വൈക്കം സത്യാഗ്രഹം - ഇരുപതാം നൂറ്റാണ്ടിൽ കേരളത്തിൽ നടന്ന ഏറ്റവും വലിയ നവോത്ഥാന പ്രക്ഷോഭം

വൈക്കം സത്യാഗ്രഹം - ഇരുപതാം നൂറ്റാണ്ടിൽ കേരളത്തിൽ നടന്ന ഏറ്റവും വലിയ നവോത്ഥാന പ്രക്ഷോഭം

മലബാർ ലഹളക്ക് ശേഷം ഇത്രയധികം ദേശീയ ശ്രദ്ധ ആകർഷിച്ച മറ്റൊരു പ്രക്ഷോഭം കേരളത്തിൽ വേറെ ഉണ്ടാകില്ല.
വൈക്കം മഹാദേവക്ഷേത്രത്തിന് മുൻപിലുള്ള വഴിയിലെ തീണ്ടൽ പലക മാറ്റി, ചുറ്റുമുള്ള പൊതുവഴികളിൽ കൂടി അവർണ്ണ ഹിന്ദുക്കൾക്ക് സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി നടത്തിയ സത്യഗ്രഹം. 1924 മാർച്ച് 30ന് തുടങ്ങി 1925 നവംബർ 23 വരെ 603 ദിവസം നീണ്ടുനിന്നു ഈ സത്യാഗ്രഹം. സവർണർക്ക് പുറമേ ക്രിസ്ത്യാനിക്കും മുസ്ലീങ്ങൾക്കും ഈ വഴിയിൽ വിലക്കില്ലായിരുന്നു.

ടി കെ മാധവൻ, കെ കേളപ്പൻ, കെ പി കേശവൻ മേനോൻ, എ കെ പിള്ള, തുടങ്ങിയവരായിരുന്നു ഈ സത്യഗ്രഹത്തിലെ പ്രധാന നേതാക്കൾ. ഇവരെ കൂടാതെ പെരിയാർ ഈ വി രാമസ്വാമി നായ്ക്കർ (പിന്നീട് വൈക്കം വീരൻ എന്നറിയപ്പെട്ടു), ജോർജ് ജോസഫ്, കെ കെ കുരുവിള, പരീത് സാഹിബ്, സെബാസ്റ്റ്യൻ, ചന്ദ്രിക പത്രത്തിന്റെ എംഡി എം കെ അബ്ദുൽ റഹിമാൻ കുട്ടി തുടങ്ങിയവരും ഈ സമരത്തിൽ സജീവമായി പങ്കെടുത്തു. തുടക്കം മുതൽ തന്നെ ശ്രീനാരായണഗുരുവും എസ്എൻഡിപിയും ഈ സമരത്തിന് എല്ലാവിധ സഹായങ്ങളും പ്രോത്സാഹനവും ചെയ്തു കൊടുത്തിരുന്നു. പഞ്ചാബിലെ അകാലികളും മദ്രാസിലെ ദ്രാവിഡ പ്രവർത്തകരും സമരത്തിൽ പങ്കുചേർന്നു.

1923 ൽ കാക്കിനഡയിൽ നടന്ന കോൺഗ്രസിന്റെ സമ്മേളനത്തിൽ അയിത്തോച്ചാടനം തുടച്ചുനീക്കുവാൻ പ്രമേയം പാസാക്കിയിരുന്നു. പ്രമേയ അവതാരകൻ ടി കെ മാധവനും. അതേ തുടർന്നായിരുന്നു മഹാത്മാഗാന്ധിയുടെ ആശിർവാദത്തോടെ ഈ സത്യാഗ്രഹം നടന്നത്. ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാൻ വേണ്ടിയല്ല മറിച്ച് പൊതുവഴിയിൽ കൂടി നടക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു സമരം നടത്തിയത്.

സത്യഗ്രഹം തുടങ്ങുന്ന ദിവസം തന്നെ സമരം നിരോധിച്ച് മജിസ്ട്രേറ്റ് ഉത്തരവിറക്കി, വഴികൾ വേലികെട്ടിയടച്ചു. ആദ്യദിവസം ഈഴവ, പുലയ, നായർ വിഭാഗക്കാരായ മൂന്നു പേർ ഒരുമിച്ച് വേലി മറികടക്കാൻ ശ്രമിച്ചെങ്കിലും നായരായ ഗോവിന്ദപ്പണിക്കരെ മാത്രമേ പോലീസ് അതിന് അനുവദിച്ചുള്ളൂ. അദ്ദേഹം അത് തിരസ്കരിക്കുകയും ചെയ്തു. തന്മൂലം മൂന്നു പേരും അറസ്റ്റ് വരിച്ചു.

