മെൽബൺ സീറോ മലബാർ രൂപതയുടെ പ്രഥമ എപ്പാർക്കിയൽ അസംബ്ലിക്ക് സമാപനം; സിനഡാത്മക കൂട്ടായ്മയിൽ ഭാവിക്ക് പുതിയ ദിശാബോധം

മെൽബൺ സീറോ മലബാർ രൂപതയുടെ പ്രഥമ എപ്പാർക്കിയൽ അസംബ്ലിക്ക് സമാപനം; സിനഡാത്മക കൂട്ടായ്മയിൽ ഭാവിക്ക് പുതിയ ദിശാബോധം

മെൽബൺ: മെൽബൺ സെന്റ് തോമസ് അപ്പസ്തോല സീറോ മലബാർ രൂപതയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായ പ്രഥമ എപ്പാർക്കിയൽ അസംബ്ലിക്ക് സമാപനമായി. നവംബർ 19 മുതൽ 21 വരെ നടന്ന മൂന്നുദിവസത്തെ സമ്മേളനത്തിൽ വൈദികരും സമർപ്പിതരും അല്മായ പ്രതിനിധികളും പങ്കെടുത്തു. സിനഡാത്മക കൂട്ടായ്മയിലൂടെയും പരിശുദ്ധാത്മാവിന്റെ സ്വരത്തിന് കാതോർത്തുള്ള ആത്മീയ വിവേചിച്ചറിയലിലൂടെയും രൂപതയുടെ ഭാവി അജപാലന ദിശകൾ കണ്ടെത്തുന്നതിനുള്ള വേദിയായി അസംബ്ലി മാറി.

വിശുദ്ധ കുർബാനയോടും ഉദ്ഘാടന സമ്മേളനത്തോടുംകൂടി ആരംഭിച്ച അസംബ്ലിയിൽ പ്രോട്ടോസിഞ്ചെല്ലൂസ് മോൺ. ഫ്രാൻസിസ് കോലഞ്ചേരി സ്വാഗതമാശംസിച്ചു. കുടുംബവിശ്വാസജീവിതം, യുവജനപങ്കാളിത്തം, സീറോ മലബാർ സഭയുടെ തനിമയും പൈതൃകവും, നേതൃത്വവികസനം, പ്രേഷിതദൗത്യം തുടങ്ങിയ വിഷയങ്ങളിൽ പ്ലീനറി സമ്മേളനങ്ങളും ഗ്രൂപ്പ് ചർച്ചകളും നടന്നു. പരസ്പരം ശ്രവിക്കുകയും അനുഭവങ്ങൾ പങ്കുവയ്ക്കുകയും പ്രാർത്ഥനാപൂർവം കൂട്ടായി വിവേചിച്ചറിയുകയും ചെയ്യുന്ന സിനഡാത്മക സമീപനമായിരുന്നു അസംബ്ലിയുടെ മുഖമുദ്ര.

മൂന്ന് പൗരസ്ത്യ കത്തോലിക്കാ സഭകളുടെ മെത്രാന്മാരുമായുള്ള സംവാദം അസംബ്ലിയുടെ പ്രധാന ആകർഷണമായി. ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ മെൽബൺ രൂപതാധ്യക്ഷൻ കർദിനാൾ മൈക്കോള ബൈചോക്ക് സി.എസ്.എസ്.ആർ., വിശ്വാസകൈമാറ്റത്തിൽ കുടുംബങ്ങളുടെ നിർണായക പങ്കും പൗരസ്ത്യ പാരമ്പര്യങ്ങൾ വിശ്വസ്തതയോടെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു.

മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭയുടെ മെത്രാൻ ബിഷപ്പ് റോബർട്ട് റബ്ബാത്ത്, സഭയുടെ ചരിത്രവും വ്യക്തിത്വവും പുതിയ തലമുറകളിലേക്ക് പകർന്നുനൽകണമെന്നും കുടിയേറ്റ സമൂഹമെന്ന പരിമിതികൾക്കപ്പുറം പ്രേഷിതസഭയായി വളരണമെന്നും ആഹ്വാനം ചെയ്തു. പൗരസ്ത്യ സഭകളുടെ വ്യക്തിത്വം ഭാഷയിലും സംസ്കാരത്തിലും മാത്രം ഒതുങ്ങുന്നതല്ലെന്നും കുടുംബശാക്തീകരണം, യുവജനപങ്കാളിത്തം, ദൈവവിളി പ്രോത്സാഹനം, അല്മായ നേതൃത്വം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും മറോനൈറ്റ് കത്തോലിക്കാ സഭയുടെ മെത്രാൻ ബിഷപ്പ് അന്റോയ്ൻ-ചാർബൽ താരാബേ ഒ.എൽ.എം. ഓർമിപ്പിച്ചു.

കുടുംബങ്ങളിലൂടെ വിശ്വാസവും നസ്രാണി പൈതൃകവും പുതിയ തലമുറകളിലേക്ക് കൈമാറുക, യുവജനങ്ങൾക്ക് സഭാനേതൃത്വത്തിൽ കൂടുതൽ അവസരങ്ങൾ നൽകുക, അല്മായ പങ്കാളിത്തം ശക്തിപ്പെടുത്തുക, മാതൃസഭയുമായുള്ള ബന്ധം ദൃഢമാക്കുക, ഓസ്‌ട്രേലിയൻ സാഹചര്യങ്ങൾക്ക് അനുയോജ്യമായ അജപാലന സമീപനങ്ങൾ രൂപപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങൾ ചർച്ചകളിൽ ഉയർന്നു.

അസംബ്ലി കേവലം അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നതിനോ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനോ ഉള്ള വേദിയല്ലെന്നും, പരിശുദ്ധാത്മാവ് സഭയോട് എന്താണ് ആവശ്യപ്പെടുന്നതെന്ന് കൂട്ടായി ശ്രവിക്കുകയും വിവേചിച്ചറിയുകയും ചെയ്യുന്ന ആത്മീയ പ്രക്രിയയാണെന്നും സമാപന സന്ദേശത്തിൽ രൂപതാധ്യക്ഷൻ മാർ ജോൺ പനംതോട്ടത്തിൽ സി.എം.ഐ. വ്യക്തമാക്കി. സിനഡാത്മകതയുടെ ചൈതന്യത്തിൽ എല്ലാവരുടെയും സ്വരങ്ങൾക്ക് പ്രാധാന്യം നൽകി, പ്രാർത്ഥനയിലൂടെയും പരസ്പര ശ്രവണത്തിലൂടെയും സഭയുടെ ഭാവി രൂപപ്പെടുത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

പരിശുദ്ധാത്മാവിന്റെ വഴിനടത്തിപ്പിൽ വിശ്വാസപൈതൃകത്തിൽ ഉറച്ചുനിന്നുകൊണ്ട് കൂട്ടായ്മയും പങ്കാളിത്തവും പ്രേഷിതദൗത്യവും ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത പുതുക്കിയാണ് പ്രഥമ എപ്പാർക്കിയൽ അസംബ്ലി സമാപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.