'ലോക ജനസംഖ്യയില്‍ 2035 ഓടെ മുസ്ലിങ്ങള്‍ മുന്നിലെത്തും; യൂറോപ്പില്‍ ക്രിസ്ത്യാനികള്‍ കുറയുന്നു': പ്യൂ റിസര്‍ച്ച് സെന്ററിന്റെ പഠന റിപ്പോര്‍ട്ട്

'ലോക ജനസംഖ്യയില്‍ 2035 ഓടെ മുസ്ലിങ്ങള്‍ മുന്നിലെത്തും; യൂറോപ്പില്‍ ക്രിസ്ത്യാനികള്‍ കുറയുന്നു': പ്യൂ റിസര്‍ച്ച് സെന്ററിന്റെ പഠന റിപ്പോര്‍ട്ട്

അമേരിക്കയെ മറികടന്ന് കോംഗോ ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികളുള്ള രാജ്യമാകും

വാഷിങ്ടണ്‍: 2035 ഓടെ ലോകത്ത് മുസ്ലിം ജനസംഖ്യ ഒന്നാം സ്ഥാനത്ത് എത്തുമെന്ന് പ്രമുഖ അന്താരാഷ്ട്ര ഗവേഷണ ഏജന്‍സിയായ പ്യൂ റിസര്‍ച്ച് സെന്ററിന്റെ പുതിയ പഠന റിപ്പോര്‍ട്ട്.

ലോക വ്യാപകമായി ക്രിസ്ത്യന്‍ ജനസംഖ്യയിലും വര്‍ധന തുടരുമെങ്കിലും മുസ്ലിം ജനസംഖ്യാ വര്‍ധനവിനെ അപേക്ഷിച്ച് കുറവായിരിക്കും. മറ്റ് മേഖലകളെ അപേക്ഷിച്ച് ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ജനസംഖ്യയില്‍ കാര്യമായ വര്‍ധനയുണ്ടാകുക.

2020 ലെ കണക്കനുസരിച്ച് ലോകത്ത് 227 കോടി ക്രൈസ്തവരും 202 കോടി മുസ്ലിങ്ങളുമാണുള്ളത്. 2035 ഓടെ മുസ്ലിം ജനസംഖ്യ 257 കോടിയായി ഉയരുമ്പോള്‍ ക്രൈസ്തവ ജനസംഖ്യ 252 കോടിയാകും. നിലവിലെ ഈ പ്രവണത തുടരുകയാണെങ്കില്‍ 2070 ഓടെ മുസ്ലിം ജനസംഖ്യ 360 കോടിയിലധികമാകും.

ഈ സമയം ക്രൈസ്തവ ജനസംഖ്യ 300 കോടിയില്‍ താഴെയായിരിക്കും. ഹിന്ദു മതവിഭാഗത്തിന്റെ ആഗോള ജനസംഖ്യാ വിഹിതത്തില്‍ കുറവുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മതപരിവര്‍ത്തനത്തേക്കാള്‍ ഉയര്‍ന്ന ജനന നിരക്കാണ് ജനസംഖ്യാ മാറ്റത്തിന് പ്രധാന കാരണമാകുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2020 നും 2025 നും ഇടയില്‍ മുസ്ലിം സ്ത്രീകളിലെ ശരാശരി ജനന നിരക്ക് 3.1 ഉം ക്രൈസ്തവ സ്ത്രീകളുടേത് 2.5 ഉം ആയിരുന്നു.

എന്നാല്‍ മറ്റ് വിഭാഗങ്ങളില്‍ പെടുന്ന സ്ത്രീകളുടെ ശരാശരി ജനന നിരക്ക് 1.6 മാത്രമാണ്. ജനന നിരക്ക് നിലനില്‍ക്കാന്‍ ആവശ്യമായ 2.1 എന്ന നിരക്കിനേക്കാള്‍ കുറവാണിത്.

ഹിന്ദുക്കളുടെ ആകെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെങ്കിലും ലോക ജനസംഖ്യയിലെ ശതമാനക്കണക്കില്‍ നേരിയ കുറവുണ്ടാകും. ജൂത ജനസംഖ്യയിലും സമാനമായ പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ വരും ദശകങ്ങളില്‍ ബുദ്ധ മതക്കാരുടെ ആകെ എണ്ണത്തിലും ലോക ജനസംഖ്യയിലെ അവരുടെ അനുപാതത്തിലും ഗണ്യമായ കുറവുണ്ടാകും. ചൈന, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളിലുണ്ടാകുന്ന ജനസംഖ്യാ കുറവാണ് ഇതിന് പ്രധാന കാരണം.

ബഹായികള്‍, താവോയിസ്റ്റുകള്‍, ജൈനന്മാര്‍, സിഖുകാര്‍, ഗോത്ര-നാടോടി മത വിശ്വാസികള്‍ എന്നിവരുള്‍പ്പെടെയുള്ള മറ്റ് എല്ലാ മത വിഭാഗങ്ങളുടെയും ആകെ എണ്ണത്തില്‍ നേരിയ വര്‍ധനവുണ്ടാകുമെങ്കിലും 2070 ഓടെ ഇവരുടെ ആഗോള അനുപാതം രണ്ട് ശതമാനത്തിലും താഴെയായി ചുരുങ്ങും.