അങ്ങനെ എല്ലാ ദിവസവും മൂന്നു പേർ വീതം വേലി പൊളിച്ച് കടക്കാൻ ശ്രമിക്കും, അറസ്റ്റ് വരിക്കും, വൈകുന്നേരം പൊതുസമ്മേളനവും നടക്കും. പോലീസിൽ നിന്നും സവർണ്ണരിൽ നിന്നും നിത്യവും സമരക്കാർക്ക് മർദ്ദനമേൾക്കേണ്ടിവന്നു. തിരുവല്ല ചിറ്റേടത്ത് ശങ്കുപിള്ളയാണ് വൈക്കം സത്യാഗ്രഹത്തിലെ ആദ്യത്തെ രക്തസാക്ഷി.

മരണം വരെയുള്ള സത്യാഗ്രഹത്തോടും സമരങ്ങളോടും മഹാത്മാഗാന്ധിക്ക് യോജിപ്പില്ലായിരുന്നു. അതിന്റെ വെളിച്ചത്തിൽ മരണം വരെയുള്ള സമരം എന്ന ആശയം ഉപേക്ഷിക്കുകയായിരുന്നു. സ്ത്രീകൾ പിടിയരിയും പണവും ശേഖരിച്ച് സമര വേദിയിൽ എത്തി ഭക്ഷണം വെച്ചു കൊടുത്തിരുന്നു. ഘട്ടം ഘട്ടമായി ടി കെ മാധവന്റെ ഭാര്യയും മകളും സമര നേതാക്കളുടെ ഭാര്യമാരും സമരത്തിൽ പൂർണ്ണമായി പങ്കെടുത്തു.

ഈ സമരത്തിന് പിന്തുണ തേടി സവർണ്ണ സമുദായ അംഗങ്ങൾ തിരുവനന്തപുരത്തേക്ക് കാൽനട ജാഥ നടത്തി തിരുവിതാംകൂർ റാണിക്ക് നിവേദനം കൊടുക്കുന്നതിന് ഗാന്ധിജി നിർദ്ദേശം കൊടുത്തു. അതനുസരിച്ച് വൈക്കത്തു നിന്നും മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ സവർണ്ണജാഥ നടത്തി.

എൻഎസ്എസ് നേതാക്കളായ എം എൻ നായർ, കൈനിക്കര പത്മനാഭപിള്ള, കുമ്മനം ഗോപാലപിള്ള, ചങ്ങനാശ്ശേരി പരമേശ്വരൻപിള്ള, പ്രാക്കുളം പരമേശ്വരൻപിള്ള, കെ ജി കുഞ്ഞു കൃഷ്ണപിള്ള, കെ പി കേശവമേനോൻ തുടങ്ങി 10 സവർണ്ണ ഹിന്ദു വോളണ്ടിയർമാരുടെ നേതൃത്വത്തിൽ 100 പേർ അടങ്ങുന്ന ജാഥയാണ് വൈക്കത്ത് നിന്നും തിരുവനന്തപുരത്തേക്ക് നീങ്ങിയത്. ഖദർ മുണ്ട് ധരിച്ചും ഗാന്ധി തൊപ്പി വെച്ചും കോൺഗ്രസ് കൊടിപിടിച്ചും പാട്ടുപാടിയുമാണ് രണ്ടുവരിയായി കാൽനട യാത്ര ചെയ്തത്. പോകും വഴി ജാഥ ശിവഗിരിയിൽ നിർത്തി നാരായണഗുരുവിനെ സന്ദർശിക്കാനും മറന്നില്ല.

