ഫെയർഫീൽഡ് (കണക്റ്റിക്കട്ട്): ന്യൂയോർക്ക് സുപ്രീം കോടതി ജഡ്ജി, എൻ.വൈ.പി.ഡി. (NYPD) ഡെപ്യൂട്ടി കമ്മീഷണർ, അഭിഭാഷകൻ, യൂണിവേഴ്സിറ്റി പ്രൊഫസർ, ഡീൻ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച ഏർണി ഹാർട്ട് (67) പൗരോഹിത്യം സ്വീകരിച്ചു.
നവംബർ 21 ശനിയാഴ്ച രാവിലെ 11 മണിക്ക് കണക്റ്റിക്കട്ടിലെ ഫെയർഫീൽഡ് സെന്റ് ആന്റണി ഓഫ് പാദുവ പള്ളിയിൽ നടന്ന തിരുക്കർമ്മങ്ങളിൽ ബ്രിഡ്ജ്പോർട്ട് ബിഷപ്പ് ഫ്രാങ്ക് ജെ. കാഗിയാനോയുടെ കൈവയ്പ്പുവഴിയാണ് അദേഹം തിരുപ്പട്ടം സ്വീകരിച്ചത്. പ്രായമോ സമ്പത്തോ പദവികളോ നോക്കാതെയാണ് ദൈവം തന്റെ ശുശ്രൂഷയ്ക്കായി ഓരോരുത്തരെയും തിരഞ്ഞെടുക്കുന്നതെന്ന് തെളിയിക്കുന്നതാണ് ഫാ. ഏർണി ഹാർട്ടിന്റെ ജീവിതം.
ബ്രൂക്ലിനിലെ ഒരു ഇടവക സ്കൂളിൽ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് പൗരോഹിത്യത്തിലേക്കുള്ള ദൈവവിളി താൻ തിരിച്ചറിഞ്ഞതെന്ന് ഫാ. ഹാർട്ട് പറയുന്നു. അൾത്താര ബാലനായിരുന്ന കാലത്ത് തന്റെ ആഗ്രഹം അമ്മയോടും മുത്തശിയോടും പങ്കുവെച്ചിരുന്നു. സഭയ്ക്കുള്ളിൽ നിലനിന്നിരുന്ന വംശീയ വിവേചനങ്ങളെക്കുറിച്ചുള്ള ആശങ്ക കാരണം അമ്മ മരിയോൺ എ. ലാറ്റി ഹാർട്ട് തുടക്കത്തിൽ ഇതിനെ എതിർത്തെങ്കിലും മുത്തശി പൂർണ പിന്തുണ നൽകി.
അക്കാലത്ത് തൊട്ടടുത്തുള്ള പള്ളിയിൽ കറുത്തവർഗക്കാർക്ക് പ്രവേശനമില്ലാതിരുന്നതിനാൽ ദൈവദാസൻ ബെർണാഡ് ക്വിന്നിന്റെ നേതൃത്വത്തിൽ ബ്രൂക്ലിനിൽ സ്ഥാപിക്കപ്പെട്ട സെന്റ് പീറ്റർ ക്ലാവർ പള്ളിയുടെ സ്ഥാപകരിൽ ഒരാളായിരുന്നു ഫാ. ഹാർട്ടിന്റെ മുത്തശ്ശി.
തുടക്കത്തിൽ അമ്മ നിരുത്സാഹപ്പെടുത്തിയെങ്കിലും വൈദികനാകണമെന്ന ആഗ്രഹം അദ്ദേഹത്തിന്റെ ഉള്ളിൽ മായാതെ നിന്നു. വിവിധ കത്തോലിക്കാ സ്കൂളുകളിൽ നിന്നായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഹാർട്ട് വില്ലനോവ സർവകലാശാലയിൽ നിന്ന് നിയമബിരുദം കരസ്ഥമാക്കി. തുടർന്ന് നിയമ-ഭരണ രംഗങ്ങളിൽ ഉന്നത പദവികൾ വഹിച്ചു.
പൗരോഹിത്യത്തിലേക്കുള്ള യാത്രയിൽ ഒട്ടേറെ പ്രതിബന്ധങ്ങൾ നേരിടേണ്ടി വന്നതായി അദ്ദേഹം ഓർമ്മിക്കുന്നു. വിവാഹിതനാവുകയും പിന്നീട് വിവാഹമോചിതനാവുകയും ചെയ്തെങ്കിലും ദൈവത്തോട് ചേർന്നുനിന്നുകൊണ്ട് അദ്ദേഹം ജീവിതം മുന്നോട്ട് നയിച്ചു. 2011-ൽ ഡീക്കനായി അഭിഷിക്തനായപ്പോൾ 93 വയസുവരെ അധ്യാപികയായി സേവനമനുഷ്ഠിച്ച അമ്മയ്ക്ക് അതിൽ വലിയ സന്തോഷമുണ്ടായിരുന്നുവെന്ന് അദേഹം അനുസ്മരിച്ചു. രണ്ട് വർഷം മുമ്പ് നൂറാം വയസിലാണ് അമ്മ അന്തരിച്ചത്.
ന്യൂയോർക്കിലെയും കണക്റ്റിക്കട്ടിലെയും വിവിധ ഇടവകകളിൽ ഡീക്കനായി സേവനമനുഷ്ഠിച്ചിട്ടുള്ള ഫാ. ഹാർട്ട് നിലവിൽ ബ്രിഡ്ജ്പോർട്ട് രൂപതയുടെ ജനറൽ കൗൺസിലായി (നിയമോപദേഷ്ടാവ്) പ്രവർത്തിച്ചുവരികയാണ്. പൗരോഹിത്യ സ്വീകരണത്തിന് ശേഷവും അദേഹം ഈ പദവിയിൽ തുടരും. ഇതിനുപുറമെ, ഫെയർഫീൽഡിലെ സെന്റ് ആന്റണി ഓഫ് പാദുവ പള്ളിയുടെ വികാരിയായും അദ്ദേഹം ചുമതലയേൽക്കും.
തന്റെ ജനത്തെ സേവിക്കാനായി ദൈവം എപ്പോഴാണ് വിളിക്കുകയെന്ന് പറയാനാവില്ലെന്നും, അതിനായി ഒരിക്കലും വൈകിയിട്ടില്ലെന്നും യുവജനങ്ങളോടായി ഫാ. ഹാർട്ട് സന്ദേശം നൽകി. ഏത് സാഹചര്യത്തിലാണെങ്കിലും ദൈവവിളിയോട് പ്രതികരിക്കാൻ സന്നദ്ധരായിരിക്കണമെന്നും അദേഹം കൂട്ടിച്ചേർത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.