'ആഗോള വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നതിനായി ഐക്യരാഷ്ട്ര സഭയില്‍ സമഗ്രമായ പരിഷ്കാരങ്ങള്‍ കൊണ്ടു വരും'.
ഷെന്‍ഷെന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് എന്നിവരുടെ നിര്‍ണായക ത്രികക്ഷി കൂടിക്കാഴ്ചയില്‍ ആണവ നിര്‍വ്യാപനത്തിന് തീരുമാനം.
ചൈനയിലെ ഷെന്‍ഷെനില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷമുള്ള സംയുക്ത പ്രഖ്യാപനത്തില്‍ ആണവയുദ്ധം ഒരിക്കലും ഉണ്ടാകാന്‍ പാടില്ലെന്ന് മൂന്ന് നേതാക്കളും ഒരേ സ്വരത്തില്‍ വ്യക്തമാക്കി. 80 മിനിറ്റ് നീണ്ടുനിന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് മൂന്ന് ലോക നേതാക്കളും സംയുക്ത പ്രഖ്യാപനം പുറത്തിറക്കിയത്.
പുടിനെ സുഹൃത്ത് എന്ന് അഭിസംബോധന ചെയ്ത ട്രംപ് സൗഹൃദപരമായ നിലപാടാണ് സ്വീകരിച്ചത്. അമേരിക്കയും റഷ്യയും ചൈനയും ചരിത്രത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഒരുമിച്ച് നില്‍ക്കണമെന്ന് ഷീ ജിന്‍പിങ് ആഹ്വാനം ചെയ്തു. നിലവിലെ അന്താരാഷ്ട്ര സാഹചര്യങ്ങളെക്കുറിച്ച് മൂന്ന് രാഷ്ട്ര തലവന്മാരും ആഴത്തില്‍ ആശയ വിനിമയം നടത്തിയതായി സംയുക്ത പ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നു.
ആണവ അപകട സാധ്യതകളും ആണവായുധ വ്യാപനവും കുറയ്ക്കുന്നതിനായി തുടര്‍ ചര്‍ച്ചകള്‍ നടത്താന്‍ യോഗത്തില്‍ ധാരണയായി. ആഗോള വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നതിനായി ഐക്യരാഷ്ട്ര സഭയില്‍ സമഗ്രമായ പരിഷ്കാരങ്ങള്‍ കൊണ്ടു വരുമെന്നും നേതാക്കള്‍ പ്രഖ്യാപിച്ചു.
ആഗോള വിപണിയില്‍ സുഗമമായ ഊര്‍ജ പ്രവാഹം ഉറപ്പാക്കാന്‍ പെട്രോളിയം ഉല്പന്നങ്ങളുടെ ഉല്പാദനവും വിതരണവും വര്‍ധിപ്പിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. എല്ലാ രാഷ്ട്രങ്ങളുടെയും പരമാധികാരത്തെ മാനിക്കണമെന്നും അന്താരാഷ്ട്ര ക്രിമിനല്‍ കോടതി തങ്ങളുടെ അധികാരപരിധി ദുരുപയോഗം ചെയ്യരുതെന്നും സംയുക്ത പ്രഖ്യാപനം ആവശ്യപ്പെടുന്നു. അന്താരാഷ്ട്ര സുരക്ഷയും സ്ഥിരതയും നിലനിര്‍ത്താന്‍ മൂന്ന് രാജ്യങ്ങളും പ്രതിജ്ഞാബദ്ധരാണെന്നും നേതാക്കള്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.