ചങ്ങനാശേരി പാറേല്‍ പള്ളിയുടെ കൂദാശ നാളെ; 101 വീടുകളുടെ നിര്‍മാണത്തിന് സഹായം നല്‍കി കരുതലിന്റെ മാതൃകയായി അതിരൂപത

ചങ്ങനാശേരി പാറേല്‍ പള്ളിയുടെ കൂദാശ നാളെ; 101 വീടുകളുടെ നിര്‍മാണത്തിന് സഹായം നല്‍കി കരുതലിന്റെ മാതൃകയായി അതിരൂപത

ചങ്ങനാശേരി: പ്രമുഖ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ചങ്ങനാശേരി പാറേല്‍ മര്‍ത്ത മറിയം വലിയ പള്ളി നാളെ കൂദാശ ചെയ്ത് ബസിലിക്കയായി ഉയര്‍ത്തപ്പെടും. ചങ്ങനാശേരി അതിരൂപതയ്ക്ക് അഭിമാനമായി ബസിലിക്ക മാറുമ്പോള്‍ ഭവന രഹിതരായ നൂറിലധികം കുടുംബങ്ങള്‍ക്ക് ഇത് ആശ്വാസത്തിന്റെയും ആഹ്ലാദത്തിന്റെയും നിമിഷങ്ങളാണ്.

2015 ഓഗസ്റ്റ് 15 ന് പുതിയ പള്ളിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ച് നിര്‍മാണം ആരംഭിച്ചതു മുതലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാറേല്‍ ഇടവക നിര്‍ധനര്‍ക്കുള്ള ഭവന നിര്‍മാണത്തിനും പ്രത്യേക പ്രാധാന്യം നല്‍കിയിരുന്നു.

അന്നു മുതല്‍ പാറേല്‍ ഇട വകയില്‍ നിന്നു പൂര്‍ണമായും, മേജര്‍ അറ്റകുറ്റപ്പണികള്‍ വഴിയും 40 വീടുകള്‍ നിര്‍മിച്ചു നല്‍കി. ഇതില്‍ 10 വീടുകളുടെ നിര്‍മാണത്തിന് ഇടവകയിലെ വിന്‍സന്റ് ഡി പോള്‍ യൂണിറ്റാണ് നേതൃത്വം നല്‍കിയത്.

പുതിയ ദേവാലയത്തിന്റെ കൂദാശ സ്മാരകമായി പാറേല്‍ ഇടവകയുടെ നേതൃത്വത്തില്‍ 11 നിര്‍ധന കുടുംബങ്ങള്‍ക്ക് സൗജന്യമായി സ്ഥലം നല്‍കി വീടുകള്‍ നിര്‍മിച്ചു നല്‍കും. ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയും കരിസ്മാറ്റിക് ഗ്രൂപ്പും പാറേല്‍ ചാസ് യൂണിറ്റും കൈമാറിയ സ്ഥലത്താണ് വീടുകള്‍ നിര്‍മിച്ചു നല്‍കുന്നത്.

11 കുടുംബങ്ങളുടെ പേരില്‍ സ്ഥലം രജിസ്റ്റര്‍ ചെയ്ത് വീട് നിര്‍മാണത്തിനുള്ള നടപടികള്‍ക്ക് ഇതിനോടകം തുടക്കം കുറിച്ചിട്ടുണ്ട്. അതിരൂപതയില്‍ നിന്ന് രാജമറ്റത്ത് 23 കുടുംബങ്ങള്‍ക്കും വായ്പൂര് അഞ്ച് കുടുംബങ്ങള്‍ക്കും ഭവന നിര്‍മാണത്തിനായി സ്ഥലം ക്രമീകരിച്ചു നല്‍കിയിരുന്നു.

കൂടാതെ പള്ളിയുടെ നിര്‍മാണത്തോടനുബന്ധിച്ചുള്ള മരിയന്‍ പില്‍ഗ്രിം സെന്റര്‍ ഭവന നിര്‍മാണ പദ്ധതിയുടെ ഫണ്ടില്‍ നിന്ന് 20 വീടുകളുടെ നിര്‍മാണത്തിനും രണ്ട് വീടുകളുടെ മേജര്‍ അറ്റകുറ്റപ്പണികള്‍ക്കും സാമ്പത്തികസഹായം നല്‍കിയിരുന്നു.

മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ നിര്‍മാണത്തോടനുബന്ധിച്ച് വിവിധ പദ്ധതികള്‍ പ്രകാരം 101 വീടുകളുടെ നിര്‍മാണത്തിനുള്ള സഹായമാണ് ഇതുവരെ നല്‍കിയത്. കൂദാശാ സ്മാരകമായി നിര്‍മിക്കുന്ന 11 വീടുകള്‍ക്കു പുറമെ, അതിരൂപതയുടെ 'കളര്‍ എ ഹോം' പദ്ധതിയുമായി സഹകരിച്ച് വിവിധ ഇടവകകളിലായി 25 വീടുകള്‍കൂടി നിര്‍മിച്ചു നല്‍കാനും പാറേല്‍ പള്ളി ലക്ഷ്യമിടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.