ചണ്ഡിഗഡ്: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിക്കാന്‍ ബിജെപിയും ശിരോമണി അകാലിദളും തീരുമാനിച്ചു. സിഖ് ഗുരുവായ ഗുരുനാനാക്ക് ദേവിന്റെ ജന്മവാര്‍ഷിക ദിനമായ ഇന്ന് ന്യൂഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇരു പാര്‍ട്ടികളും സഖ്യം പുനസ്ഥാപിച്ചതായി പ്രഖ്യാപിച്ചത്.
എന്‍ഡിഎയുടെ ഏറ്റവും പഴയ സഖ്യകക്ഷിയായ അകാലിദള്‍ കൂടി എത്തിയതോടെ എന്‍ഡിഎ പൂര്‍ണണ്ണമായെന്ന് സഖ്യം പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍, അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിംഗ് ബാദല്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ശിരോമണി അകാലിദളിനെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും രംഗത്തെത്തി. ഗുരുനാനാക്ക് ജയന്തി ദിനത്തിലെ സഖ്യത്തിന്റെ തിരിച്ചുവരവ് ഏറെ സന്തോഷകരമാണെന്നും പഞ്ചാബിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനും സഖ്യം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത് കേവലം രാഷ്ട്രീയ സഖ്യമല്ലെന്നും പഞ്ചാബിന്റെ വികാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന കൂട്ടായ്മയാണെന്നും ശിരോമണി അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിങ് ബാദല്‍ പ്രതികരിച്ചു. പഞ്ചാബിനെ രക്ഷിക്കാനാണ് വീണ്ടും ഒന്നിക്കുന്നതെന്നും കഴിഞ്ഞ പത്ത് വര്‍ഷമായി സംസ്ഥാനത്ത് ഗുണ്ടാ രാജും ലഹരിക്കടത്തുമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സഖ്യം പ്രാവര്‍ത്തികമായെങ്കിലും ഇരു പാര്‍ട്ടികളും തമ്മിലുള്ള സീറ്റ് വിഭജനം എങ്ങനെയായിരിക്കും എന്നതും ഓരോ പാര്‍ട്ടിയും എത്ര മണ്ഡലങ്ങളില്‍ മത്സരിക്കും എന്നതുമാണ് ഇനി ഉയരുന്ന പ്രധാന ചോദ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.