ന്യൂഡല്‍ഹി: ബിസ്ലെരി കമ്പനി വിപണിയിലെത്തിക്കുന്ന കുടിവെള്ളം സുരക്ഷിതമല്ലെന്ന വ്യക്തമായ സാഹചര്യത്തില്‍ കമ്പനിക്കെതിരെ നിയമ നടപടി. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) യാണ് ബിസ്ലെരി ഇന്റര്‍നാഷണലിനെതിരെ നിയമ നടപടിക്ക് അനുമതി നല്‍കിയത്.
ബ്രോമേറ്റ് അളവും പോളി ന്യൂക്ലിയര്‍ ആരോമാറ്റിക് ഹൈഡ്രോകാര്‍ബണുകളുടെ (PAHs) കണ്ടെത്തലും ഉള്‍പ്പെടുന്ന ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഭക്ഷ്യ സുരക്ഷാ റെഗുലേറ്റര്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.
ബിസ്ലെരി വെള്ളത്തിന്റെ പ്രാഥമിക പരിശോധനയില്‍ ബ്രോമേറ്റിന്റെ അളവ് നിശ്ചിത പരിധിക്ക് മുകളിലാണെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന് 'ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് ആക്റ്റ് 2006' പ്രകാരം ഈ വെള്ളം സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചു.
തുടര്‍ന്ന് കമ്പനിയുടെ അപ്പീലില്‍ കൂടുതല്‍ പരിശോധനയ്ക്കായി സാമ്പിള്‍ ഒരു റഫറല്‍ ഫുഡ് ലബോറട്ടറിയിലേക്ക് അയച്ചു. എന്നാല്‍, രണ്ടാമത്തെ ലബോറട്ടറി പരിശോധനയിലും ഈ വെള്ളം സുരക്ഷിതമല്ലെന്ന് കണ്ടെത്തുകയും അതില്‍ പോളിന്യൂക്ലിയര്‍ ആരോമാറ്റിക് ഹൈഡ്രോകാര്‍ബണുകള്‍ (PAHs) അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ബ്രോമേറ്റും പി.എ.എച്ചുകളും (PAHs) കാന്‍സറിന് കാരണമായേക്കാവുന്ന രാസ വസ്തുക്കളാണ്.
അതിനിടെ ഉല്‍പന്നത്തിന്റെ ലേബലിംഗ്, ഘടകങ്ങള്‍, സുരക്ഷ എന്നിവയെക്കുറിച്ച് ലബോറട്ടറി പരിശോധനകളില്‍ ആശങ്കകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന്, 'ആശ കണ്‍ഫെക്ഷനറി'യുടെ മുന്‍കൂട്ടി പാക്ക് ചെയ്ത ചോക്ലേറ്റ് നിറച്ച കുക്കികള്‍ തിരികെ വിളിക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ഉത്തരവിട്ടിട്ടുണ്ട്.
ലേബലില്‍ രേഖപ്പെടുത്താത്ത കൃത്രിമ നിറമായ കാര്‍മോസിന്‍ കുക്കികളില്‍ അടങ്ങിയിരിക്കുന്നതായി ലബോറട്ടറി പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.