ന്യൂഡല്‍ഹി/ധാക്ക: ഇന്ത്യയിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ഡിസംബര്‍ 16 ന് ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് പുറത്താക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. രാജ്യത്ത് രാഷ്ട്രീയ-നിയമ സംഘര്‍ഷങ്ങള്‍ രൂക്ഷമായിരിക്കെയാണ് മാതൃരാജ്യത്തേക്ക് മടങ്ങാനുള്ള തിയതി ഹസീന ആദ്യമായി വ്യക്തമാക്കുന്നത്.
1971 ല്‍ പാകിസ്ഥാനില്‍ നിന്ന് ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടിയതിന്റെ ഓര്‍മ്മ പുതുക്കുന്ന വിജയ ദിനമായതുകൊണ്ടു കൂടിയാണ് ഹസീന ഡിസംബര്‍ 16 തിരഞ്ഞെടുത്തത്.
15 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ച വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് രാജ്യം വിട്ട് രണ്ട് വര്‍ഷത്തിലേറെ പിന്നിടുമ്പോഴാണ്, വിജയദിനത്തില്‍ ധാക്കയിലേക്ക് മടങ്ങാന്‍ മുന്‍ പ്രധാനമന്ത്രി തീരുമാനിച്ചിരിക്കുന്നതെന്ന് ഹസീനയുടെ വക്താവ് സയ്യിദ് മൊസമ്മല്‍ അലി പറഞ്ഞു.
ഡല്‍ഹിയില്‍ നിന്ന് രാജ്യത്തിന്റെ ഔദ്യോഗിക വിമാനക്കമ്പനിയായ ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സില്‍ യാത്രാ സൗകര്യം ഒരുക്കണമെന്നും തന്റെ മടക്കം സുഗമമാക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും ഹസീന പറഞ്ഞു.
2024 ഓഗസ്റ്റ് അഞ്ചിന് ബംഗ്ലാദേശ് വിമാനത്തിലാണ് ഷെയ്ഖ് ഹസീനയെ ഇന്ത്യയിലേക്ക് കൊണ്ടുപോയത് എന്നതിനാല്‍, ഇപ്പോള്‍ ഡല്‍ഹിയില്‍ നിന്ന് ധാക്കയിലേക്ക് തിരികെ കൊണ്ടുവരാന്‍ വിമാന സൗകര്യം ഒരുക്കണമെന്ന് അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്.
ഭരണഘടനാ വിരുദ്ധമായി അവരെ നാടുകടത്തിയ സാഹചര്യത്തില്‍ ഡിസംബര്‍ 16 ന് വിജയദിനത്തില്‍ ബംഗ്ലാദേശിലേക്ക് മടങ്ങാനുള്ള സൗകര്യം ഒരുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
രാജ്യത്തേക്ക് മടങ്ങുന്നതിനായി പുതിയ ബംഗ്ലാദേശ് പാസ്പോര്‍ട്ടും ദേശീയ തിരിച്ചറിയല്‍ കാര്‍ഡും (എന്‍ഐഡി) ആവശ്യപ്പെട്ട് ഹസീന സമീപിച്ചതിന് ആഴ്ചകള്‍ക്ക് ശേഷമാണ് ഈ പ്രഖ്യാപനം വരുന്നത്. 2024 ഓഗസ്റ്റില്‍ ഇന്ത്യയിലേക്ക് പലായനം ചെയ്തതിന് പിന്നാലെ അവരുടെ നിലവിലുണ്ടായിരുന്ന രേഖകള്‍ റദ്ദാക്കിയിരുന്നു.
രേഖകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹസീനയുടെ നിയമ പ്രതിനിധികളായ ലണ്ടന്‍ ആസ്ഥാനമായുള്ള മാട്രിക്‌സ് ചേംബേഴ്സ് നവംബര്‍ ഒമ്പതിന് ന്യൂഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനെ സമീപിച്ചിരുന്നു. തുടര്‍ന്ന് അപേക്ഷയുടെ തല്‍സ്ഥിതി ആരാഞ്ഞ് ഹസീന ഒപ്പിട്ട സമ്മതപത്രം ഉള്‍പ്പെടെയുള്ള തുടര്‍ കത്തുകളും അയച്ചു.
എന്നാല്‍ ഹസീനയുടെ ആവശ്യത്തിന്റെ നിയമസാധുതയെ ചോദ്യം ചെയ്ത ബംഗ്ലാദേശ് സര്‍ക്കാര്‍, യാത്രാരേഖകള്‍ നല്‍കില്ലെന്ന് വ്യക്തമാക്കി. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടിയിലൂടെ മാത്രമേ ഹസീനയുടെ മടക്കം സാധ്യമാകൂ എന്ന നിലപാടിലാണ് ധാക്ക.
ഹസീനയെ വിട്ടുകിട്ടണമെന്ന് ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബംഗ്ലാദേശ് അധികൃതര്‍ അറിയിച്ചു. അപേക്ഷ ഉചിതമായ നിയമ നടപടികളിലൂടെ പരിശോധിച്ചുവരികയാണെന്ന് ഇന്ത്യന്‍ അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.
തിരിച്ചെത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് ബംഗ്ലാദേശ്
ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടിക്ക് നിരോധനം തുടരുന്നതിനിടെ, രാജ്യത്ത് രാഷ്ട്രീയ അസ്ഥിരത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മടക്കം സംബന്ധിച്ച പ്രഖ്യാപനം വരുന്നത്. രാജ്യത്ത് തിരിച്ചെത്തിയാല്‍ ഹസീനയെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്ന് ഒരു ബംഗ്ലാദേശ് മന്ത്രി ഞായറാഴ്ച റോയിട്ടേഴ്സിനോട് വ്യക്തമാക്കിയിരുന്നു. ഹസീനയെ തിരികെ കൊണ്ടുവരാന്‍ വിമാനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഇന്ത്യയുമായി ഔദ്യോഗിക ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
2025 നവംബറില്‍ ബംഗ്ലാദേശിലെ ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രൈബ്യൂണല്‍ വിധിച്ച വധശിക്ഷ നേരിടുകയാണ് ഹസീന. തന്നെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതിലേക്ക് നയിച്ച വിദ്യാര്‍ഥി പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തിയതിലുള്ള പങ്കിന് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് ഹസീനയുടെ അഭാവത്തില്‍ കോടതി ശിക്ഷ വിധിച്ചത്.
എന്നാല്‍ നടപടികള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് ഹസീന കുറ്റങ്ങളും വിധിയും തള്ളിക്കളഞ്ഞിരുന്നു. 2024 ഓഗസ്റ്റില്‍ ഹസീന സര്‍ക്കാരിനെ താഴെയിറക്കിയ പ്രക്ഷോഭങ്ങളില്‍ 1,400 ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.