ജീസസ് യൂത്ത് ഓസ്ട്രേലിയയുടെ നേതൃത്വത്തിൽ മെൽബണിൽ ‘ചോസൻ 2026’ യുവജനസമ്മേളനത്തിന് തുടക്കമായി

ജീസസ് യൂത്ത് ഓസ്ട്രേലിയയുടെ നേതൃത്വത്തിൽ മെൽബണിൽ ‘ചോസൻ 2026’ യുവജനസമ്മേളനത്തിന് തുടക്കമായി

മെൽബൺ: ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കത്തോലിക്കാ യുവജനങ്ങളെ ഒരുമിപ്പിക്കുന്ന നാലുദിവസത്തെ ദേശീയ യുവജന സമ്മേളനമായ ‘ചോസൻ 2026’-ന് മെൽബണിൽ തുടക്കമായി. ജീസസ് യൂത്ത് ഓസ്ട്രേലിയ സംഘടിപ്പിക്കുന്ന ഈ സമ്മേളനം നവംബർ 19 മുതൽ 22 വരെ മെൽബണിലെ ബുണ്ടൂറയിലുള്ള ലാ ട്രോബ് സർവ്വകലാശാലയിൽ വെച്ചാണ് നടക്കുന്നത്.

“അവിടുത്തേക്ക് നോക്കിയവർ പ്രകാശിതരായി” (സങ്കീർത്തനങ്ങൾ 34:5) എന്ന തിരുവചനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് “പ്രകാശിതരാകുക” (Be Radiant) എന്നതാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ മുഖ്യപ്രമേയം. ക്രിസ്തുവിലേക്ക് ഹൃദയങ്ങളെ തിരിക്കാനും ലോകത്തിൽ അവിടുത്തെ സ്നേഹത്തിന്റെ സാക്ഷികളായി മാറാനും ഈ സമ്മേളനം യുവജനങ്ങളെ ആഹ്വാനം ചെയ്യുന്നു.

16 മുതൽ 35 വയസുവരെ പ്രായമുള്ളവർ പ്രാർത്ഥനയ്ക്കും കൂട്ടായ്മയ്ക്കും ആത്മീയ നവീകരണത്തിനുമായി ഈ സംഗമത്തിൽ ഒത്തുചേർന്നിട്ടുണ്ട്. പ്രചോദനാത്മകമായ പ്രഭാഷണങ്ങൾ, വിശുദ്ധ കുർബാന, ദിവ്യകാരുണ്യ ആരാധന, സ്തുതിപ്പുകൾ, പ്രായോഗിക ശിൽപശാലകൾ, സായാഹ്ന റാലികൾ എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും.

40-ലധികം രാജ്യങ്ങളിൽ കത്തോലിക്കാ കരിസ്മാറ്റിക് നവീകരണ ശുശ്രൂഷകളിലൂടെ ശ്രദ്ധേയനായ ചിക്കാഗോയിലെ വിശ്വാസപരിശീലന ഡയറക്ടർ ഡോ. മാർക്ക് നിമോ സമ്മേളനത്തിലെ പ്രധാന പ്രഭാഷകരിൽ ഒരാളാണ്. ക്രിസ്തുരാജന്റെ തിരുനാൾ ദിനമായ നവംബർ 22-നാണ് സമ്മേളനം സമാപിക്കുന്നത്. അന്നേദിവസം ഉച്ചകഴിഞ്ഞ് 3.15-ന് ഡാർവിൻ രൂപതാധ്യക്ഷൻ ബിഷപ് ചാൾസ് ഗൗച്ചി സമാപന ദിവ്യബലി അർപ്പിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.