വിശ്വാസവും കുടുംബജീവിതവും സഭാപാരമ്പര്യവും സംരക്ഷിക്കണമെന്ന് പൗരസ്ത്യ കത്തോലിക്കാ മെത്രാന്മാർ

വിശ്വാസവും കുടുംബജീവിതവും സഭാപാരമ്പര്യവും സംരക്ഷിക്കണമെന്ന് പൗരസ്ത്യ കത്തോലിക്കാ മെത്രാന്മാർ

മെൽബൺ: മെൽബൺ സെന്റ് തോമസ് അപ്പസ്തോല സീറോ മലബാർ രൂപതയുടെ ചരിത്രപ്രധാനമായ പ്രഥമ രൂപതാ അസംബ്ലിയുടെ രണ്ടാം ദിനത്തിൽ പൗരസ്ത്യ കത്തോലിക്കാ സഭകളിലെ മെത്രാന്മാരുമായി നടന്ന സംവാദം ശ്രദ്ധേയമായി. വിശ്വാസസംരക്ഷണം, കുടുംബശാക്തീകരണം, ഓഷ്യാനിയയിലെ സഭയുടെ പ്രേഷിതദൗത്യം എന്നിവയായിരുന്നു സംവാദത്തിലെ പ്രധാന ചർച്ചാവിഷയങ്ങൾ.

മാതൃസഭയുടെ വേരുകളോടും പാരമ്പര്യങ്ങളോടും അഭേദ്യമായ ബന്ധം നിലനിർത്തിക്കൊണ്ട് വിശ്വാസപൈതൃകം വരുംതലമുറകൾക്ക് കൈമാറേണ്ടതിന്റെ പ്രാധാന്യം മെത്രാന്മാർ ഊന്നിപ്പറഞ്ഞു. സഭയുടെ ചരിത്രവും വിശ്വാസാനുഭവങ്ങളും പുതുതലമുറയ്ക്ക് പകർന്നുനൽകുന്നത് സഭാസ്വത്വം വളർത്തുന്നതിൽ നിർണായകമാണെന്നും അവർ ചൂണ്ടിക്കാട്ടി.

കുടുംബങ്ങളെ ഗാർഹികസഭകളായി ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയ്ക്കും സംവാദം പ്രത്യേക ഊന്നൽ നൽകി. മാതാപിതാക്കളാണ് മക്കളുടെ പ്രഥമ വിശ്വാസപരിശീലകരെന്നും ക്രൈസ്തവ ജീവിതത്തിന്റെ അടിത്തറ കുടുംബമാണെന്നും ചർച്ചയിൽ ഓർമിപ്പിച്ചു.

ഇതിനുപുറമെ, സഭയിലെ യുവജനപങ്കാളിത്തം, അല്മായ നേതൃത്വശാക്തീകരണം, മതേതര സമൂഹത്തിൽ പൗരസ്ത്യ കത്തോലിക്കാ വിശ്വാസവും തനിമയും സംരക്ഷിക്കുന്നതിലെ വെല്ലുവിളികൾ എന്നിവയും വിശദമായി ചർച്ച ചെയ്തു. മാതൃസഭയുമായുള്ള ബന്ധം ദൃഢമാക്കി ഓഷ്യാനിയയിൽ സജീവവും വിശ്വാസതീക്ഷ്ണതയുള്ളതുമായ പ്രേഷിതസഭയായി വളരേണ്ടതിന്റെ ആവശ്യകതയും സംവാദം അടിവരയിട്ടു

രൂപതയുടെ ഭാവി അജപാലന ദർശനത്തിനും മുൻഗണനകൾക്കും രൂപംനൽകുന്ന ഗ്രൂപ്പ് ചർച്ചകളും പൊതുസമ്മേളനങ്ങളും രണ്ടാം ദിനത്തിലും തുടർന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.