വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ വധിക്കാന്‍ ഇറാന് രഹസ്യനീക്കം നടത്തുന്നതായി അമേരിക്കന്‍ ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്.
'ഡേര്‍ട്ടി ബോംബു'കളോ രാസായുധങ്ങളോ ഉപയോഗിച്ച് വാഷിങ്ടണില്‍ വെച്ച് ഇവര്‍ക്കുനേരെ ആക്രമണം നടത്താനാണ് പദ്ധതി. ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍ ആണ് ഇറാന്റെ പ്രതികാര നീക്കങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഇറാന് യുദ്ധത്തില്‍ പങ്കെടുത്ത യുഎസ് സേനയിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരുടെ പേര് വ്യക്തമാക്കി തന്നെ കഴിഞ്ഞ ദിവസം ഇറാന് വധഭീഷണി മുഴക്കിയിരുന്നു.
സാധാരണ സ്ഫോടക വസ്തുക്കള്‍ക്കൊപ്പം റേഡിയോ ആക്ടീവ് ഘടകങ്ങള്‍ കൂടി ചേര്‍ത്ത് നിര്‍മിക്കുന്ന ബോംബുകളെയാണ് 'ഡേര്‍ട്ടി ബോംബ്' എന്ന് വിളിക്കുന്നത്.
ആക്രമിക്കേണ്ട വ്യക്തികള്‍, ആക്രമണം നടത്തേണ്ട സ്ഥലം എന്നിവയടക്കമായിരുന്നു ഇറാന്റെ പദ്ധതി. ഇതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥര്‍, അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ തയ്യാറാക്കി തുടങ്ങി.
അതേസമയം ഇറാനെതിരെ വീണ്ടും ആക്രമണത്തിന് പദ്ധതിയിടുന്നെന്ന സൂചനകളുണ്ടെങ്കിലും അത് ഉടന്‍ നടപ്പാകുമെന്ന് പറയാനാകില്ലെന്ന് യുഎസ് വൃത്തങ്ങള്‍ പറയുന്നു. സര്‍ക്കാര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് വൈറ്റ് ഹൗസ് വക്താവ് ലോറന് ബിസ് പറഞ്ഞു.
സാധ്യതയുള്ള എല്ലാത്തരം ഭീഷണികളെയും നിരീക്ഷിച്ചു വരികയാണെന്നും എന്നാല്‍ നിലവില്‍ അമേരിക്കയ്ക്കു നേരെ വിശ്വസനീയമായ തരത്തിലുള്ള ഭീഷണികളൊന്നുമില്ലെന്നും അവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.