ഒരു മതത്തിലും വിശ്വസിക്കാത്തവരുടെ അനുപാതത്തില്‍ വലിയ ഇടിവുണ്ടാകും. 2020 ല്‍ ലോക ജനസംഖ്യയുടെ 24 ശതമാനമായിരുന്നത് 2070 ല്‍ 17 ശതമാനമായി കുറയും.

2020 നും 2070 നും ഇടയില്‍ ആഗോള ജനസംഖ്യ 29 ശതമാനം വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ലോക ജനസംഖ്യാ വളര്‍ച്ചയുടെ ഭൂരിഭാഗവും ആഫ്രിക്കന്‍ രാജ്യങ്ങളിലാണ്, പ്രത്യേകിച്ച് സഹാറ മരുഭൂമിക്ക് തെക്കുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍.

2070 ഓടെ ലോക ജനസംഖ്യയുടെ നാലിലൊന്നിലധികവും ജീവിക്കുന്നത് ഈ മേഖലയിലായിരിക്കും. നിലവില്‍ ഇവിടെയുള്ള ഭൂരിഭാഗം ജനങ്ങളും ക്രിസ്തു മതത്തിലോ ഇസ്ലാം മതത്തിലോ വിശ്വസിക്കുന്നവരാണ്. ഇവിടുത്തെ ഉയര്‍ന്ന ജനന നിരക്കും ആയുര്‍ ദൈര്‍ഘ്യത്തിലെ വര്‍ധനവും ഇരു മതവിഭാഗങ്ങളുടെയും ആഗോള ജനസംഖ്യ ഉയര്‍ത്താന്‍ സഹായകമാകും.

ലോകത്തെ ക്രിസ്ത്യന്‍ ജനസംഖ്യയുടെ പകുതിയിലധികവും സബ് സഹാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലായിരിക്കും. ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികളുള്ള രാജ്യമെന്ന സ്ഥാനമുള്ള അമേരിക്കയെ പിന്തള്ളി ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ ഒന്നാമതെത്തും. അമേരിക്കയില്‍ ക്രിസ്ത്യാനികള്‍ ഏറ്റവും വലിയ മതവിഭാഗമായി തുടരുമെങ്കിലും ഭൂരിപക്ഷമല്ലാതാകാം.

ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള രാജ്യമെന്ന പദവി പാകിസ്ഥാന്‍ സ്വന്തമാക്കും. ഇന്തോനേഷ്യയെ പിന്തള്ളി ഇന്ത്യ രണ്ടാമതും നൈജീരിയ മൂന്നാമതുമാകും. ഇന്തോനേഷ്യ നാലാമതാകും. എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഹിന്ദു ജനസംഖ്യയില്‍ ഏറ്റവും വലിയ വര്‍ധനവുണ്ടാകുന്നത് ഇന്ത്യയിലായിരിക്കുമെങ്കിലും അമേരിക്ക ഉള്‍പ്പെടെയുള്ള മറ്റ് വിദേശരാജ്യങ്ങളിലാണ് വളര്‍ച്ചാ നിരക്ക് കൂടുതല്‍ വേഗത്തിലാവുക.

ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെ ആകെ ജനസംഖ്യ കുറയുകയും അവിടുത്തെ ബുദ്ധമത ജനസംഖ്യ പകുതിയിലധികമായി ചുരുങ്ങുകയും ചെയ്യും. മിക്ക രാജ്യങ്ങളിലും മതവിശ്വാസമില്ലാത്തവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെങ്കിലും നിലവില്‍ ഇക്കൂട്ടര്‍ ഏറ്റവും കൂടുതലുള്ള ചൈനയിലെ മൊത്തം ജനസംഖ്യാ ഇടിവു കാരണം ആഗോള തലത്തില്‍ ഈ വിഭാഗത്തിന്റെ അനുപാതം കുറയും. ലോകത്തെ ആകെ ജൂത ജനസംഖ്യയുടെ 62 ശതമാനവും ഇസ്രയേലില്‍ ജീവിക്കുന്നവരാകും. 2020 ല്‍ ഇത് 46 ശതമാനമായിരുന്നു.

യൂറോപ്പിലെ ജനസംഖ്യ 2070 ഓടെ 17 ശതമാനം കുറയും. ഇവിടെ ക്രൈസ്തവരുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞ് 50.5 കോടിയില്‍ നിന്ന് 32.4 കോടിയാകും. അതേസമയം, യൂറോപ്പില്‍ മുസ്ലിം ജനവിഭാഗം ആറ് ശതമാനത്തില്‍ നിന്ന് 13 ശതമാനമായി ഉയരും. 2020 മുതല്‍ 2070 വരെയുള്ള ആഗോള ജനസംഖ്യാ പഠന പദ്ധതിയുടെ ഭാഗമായാണ് പ്യൂ റിസര്‍ച്ച് സെന്റര്‍ ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വയസ്, ജനനനിരക്ക്, കുടിയേറ്റം, മതപരമായ മാറ്റങ്ങള്‍ എന്നിവ പരിഗണിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.