കൊച്ചി: ബാങ്ക് അക്കൗണ്ട് വിവരങ്ങളിലെ പിഴവുകള്‍ കര്‍ഷകര്‍ക്കുള്ള ധനസഹായ വിതരണത്തിന് തടസമാകുന്നു. കര്‍ഷകര്‍ വിവരങ്ങള്‍ അടിയന്തരമായി പുതുക്കണമെന്ന് കൃഷി വകുപ്പ് ആവശ്യപ്പെട്ടു.
വര്‍ഷങ്ങള്‍ക്കുമുമ്പ് രജിസ്റ്റര്‍ ചെയ്ത അപേക്ഷകളില്‍ രേഖപ്പെടുത്തിയിട്ടുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങളിലെ പിഴവുകള്‍ മൂലം കോടിക്കണക്കിന് രൂപയുടെ ധനസഹായം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറുന്നതിന് തടസങ്ങള്‍ നേരിടുകയാണ്.
എല്ലാ കര്‍ഷകരും അടുത്തുള്ള കൃഷിഭവനുമായി അടിയന്തരമായി ബന്ധപ്പെട്ട് അപേക്ഷകളില്‍ രേഖപ്പെടുത്തിയിട്ടുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പു വരുത്തണമെന്ന് കൃഷി വകുപ്പ് അറിയിച്ചു.
പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതി, വിള ഇന്‍ഷുറന്‍സ് പദ്ധതി എന്നിവ പ്രകാരം കര്‍ഷകര്‍ക്ക് അനുവദിച്ചിട്ടുള്ള ധനസഹായം വിതരണം ചെയ്യുന്നതിനാണ് ബാങ്ക് അക്കൗണ്ട് വിവരങ്ങളിലെ പിഴവുകള്‍ തടസമാകുന്നത്.
അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി കോഡ് , അക്കൗണ്ട് ഉടമയുടെ പേര് എന്നിവയില്‍ പിഴവുകളോ മാറ്റങ്ങളോ ഉണ്ടെങ്കില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തി പുതുക്കിയ വിവരങ്ങള്‍ കൃഷി ഭവനില്‍ സമര്‍പ്പിക്കണം.
ബാങ്ക് അക്കൗണ്ട് വിവരങ്ങളിലെ ചെറിയ പിഴവുകള്‍ പോലും ധനസഹായം കൈമാറുന്നതിനുള്ള നടപടികളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും അര്‍ഹരായ എല്ലാ കര്‍ഷകര്‍ക്കും ധനസഹായം തടസങ്ങളില്ലാതെ ലഭ്യമാക്കുന്നതിന് കൃത്യമായ ബാങ്ക് വിവരങ്ങള്‍ ഉറപ്പു വരുത്തുന്നതില്‍ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും കൃഷിമന്ത്രി ടി. സിദ്ദിഖ് ആവശ്യപ്പെട്ടു.
കേരളത്തിലെ കര്‍ഷകര്‍ക്ക് അപ്രതീക്ഷിതമായി ഉണ്ടാകുന്ന കൃഷി നാശങ്ങളില്‍ നിന്ന് സാമ്പത്തിക സംരക്ഷണം നല്‍കുന്നതിനായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന രണ്ട് പ്രധാന പദ്ധതികളാണ് പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതിയും സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതിയും.
നെല്ല്, തെങ്ങ്, റബ്ബര്‍, വാഴ, കുരുമുളക്, കവുങ്ങ്, ഏലം, ഇഞ്ചി, മഞ്ഞള്‍, പച്ചക്കറികള്‍ തുടങ്ങി സംസ്ഥാനത്തെ 27 പ്രധാന വിളകള്‍ക്ക് ഈ പദ്ധതി പ്രകാരം പരിരക്ഷ ലഭിക്കും. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വരള്‍ച്ച, ചുഴലിക്കാറ്റ്, ഇടിമിന്നല്‍, കടലാക്രമണം, കാട്ടുതീ, വന്യജീവികളുടെ ആക്രമണം എന്നിവ മൂലമുണ്ടാകുന്ന പൂര്‍ണ നാശ നഷ്ടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ലഭിക്കും. നെല്‍ കൃഷിക്ക് കീടരോഗബാധ ഉള്‍പ്പെടെ 50 ശതമാനത്തിലധികം നാശനഷ്ടമുണ്ടായാലും പൂര്‍ണ നഷ്ടമായി കണക്കാക്കി തുക നല്‍കും.
സ്വന്തം ഭൂമിയിലോ പാട്ടഭൂമിയിലോ കൃഷി ചെയ്യുന്നവര്‍ക്ക് കൃഷിഭവന് വഴിയോ എയിംസ് പോര്‍ട്ടല്‍ വഴിയോ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. കൃഷിഭവന് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് അംഗീകരിച്ച ശേഷം നിശ്ചിത പ്രീമിയം തുക ഓണ്‍ലൈനായി അടയ്ക്കണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.