'അമേരിക്കന്‍ ഉപരോധം മറി കടന്നാല്‍ ഇറാന്റെ കപ്പലുകള്‍ കടലിന്റെ അടിത്തട്ടിലെത്തും': കടുത്ത മുന്നറിയിപ്പുമായി ട്രംപ്

'അമേരിക്കന്‍  ഉപരോധം മറി കടന്നാല്‍ ഇറാന്റെ കപ്പലുകള്‍  കടലിന്റെ അടിത്തട്ടിലെത്തും': കടുത്ത മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടണ്‍: അമേരിക്കയുടെ നാവിക ഉപരോധം മറികടക്കാന്‍ ശ്രമിച്ചാല്‍ ഇറാനിയന്‍ കപ്പലുകള്‍ കടലില്‍ മുക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുടെ നാവിക ഉപരോധം മറികടന്ന് ഖാര്‍ഗ് ദ്വീപില്‍ നിന്ന് ഇറാന്റെ എണ്ണക്കപ്പലുകള്‍ ഒരുങ്ങുന്നതായുള്ള റി്പപോള്‍ട്ടുകള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് ട്രംപിന്റെ മുന്നറിയിപ്പ്.

ഫോക്‌സ് ന്യൂസിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് യുഎസ് പ്രസിഡന്റ് കടുത്ത നിലപാട് വ്യക്തമാക്കിയത്. ഇറാന്‍ ഉപരോധം മറികടന്നാല്‍ ഇറാന്റെ കപ്പലുകളും മറ്റു യുദ്ധക്കപ്പലുകളെപ്പോലെ കടലിന്റെ അടിത്തട്ടിലെത്തുമെന്നായിരുന്നു മുന്നറിയിപ്പ്.

ഇറാനുമായുള്ള ചര്‍ച്ചകളില്‍ പുരോഗതിയുണ്ടായില്ലെങ്കില്‍ പുതുവര്‍ഷത്തിനു ശേഷം വീണ്ടും സൈനികാക്രമണം നടത്താനുള്ള സാധ്യതയും ട്രംപ് സൂചിപ്പിച്ചു. ഇറാന്‍ ചര്‍ച്ചകള്‍ നീട്ടിക്കൊണ്ടു പോകുകയാണെന്നും കാര്യമായ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.

അതിനിടെ ഇറാന്റെ നീക്കം മേഖലയില്‍ അതീവ അപകടകരമായ സാഹചര്യത്തിന് വഴിയൊരുക്കുമെന്ന് സമുദ്ര സുരക്ഷാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. കപ്പലുകളില്‍ ഇറാനിയന്‍ ജീവനക്കാരെ നിയോഗിച്ചതായും ഇറാന്റെ പതാക ഉയര്‍ത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ഖാര്‍ഗ് ദ്വീപില്‍ നിന്ന് ഒമാന്‍ ഉള്‍ക്കടലിലേക്ക് കപ്പലുകള്‍ നീങ്ങാനാണ് സാധ്യത. മേഖലയില്‍ അമേരിക്കയുടെ അഞ്ചാം കപ്പല്‍പ്പടയുടെ സാന്നിധ്യം സംഘര്‍ഷ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകമാണ്.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും ശൈത്യകാലത്തെ ബുദ്ധിമുട്ടുകളും നേരിടാന്‍ തയ്യാറെടുക്കണമെന്ന് ഉദ്യോഗസ്ഥരോട് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

സാമ്പത്തിക സമ്മര്‍ദം വര്‍ധിപ്പിച്ചും ജനവിശ്വാസം തകര്‍ത്തും ഇറാനില്‍ അസ്ഥിരത സൃഷ്ടിച്ച് കലാപത്തിന് വഴിയൊരുക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് ആരോപിച്ചു. ഭരണകൂടത്തിനുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകളും ഇറാന്‍ തള്ളി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.