അരിയില്‍ ഷുക്കൂര്‍ വധക്കേസ്: പി. ജയരാജനേയും ടി.വി രാജേഷിനേയും വെറുതേ വിട്ടു; എം.വി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്തും കുറ്റവിമുക്തന്‍

അരിയില്‍ ഷുക്കൂര്‍ വധക്കേസ്: പി. ജയരാജനേയും ടി.വി രാജേഷിനേയും വെറുതേ വിട്ടു; എം.വി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്തും കുറ്റവിമുക്തന്‍

കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ പ്രതികളായ പി. ജയരാജന്‍, ടി.വി രാജേഷ്, എം.വി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്ത് എന്നിവരെ കോടതി വെറുതേ വിട്ടു.

ഒന്നാം പ്രതി കെ.വി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രന്‍, ഒമ്പതാം പ്രതി മനോഹരന്‍, പത്താം പ്രതി എന്‍.പി ദിനേശന്‍, പന്ത്രണ്ടാം പ്രതി ബിജുമോന്‍, പതിനാലാം പ്രതി ഇ.പി രാധാകൃഷ്ണന്‍, പതിനഞ്ചാം പ്രതി ഷിജിന്‍ മോഹന്‍, ഇരുപത്തഞ്ചാം പ്രതി വി.വി മോഹനന്‍ എന്നിവര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടുണ്ട്.

കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി പി ശബരീ നാഥനാണ് വിധി പറഞ്ഞത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജന്‍, സംസ്ഥാന സമിതി അംഗം ടി.വി രാജേഷ് ഉള്‍പ്പെടെ 33 പ്രതികളാണ് കേസിലുള്ളത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്ത് കേസിലെ പത്തൊമ്പതാം പ്രതിയാണ്.

നിര്‍ണായകമായ കേസിലെ വിധിയായതിനാല്‍ കൊച്ചി സിറ്റി അസിസ്റ്റന്റ് പൊലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ കോടതി വളപ്പില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയത്. സന്ദര്‍ശകരെയും കക്ഷികളെയും കോടതി കവാടത്തില്‍ പരിശോധിച്ച് പേരുവിവരങ്ങള്‍ രേഖപ്പെടുത്തിയ ശേഷമാണ് അകത്തേക്ക് കടത്തിവിട്ടത്.

2012 ഫെബ്രുവരി 20 നാണ് തളിപ്പറമ്പിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ (അബ്ദുള്‍ ഷുക്കൂര്‍) ചുള്ളിയോട് വയലില്‍ വച്ച് കൊല്ലപ്പെട്ടത്. പി. ജയരാജന്റെ വാഹനത്തിന് നേരെ കല്ലെറിഞ്ഞെന്നാരോപിച്ച് ഷുക്കൂറിനെ സിപിഎം പ്രവര്‍ത്തകര്‍ തടങ്കലില്‍ വച്ച് വിചാരണ ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. ഷുക്കൂറിന്റെ മാതാവ് ആത്തിക്ക നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം 2016 ഏപ്രില്‍ 20നാണ് സിബിഐ കേസ് ഏറ്റെടുത്തത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.