ഉറുഗ്വേ, അര്‍ജന്റീന, പെറു എന്നീ രാജ്യങ്ങളാണ് പാപ്പ ഈ ദിവസങ്ങളില്‍ സന്ദര്‍ശിച്ചത്.
ലിമ: നവംബര്‍ ആറിന് തുടങ്ങിയ ലാറ്റിന്‍ അമേരിക്കന്‍ അപ്പസ്‌തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കി ലിയോ പതിനാലാമന്‍ മാര്‍പാപ്പ റോമിലേക്ക് മടങ്ങി. ഉറുഗ്വേ, അര്‍ജന്റീന, പെറു എന്നീ രാജ്യങ്ങളാണ് പാപ്പ ഈ ദിവസങ്ങളില്‍ സന്ദര്‍ശിച്ചത്. 16 ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 1.45 നാണ് പാപ്പ റോമിലേക്കു മടങ്ങിയത്.
15 ന് വൈകുന്നേരം പെറുവിന്റെ തലസ്ഥാനമായ ലിമയില്‍ തിരിച്ചെത്തിയ മാര്‍പാപ്പ 16 ന് രാവിലെ, താന്‍ മുന്‍പ് അഡ്മിനിസ്‌ട്രേറ്ററായി സേവനമനുഷ്ടിച്ചിട്ടുള്ള കയ്യാവോയിലുള്ള 'ലിറ്റില്‍ സിസ്റ്റേഴ്‌സ് ഓഫ് ദി അബാന്‍ഡന്‍ഡ് എല്‍ഡേര്‍ലി' ആശ്രമം സന്ദര്‍ശിച്ചു.
അവിടുത്തെ അന്തേവാസികളായ പാവപ്പെട്ട വയോധികര്‍ക്ക് സ്‌നേഹപൂര്‍വ്വം ശുശ്രൂഷ ചെയുന്ന സന്ന്യാസിനിമാരെയും മറ്റു പ്രവര്‍ത്തകരെയും അഭിനന്ദിക്കുകയും പാവപ്പെട്ടവരിലും പ്രായമായവരിലും ഉള്‍പ്പെടെയുള്ളവരില്‍ ക്രിസ്തുവിന്റെ മുഖം ദര്‍ശിച്ചുകൊണ്ട് കാരുണ്യത്തോടെ ശുശ്രൂഷ നല്‍കാന്‍ ഏവരെയും ക്ഷണിക്കുകയും ചെയ്തു.

പെറുവിലെ കയ്യാവോയിലുള്ള വയോജന മന്ദിരത്തില്‍ ശുശ്രൂഷ ചെയ്യുന്ന സന്ന്യാസിനിമാര്‍ക്കൊപ്പം പാപ്പാ.
മരുഭൂമിയിലെ മരുപ്പച്ച പോലെയാണ് ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ വയോധികര്‍ക്കായുള്ള ഇത്തരം അഭയ കേന്ദ്രങ്ങള്‍. തന്റെ അപ്പസ്‌തോലിക യാത്രയുടെ അവസാന ദിനത്തില്‍ നടത്തുന്ന ഈ സന്ദര്‍ശനം തനിക്ക് ഏറെ സന്തോഷമേകുന്ന ഒരു ആത്മീയ അനുഭവവുമാണെന്ന് പറഞ്ഞ മാര്‍പാപ്പ, സൗജന്യമായി പരസ്പരം സ്‌നേഹം നല്‍കുകയും സ്വീകരിക്കുകയും ചെയ്യുന്ന സാഹോദര്യത്തിന്റെ മനോഹരമായ മാതൃകയാണ് ഈ ഭവനമെന്ന് വിശേഷിപ്പിച്ചു.
പുരോഹിതര്‍, സന്ന്യസ്തര്‍, അല്‍മായര്‍, കുടുംബങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവരോടും കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ അഭ്യര്‍ത്ഥിച്ച പാപ്പാ, വിശ്വാസം പ്രസംഗിക്കുന്നതോടൊപ്പം അത് പ്രവൃത്തികളിലൂടെ ജീവിതത്തില്‍ പ്രകടിപ്പിക്കണമെന്നും ഉദ്ബോധിപ്പിച്ചു.
ഏറ്റവും ദുര്‍ബലരായവരെ സ്‌നേഹത്തോടെയും ആദരവോടെയും സ്വീകരിക്കണമെന്നും കുരിശ് വഹിക്കുന്നതിന് ക്രിസ്തുവിനെ സഹായിച്ച ശിമയോനെപ്പോലെ ദരിദ്രരിലും പീഡിതരിലും ക്രിസ്തുവിന്റെ വേദനിക്കുന്ന മുഖം ദര്‍ശിക്കാനാകണമെന്നും പരിശുദ്ധ പിതാവ് ഓര്‍മിപ്പിച്ചു.

ക്രിസ്തുവിനെപ്പോലെ കുട്ടികള്‍, യുവജനങ്ങള്‍, വയോജനങ്ങള്‍, ദരിദ്രര്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ തുടങ്ങിയവരെ സംരക്ഷിക്കാന്‍ ധൈര്യത്തോടെ മുന്നോട്ടു വരണമെന്നും, ദൈവം നമ്മെ സ്‌നേഹിക്കുന്നതുപോലെ മറ്റുള്ളവരെ സ്‌നേഹിക്കണമെന്നും പാപ്പാ നിര്‍ദേശിച്ചു.
'സുവിശേഷവല്‍കരണത്തിന്റെ മാതാവ്' എന്ന പേരില്‍ വിളിക്കപ്പെടുന്ന പരിശുദ്ധ കന്യകാമറിയം ഈ യാത്രയില്‍ നിങ്ങളെ നയിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ സന്ദേശം അവസാനിപ്പിച്ചത്.
തുടര്‍ന്ന് 10.30 ന് ലാസ് പാല്‍മസ് എയര്‍ ബേസില്‍ എത്തിയ മാര്‍പാപ്പ, ലാറ്റിനമേരിക്കന്‍ പര്യടനത്തിന് സമാപനം കുറിച്ചുകൊണ്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. പത്ത് ലക്ഷത്തോളം വിശ്വാസികളാണ് ഈ ദിവ്യ ബലിയില്‍ പങ്കെടുത്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.