പത്മജയ്ക്ക് പിന്നാലെ പത്മിനിയും ബിജെപി വിട്ടു; ഇനി കോണ്‍ഗ്രസിലേക്ക്: ശ്രീലേഖയും പാര്‍ട്ടി വിട്ടേക്കും

പത്മജയ്ക്ക് പിന്നാലെ പത്മിനിയും ബിജെപി വിട്ടു; ഇനി കോണ്‍ഗ്രസിലേക്ക്: ശ്രീലേഖയും പാര്‍ട്ടി വിട്ടേക്കും

തിരുവനന്തപുരം: മന്ത്രി കെ. മുരളീധരന്റെ സഹോദരി പത്മജ വേണുഗോപാലിന് പിന്നാലെ ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവും കേരള സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റുമായ പത്മിനി തോമസും ബിജെപി രാഷ്ട്രീയം മതിയാക്കി.

വര്‍ഷങ്ങളായുള്ള കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച പത്മിനി തോമസ് 2024 മാര്‍ച്ചിലാണ് ബിജെപിയില്‍ ചേര്‍ന്നത്. സ്ഥാനമാനങ്ങള്‍ ഒന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്താനുള്ള പത്മിനി തോമസിന്റെ തീരുമാനം.

നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുമെന്ന് ബിജെപി വാഗ്ദാനം നല്‍കിയിരുന്നെങ്കിലും അത് തന്നില്ലെന്ന് പത്മിനി തോമസ് മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം കോര്‍പറേഷനില്‍ വിജയ സാധ്യത ഇല്ലാതിരുന്നിട്ടും പാളയത്ത് മത്സരിച്ചു.

അവിടെ ബിജെപിക്ക് സാധാരണ കിട്ടുന്നതിനേക്കാള്‍ വോട്ട് നേടാന്‍ കഴിഞ്ഞു. കുടുംബം മുഴുവന്‍ കോണ്‍ഗ്രസ് ആണ്. അതുകൊണ്ട് താനും തിരികെ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നുവെന്നും അവര്‍ വ്യക്തമാക്കി.

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കെ മുരളീധരനുമെല്ലാം തന്നെ ഒരുപാട് സഹായിച്ചവരാണ്. അന്ന് കെപിസിസി പ്രസിഡന്റുമായുള്ള ചെറിയ തര്‍ക്കമാണ് ബിജെപിയിലേക്ക് പോകാന്‍ ഇടയാക്കിയതെന്നും പത്മിനി തോമസ് പറഞ്ഞു.

കോണ്‍ഗ്രസിലേക്ക് മടങ്ങുന്നത് എന്തെങ്കിലും മോഹിച്ചല്ല, കോണ്‍ഗ്രസ് പ്രവര്‍ത്തകയായി തുടരും. സ്പോര്‍ട്സിനായി നല്ല കാര്യങ്ങള്‍ ചെയ്യാനാവുന്നത് ചെയ്യുമെന്നും പത്മിനി പറഞ്ഞു.

തെറ്റുപറ്റിയാല്‍ തിരുത്തണം. അതിനുള്ള അവസരം കോണ്‍ഗ്രസ് നേതൃത്വം നല്‍കണം. ചൊവ്വാഴ്ച കെപിസിസി അധ്യക്ഷനെ നേരില്‍ കാണും. പത്മജയുടെ രാജിയല്ല പ്രചോദനം. ഒരു വര്‍ഷം മുമ്പേ തീരുമാനം എടുത്തതാണ്.

രാജിക്കത്ത് ഇന്ന് കൈമാറുമെന്നും പത്മിനി വ്യക്തമാക്കി. കെപിസിസി അധ്യക്ഷനുമായി ഫോണില്‍ സംസാരിച്ചുവെന്നും തന്റെ അതേ വികാരമാണ് ആര്‍. ശ്രീലേഖയ്ക്കും ഉള്ളതെന്നും പത്മിനി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

പാര്‍ട്ടിയുമായി കഴിഞ്ഞ കുറച്ചുകാലമായി ഇടഞ്ഞു നില്‍ക്കുന്ന മുന്‍ ഡിജിപിയും ശാസ്തമംഗലം കൗണ്‍സിലറുമായ ആര്‍. ശ്രീലേഖയും രാജിവയ്ക്കുമോ എന്നാണ് കേരള രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

2026 ഒക്ടോബര്‍ ആദ്യവാരം രാജിക്കത്ത് നല്‍കിയതായി വാര്‍ത്തകള്‍ വന്നെങ്കിലും ബിജെപി നേതൃത്വവുമായുള്ള ചര്‍ച്ചകള്‍ക്ക് പിന്നാലെ അവര്‍ കൗണ്‍സിലര്‍ സ്ഥാനത്ത് തുടരാന്‍ സമ്മതിച്ചിരുന്നു. ശ്രീലേഖ രാജി വച്ചാല്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി ഭരണം പ്രതിസന്ധിയിലാകും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.