപോലെ അനുഭവപ്പെടുത്തുന്ന ഒരു അനശ്വര ഗാനമാണിത് ഇന്നലെ മയങ്ങുമ്പോൾ......
മലയാള ചലച്ചിത്ര സംഗീത ലോകത്തെ കുലപതി എം.എസ്. ബാബുരാജ് യമുനകല്യാണി രാഗത്തിൽ ഈണമിട്ട ഏറ്റവും മനോഹരമായ പ്രണയഗാനങ്ങളിലൊന്നാണ് 1968-ൽ പുറത്തിറങ്ങിയ അന്വേഷിച്ചു കണ്ടെത്തിയില്ല എന്ന ചിത്രത്തിലെ "ഇന്നലെ മയങ്ങുമ്പോൾ ഒരു മണി കിനാവിന്റെ..." എന്ന് തുടങ്ങുന്ന ഗാനം. പി. ഭാസ്കരൻ എഴുതിയ വരികൾക്ക് ബാബുക്കായുടെ സംഗീത പ്രതിഭയുടെ നിത്യഹരിത അടയാളമാണ് ഈ ഗാനം.
അമിതമായ വാദ്യഘോഷങ്ങളില്ലാതെ, തബലയുടെയും ഹാർമോണിയത്തിന്റെയും ഫ്ലൂട്ടിന്റെയും അകമ്പടിയോടെയാണ് ഈ ഗാനം മുന്നോട്ട് പോകുന്നത്.
"ഒരു മണി കിനാവിന്റെ പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു....." എന്ന പി. ഭാസ്കരന്റെ വരികൾക്ക് ബാബുരാജ് നൽകിയ സംഗീതം കേൾക്കുമ്പോൾ, ആ ചിലമ്പൊലി നമ്മുടെ മനസ്സിലും കിലുങ്ങുന്നതായി തോന്നും. കാലമെത്ര കഴിഞ്ഞാലും അതിന്റെ സംഗീത പ്രഭ ഒട്ടും മങ്ങാതെ മലയാളിയുടെ മനസ്സിനെ മയക്കികൊണ്ടിരിക്കുന്നു.
സാധാരണക്കാരായ സംഗീത പ്രേമികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങൾ എന്ന് പറയുമ്പോൾ ആ സാധാരണക്കാരിൽ സാധാരണക്കാരനായ ഈ എളിയ സംഗീത പ്രേമിയും അതിലുൾപ്പെടുന്നുവെന്ന് ആദ്യമേ പറയാതെ ഇപ്പോൾ പറയുകയായിരുന്നു. മുകളിൽ പറഞ്ഞ നാലു ഗാനങ്ങൾക്കും ഒരു പ്രത്യേകതയുള്ളത് നാലും ഒരേ ആൾ തന്നെ എഴുതുകയും സംഗീതം കൊടുക്കുകയും പാടുകയും ചെയ്തു എന്നതാണ്.
കടുത്ത ദാരിദ്ര്യത്തിൽ കൂടിയാണ് ബാബുരാജിന്റെ ചെറുപ്പകാലം കഴിഞ്ഞുപോയത്. ചെറുപ്രായത്തിൽ തന്നെ ഗസലും ഹിന്ദുസ്ഥാനി രാഗവും അച്ഛൻ ജാനു മുഹമ്മദ് അദ്ദേഹത്തെ പരിശീലിപ്പിച്ചിരുന്നു. കൊൽക്കത്തക്കാരനായ അച്ഛൻ ഹിന്ദുസ്ഥാനി സംഗീതത്തിൽ പ്രശസ്തനായിരുന്നു. അമ്മ കോഴിക്കോടിനടുത്ത് ആക്കോട് സ്വദേശിനി ഫാത്തിമ.