ഇതേ ആവശ്യവുമായി ഡോ. പെരുമാൾ നായിഡുവിന്റെ നേതൃത്വത്തിൽ തമിഴ്നാട്ടിലെ ശുചീന്ദ്രത്തു നിന്നും വന്ന ജാഥ പുത്തൻ കച്ചേരി മൈതാനത്ത് എത്തി ഒന്നിച്ചപ്പോൾ 5000 പേരായി. തിരുവനന്തപുരത്ത് എത്തി ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള മന്നത്ത് പത്മനാഭൻ, ഡോക്ടർ നായിഡു തുടങ്ങിയ പ്രതിനിധി സംഘം റീജന്റ് മഹാറാണി സേതുലക്ഷ്മിഭായിയെ കണ്ട്‌ 25,000 സവർണർ ഒപ്പിട്ട നിവേദനം സമർപ്പിച്ചു. അനുഭവപൂർണ്ണമായ ഒരു മറുപടിയായിരുന്നു റീജന്റില്‍ നിന്നും കിട്ടിയത്. ഇവർ ദിവാനെയും പ്രത്യേകം കണ്ടിരുന്നു.

1925 ഫെബ്രുവരി ഏഴിന് എസ്എൻഡിപി നേതാവ് എൻ കുമാരൻ തിരുവിതാം കാർ ലെജിസ്ട്രേറ്റീവ് കൗൺസിലിൽ എല്ലാവർക്കും ആയി വഴിതുറന്നു കൊടുക്കണമെന്ന പ്രമേയം അവതരിപ്പിച്ചു. പ്രമേയം 21 നെതിരേ 22 വോട്ടിന് പരാജയപ്പെട്ടു. അനുകൂലമായി കെ സി മാമ്മൻ മാപ്പിള, ജെ ജോൺ നിധീരി, ടി കെ വേലുപ്പിള്ള, തര്യത്ത് കുഞ്ഞു തൊമ്മൻ തുടങ്ങിയവർ വോട്ട് ചെയ്തപ്പോൾ ഈ പരമേശ്വരൻ, മേരി പുന്നൻ ലൂക്കോസ്, കുട്ടനാട്ടിലെ പുളിങ്കുന്നുകാരനായ ഐ സി ചാക്കോ (ഇല്ലിപറമ്പിൽ കോര ചാക്കോ) തുടങ്ങിയവർ എതിർത്ത് വോട്ട് ചെയ്തു. പ്രമേയത്തെ തോൽപ്പിക്കുവാൻ അന്നത്തെ ദിവാൻ ടി രാഘവയ്യ എല്ലാ അടവുകളും പയറ്റിയിരുന്നെന്ന് ചരിത്രത്തിൽ പറയുന്നു. ഇതുകൊണ്ടൊന്നും സത്യാഗ്രഹങ്ങൾ തകർന്നില്ല.
1925 മാർച്ച് 10ന് സഹായിക്കൊപ്പവും സി രാജഗോപാലചാരിയും ഒന്നിച്ച് ഗാന്ധിജി കേരളത്തിൽ വന്നു. ശിവഗിരിയിൽ എത്തി നാരായണഗുരുവിനെ സന്ദർശിച്ച് സത്യഗ്രഹ രീതിയോട് വിയോജിപ്പുണ്ടോ എന്ന് ഗാന്ധിജി ചോദിച്ചപ്പോൾ "എന്തെങ്കിലും മാറ്റം വരുത്തണമെന്ന് തനിക്ക് അഭിപ്രായമില്ലെന്ന്" ഗുരു മറുപടി പറഞ്ഞു.
വൈക്കത്ത് ആശ്രമത്തിൽ താമസിച്ച ഗാന്ധിജി സമരക്കാരോട് സംസാരിച്ചതിനു ശേഷം സവർണ്ണരുമായി ഒരു ഒത്തുതീർപ്പിനുള്ള ശ്രമം നടത്തി. അതും പ്രകാരം തന്റെ ആശ്രമത്തിലേക്ക് ക്ഷണിച്ച് സവർണ്ണ നേതാവ് ഇണ്ടംതുരുത്തി ദേവൻ നീലകണ്ഠൻ നമ്പൂതിരിക്കു ഗാന്ധിജിയുടെ സഹായി മഹാദേവ ദേശായി വഴി ഒരു കുറിപ്പ് കൊടുത്തുവിട്ടു. കാണേണ്ടവർ തന്നെ തന്റെ വീട്ടിൽ വന്നു കാണാമെന്നായിരുന്നു നമ്പൂതിരിയുടെ മറുപടി.

