ദുബായ്: വിദ്യാർത്ഥികളുമായി ഇടപഴകുന്നതിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കർശന മാർഗ നിർദേശങ്ങളുമായി ദുബായ്. അധ്യാപകരും ജീവനക്കാരും വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തുന്നതിന് വ്യക്തിഗത ഉപകരണങ്ങളോ സോഷ്യൽ മീഡിയ അക്കൗണ്ടുകളോ ഉപയോഗിക്കരുതെന്നാണ് പുതിയ ഉത്തരവ്.
ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുരക്ഷയ്ക്കും പഠിതാക്കളുടെ സംരക്ഷണത്തിനുമായി 'നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി' (KHDA) നവംബർ 13-നാണ് ഈ പുതിയ നയ ചട്ടക്കൂട് പ്രഖ്യാപിച്ചത്.
സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ ചില പ്രൊഫഷണൽ പെരുമാറ്റ ദൂഷ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ സുപ്രധാന നടപടി. വ്യക്തിഗതമോ സ്വകാര്യമോ ആയ ആശയവിനിമയങ്ങൾക്കോ വ്യക്തിപരമായ വാട്സ്ആപ്പ് അക്കൗണ്ടുകൾക്കോ കർശന നിയന്ത്രണമുണ്ട്. സ്ഥാപനം ഔദ്യോഗികമായി അംഗീകരിക്കുന്ന പ്ലാറ്റ്ഫോമുകളിലൂടെ മാത്രമേ വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്താവൂ.
വിദ്യാർത്ഥികളിൽ നിന്ന് അംഗീകൃതമല്ലാത്തതോ വിലപിടിപ്പുള്ളതോ ആയ സമ്മാനങ്ങൾ അധ്യാപകർ സ്വീകരിക്കാൻ പാടില്ല. ഏതെങ്കിലും പ്രത്യേക വിദ്യാർത്ഥികളോട് പക്ഷപാതപരമോ പ്രത്യേകമോ ആയ പരിഗണന കാണിക്കരുത്.
വിദ്യാർത്ഥികൾ ഉൾപ്പെടുന്ന ഫോട്ടോഗ്രാഫുകളും സോഷ്യൽ മീഡിയ ഉള്ളടക്കങ്ങളും പങ്കുവെക്കുമ്പോൾ കർശനമായ നിയമങ്ങൾ പാലിക്കണം. പ്രായോഗികമാകുന്ന ഇടങ്ങളിലെല്ലാം തുറന്ന അന്തരീക്ഷത്തിൽ പഠിപ്പിക്കാൻ അധ്യാപകർ ശ്രദ്ധിക്കണം.
കെ.എച്ച്.ഡി.എയുടെ അനുമതിയുള്ള ദുബായിലെ എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ ചട്ടം നിർബന്ധമാണ്. നഴ്സറികൾ, സ്വകാര്യ സ്കൂളുകൾ, സർവകലാശാലകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിവിധ ട്രെയിനിങ് സെന്ററുകൾ, ഓൺലൈനായി പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ എന്നിവയെല്ലാം ഇതിന്റെ പരിധിയിൽ വരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.