അമ്മ അദ്ദേഹത്തിന് ആറു വയസ്സ് പ്രായമുള്ളപ്പോൾ മരിച്ചുപോയി. ബാബുരാജ് എന്ന ബാബുക്കയുടെ അച്ഛൻ രണ്ടാം വിവാഹം നടത്തിയെങ്കിലും അധികകാലം ജീവിച്ചിരുന്നില്ല. തുടർന്നുള്ള ജീവിതത്തിൽ മറ്റൊരു നിവൃത്തിയുമില്ലാതെ റോഡിൽ കൂടിയും ട്രെയിനിൽ കൂടിയും വയറ്റത്തടിച്ച് പാട്ടുപാടുവാൻ ബാബുക്ക നിർബന്ധിതനായി. അങ്ങനെ ട്രെയിനിൽ കൂടി പാട്ടുപാടി നടന്ന കാലത്താണ് സംഗീത പ്രിയനായ കുഞ്ഞുമുഹമ്മദ് എന്ന പേരുള്ള ഒരു പോലീസുകാരന്റെ ശ്രദ്ധയിൽപ്പെടുന്നത്. അദ്ദേഹം ബാബുക്കയെ ദത്തെടുത്തു വളർത്തുകയായിരുന്നു.
ബാബുക്കയുടെ ജീവിതത്തിലെ വഴിത്തിരിവും മലയാളിയുടെ ഭാഗ്യം നിറഞ്ഞ നിമിഷവും എന്നല്ലാതെ എന്തു പറയാൻ. പിന്നീട് കണ്ട കാഴ്ച കോഴിക്കോട് നഗരത്തെ ഗസൽ കൊണ്ടും ഹിന്ദുസ്ഥാനി സംഗീതം കൊണ്ടും ബാബുക്ക മഞ്ഞുപെയ്യിക്കുന്നതായിരുന്നു.
മലയാള ചലച്ചിത്ര സംഗീതത്തെ സാധാരണക്കാരന്റെ ഹൃദയമിടിപ്പുകളോട് ചേർത്തുവെച്ച അതുല്യ പ്രതിഭയായിരുന്നു എം.എസ്. ബാബുരാജ് എന്ന ബാബുക്ക. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ആത്മാവും ഗസലുകളുടെ പ്രണയാർദ്രതയും മലബാറിന്റെ മാപ്പിളപ്പാട്ടുകളുടെ തനിമയും ഒരേപോലെ ലയിച്ചുചേർന്നതായിരുന്നു അദ്ദേഹത്തിന്റെ സംഗീതശൈലി.
ബാബുരാജിന്റെ സംഗീതത്തിന്റെ ഏറ്റവും വലിയ ആകർഷകത അതിന്റെ ലളിത്യവും അതേസമയം അത് വിനിമയം ചെയ്യുന്ന ഭാവത്തിന്റെ ആഴവുമായിരുന്നു. ശാസ്ത്രീയ സംഗീതത്തിന്റെ മസിലുപിടുത്തമില്ലാതെ, സംഗീത ഉപകരണങ്ങളുടെ അതിപ്രസരമില്ലാതെ, വരികളുടെ അർത്ഥം ചോർന്നുപോകാതെ ഈണമിടാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഹിന്ദുസ്ഥാനി സംഗീതത്തിലെ രാഗങ്ങളെ മലയാളിയുടെ തനത് ആസ്വാദന ശൈലിക്ക് അനുയോജ്യമായ രീതിയിൽ മാറ്റിയെടുത്തതായിരുന്നു അദ്ദേഹത്തിന്റെ മാന്ത്രികത.
ചുരുക്കത്തിൽ, എം.എസ്. ബാബുരാജ് എന്ന സംഗീതജ്ഞൻ മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. ഗസലുകളുടെ ആത്മാവുള്ള അദ്ദേഹത്തിന്റെ ഗാനങ്ങൾ ഇന്നും എന്നും മലയാളി മനസ്സിനെ ഈറനണിയിക്കുന്നു. 1978 ഒക്ടോബർ ഏഴിന് 57 മത്തെ വയസ്സിൽ സംഗീതപ്രേമികളെ കണ്ണീരിലാഴ്ത്തി ബാബുക്ക തന്റെ ഹർമോണിയം എന്നന്നേക്കുമായി പൂട്ടിവെച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.