സിഡ്നി: ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ കുടുംബത്തിന് നേരെ വംശീയ അധിക്ഷേപം ഉണ്ടായതായി ആരോപണം. സിഡ്നിയില്‍ താമസിക്കുന്ന അഞ്ജലി ശര്‍മ എന്ന മറ്റൊരു ഇന്ത്യക്കാരിയാണ് സോഷ്യല്‍ മീഡിയയില്‍ ഇതുസംബന്ധിച്ച വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ റോഡരികിലെ ഭക്ഷണ ശാലയില്‍ കഴിച്ചുകൊണ്ടിരുന്ന ഇന്ത്യന്‍ കുടുംബത്തെ കണ്ടുവെന്നും വാഹനത്തിലെത്തിയവര്‍ അവര്‍ക്ക് നേരെ മുട്ടയെറിഞ്ഞെന്നുമാണ് അഞ്ജലി ശര്‍മ വീഡിയോയില്‍ വ്യക്തമാക്കുന്നത്.
'റോഡരികിലെ ഫുഡ് ട്രക്കിന് സമീപമിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു മുതിര്‍ന്നവര്‍ ഉള്‍പ്പെടെയുള്ള കുടുംബം. പെട്ടെന്ന് അതുവഴി വന്ന ട്രക്കിലുണ്ടായിരുന്നവര്‍ ഇവര്‍ക്ക് നേരെ മുട്ടയെറിയുകയായിരുന്നു. ഇതിനെ വംശീയതയെന്നോ ഇന്ത്യക്കാരോടുള്ള വിദ്വേഷമെന്നോ വിളിക്കാം. എനിക്ക് വളരെ വിഷമം തോന്നി.
കുടുംബം ആരെയും ശല്യപ്പെടുത്താതെ സ്വന്തം കാര്യം നോക്കി ഇരിക്കുകയായിരുന്നു. ഞാന്‍ പൊലീസില്‍ വിവരമറിയിച്ചിട്ടുണ്ട്. നടപടിയുണ്ടാകുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. ആരും ഇത്തരത്തില്‍ അപമാനിക്കപ്പെടാന്‍ പാടില്ല. പരസ്പര ബഹുമാനം എന്നത് ഏറ്റവും അടിസ്ഥാനപരമായ കാര്യമാണ്' - അഞ്ജലി ശര്‍മ പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറില്‍ ഓസ്ട്രേലിയയിലെ ബ്രിസ്ബേനിലും ഒരു ഇന്ത്യന്‍ കുടുംബത്തിന് നേരെ സമാനമായ രീതിയില്‍ വംശീയ അധിക്ഷേപം നടന്നിരുന്നു. ഭയന്ന കുടുംബം ഇന്ത്യയിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് പോലും ചിന്തിച്ചു.
പത്തൊമ്പതുകാരനാണ് ബ്രിസ്ബേനിലെ മോര്‍ണിംഗ്സൈഡിലുള്ള ഇവരുടെ അപ്പാര്‍ട്ട്‌മെന്റ് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്തത്. പിന്നീട് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.