ചൈനയില്‍ വീണ്ടും മെത്രാഭിഷേകം; വത്തിക്കാന്‍-ചൈന കരാര്‍ പ്രകാരം നിയമിതനാകുന്ന ഇരുപതാമത്തെ ബിഷപ്പ്

ചൈനയില്‍ വീണ്ടും  മെത്രാഭിഷേകം; വത്തിക്കാന്‍-ചൈന കരാര്‍ പ്രകാരം നിയമിതനാകുന്ന ഇരുപതാമത്തെ ബിഷപ്പ്

ബീജിങ്: ചൈനയില്‍ വീണ്ടും കത്തോലിക്കാ ബിഷപ്പിനെ നിയമിച്ചു. സിയാമെന്‍ രൂപതയുടെ അധ്യക്ഷനായി ഫാ. ജ്യൂസെപ്പെ ലിയു ഹെങ്പിങ് നവംബര്‍ 18 ന് അഭിഷിക്തനായി. വത്തിക്കാന്‍-ചൈന താല്‍ക്കാലിക കരാറിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമനം.

ലിയോ പതിനാലാമന്‍ പാപ്പ അധികാരമേറ്റ ശേഷം ചൈനയില്‍ നിയമിക്കപ്പെടുന്ന പത്താമത്തെ ബിഷപ്പാണ് ഫാ. ഹെങ്പിങ്. വത്തിക്കാനും ചൈനയും തമ്മിലുള്ള കരാര്‍ പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന ഇരുപതാമത്തെ ബിഷപ്പ് കൂടിയാണ് അ്ദദേഹം.

2010 മുതല്‍ 2025 വരെ സിയാമെന്‍ രൂപതയെ നയിച്ചിരുന്ന ബിഷപ്പ് ജോസഫ് കായ് ബിങ്റൂയിയെ ഫുഷൗ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി നിയമിച്ചതിനെ തുടര്‍ന്ന് ഏകദേശം രണ്ട് വര്‍ഷത്തോളമായി ഈ രൂപതയ്ക്ക് സ്വന്തമായി ബിഷപ്പ് ഉണ്ടായിരുന്നില്ല.


1999 ല്‍ പൗരോഹിത്യം സ്വീകരിച്ച ഹെങ്പിങ് തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും പഠനം പൂര്‍ത്തിയാക്കിയ ശേഷം തെക്കുകിഴക്കന്‍ ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയിലെ വിവിധ ഇടവകകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2018 സെപ്റ്റംബറില്‍ വത്തിക്കാനും ചൈനയും തമ്മില്‍ ഒപ്പുവെച്ച കരാര്‍ 2020 സെപ്റ്റംബറിലാണ് ആദ്യമായി പുതുക്കിയത്. ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള സഭയിലെയും സര്‍ക്കാരിനെ ഭയപ്പെട്ടു പ്രവര്‍ത്തിക്കുന്ന വത്തിക്കാന്റെ കീഴിലുള്ള ഔദ്യോഗിക സഭയിലെയും വിശ്വാസികളെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു ഈ കരാറിനു വത്തിക്കാന്‍ തയാറായത്.

2018 ലെ വത്തിക്കാന്‍-ചൈന കരാറിനെക്കുറിച്ച് വത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കരാറിലെ അപൂര്‍ണതകള്‍ വ്യക്തമാണെങ്കിലും ചര്‍ച്ചകളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് പോള്‍ ഗല്ലഗര്‍ ഇക്കഴിഞ്ഞ മാസം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.