പിറ്റേന്ന് തന്നെ ഗാന്ധിയും കൂട്ടരും ഇണ്ടംതുരുത്തി മനയിലെത്തി. നമ്പൂതിരിക്കൊപ്പം മറ്റൊരു സവർണനും ഉണ്ടായിരുന്നു. ചർച്ച പക്ഷേ ഇല്ലത്തിന് പുറത്ത് വെച്ചായിരുന്നു. ഗാന്ധിജി വൈശ്യനായിരുന്നു, അപ്പോൾ നമ്പൂതിരിയുടെ മനയ്ക്കുള്ളിൽ പ്രവേശിക്കാൻ വയ്യ എന്നാണ് വെപ്പ്. കാലം എല്ലാത്തിനും കണക്ക് ചോദിക്കും; ഒന്നും ചോദിക്കാതെ കടന്നുപോയ ചരിത്രമില്ല. നമ്പൂതിരിയുടെ മന ഇന്ന് ചെത്തു തൊഴിലാളി യൂണിയൻ ഓഫീസാണ്.

അതേസമയം സമരം അവസാനിപ്പിക്കാനുള്ള ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായി. മഹാദേവക്ഷേത്രത്തിന്റെ തെക്കും വടക്കും പടിഞ്ഞാറുമുള്ള വഴികൾ തുറന്നു കൊടുക്കാനും പ്രധാന പ്രവേശന വഴിയായ കിഴക്കുവശത്തെ വഴി അടഞ്ഞു തന്നെ കിടക്കട്ടെയെന്നും സർക്കാർ തീരുമാനിച്ചു.

ഈ സത്യഗ്രഹത്തിൽ നാരായണഗുരു വഹിച്ച പങ്ക് നിസ്തുലമാണ്. സത്യഗ്രഹ സ്ഥലത്തിന് സമീപത്തുള്ള വെല്ലൂർ മഠം സത്യാഗ്രഹ ക്യാമ്പായി വിട്ടു കൊടുത്തിരുന്നു. സത്യഗ്രഹ ഫണ്ടിലേക്ക് വലിയ സംഭാവനയാണ് ഗുരു നൽകിയത്.
അങ്ങനെ 1925 നവംബർ 23ന് 603 ദിവസം നീണ്ടു നിന്ന സത്യാഗ്രഹത്തിന് തിരശ്ശീല വീണു. സാമൂഹിക നീതിക്കായി ഒരു ജനത നടത്തിയ പ്രക്ഷോഭം അങ്ങനെ വിജയം കണ്ടു. വർഷങ്ങൾക്ക് ശേഷം എല്ലാവർക്കുമായി ക്ഷേത്രപ്രവേശന വിളംബരം നടത്തിയതിന്റെ മൂല കാരണം വൈക്കം സത്യഗ്രഹം ആണെന്നതിൽ തർക്കമില്ല.

ഇതോടൊപ്പം മറ്റൊരു വൈക്കം വിപ്ലവം കൂടി പറഞ്ഞു പോകട്ടെ. 1806 ൽ തിരുവിതാംകൂറിൽ അവിട്ടം തിരുനാൾ ബാലവർമ്മ രാജാവും വേലുത്തമ്പി ദളവയും ഭരണം നടത്തിയിരുന്ന കാലത്ത് 200 ഓളം ഈഴവർ വൈക്കം ക്ഷേത്രത്തിൽ കയറുവാൻ ഒരു ജാഥ നടത്തിയിരുന്നു. വേലുത്തമ്പിയുടെ ആജ്ഞപ്രകാരം സവർണർ അവരെ ജീവനോടെയും അല്ലാതെയുമായി ക്ഷേത്രത്തിനു സമീപമുണ്ടായിരുന്ന കുളത്തിൽ താഴ്ത്തി. ദളവാക്കുളം എന്നായിരുന്നു പിന്നീട് ഈ കുളത്തിനെ അറിയപ്പെട്ടിരുന്നത്.

ഇണ്ടംതുരുത്തി മന തൊഴിലാളി ഓഫീസ് ആയെങ്കിൽ ദളവക്കുളം ഇപ്പോൾ പ്രൈവറ്റ് ബസ്റ്റാൻഡ് ആണ്. 1806 ലേത് വൈക്കം സത്യഗ്രഹമല്ല വൈക്കം വിപ്ലവം എന്നാണ് അറിയപ്പെട്ടിരുന്നത്. ഉള്ളതു പറയണമല്ലോ ഇതൊരു വാമൊഴി മാത്രമാണ്, ചരിത്ര രേഖകളുടെ പിൻബലമില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.