തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പിപ്പിടിവിദ്യയും പ്രത്യേക ആക്ഷനുമൊക്കെ, അതുകണ്ട് പേടിക്കുന്ന അടിമകളോട് കാണിച്ചാല്‍ മതിയെന്നായിരുന്നു കെ സുധാകരന്റെ വിമര്‍ശനം. കേരളത്തിന് കേള്‍ക്കേണ്ടത് പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ്. തന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെയാണ് കെ സുധാകരന്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ ആഞ്ഞടിച്ചത്.
നിയമസഭയില്‍ മാത്യു കുഴല്‍നാടന്‍ പറഞ്ഞതിനെ സാധൂകരിക്കുന്ന തെളിവുകള്‍ അദ്ദേഹം പുറത്ത് വിട്ടിട്ടുണ്ട്. ഇനി മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്. ബുദ്ധിയും ബോധവുമില്ലെന്ന തിരിച്ചറിവില്‍ താങ്കളെ ഉപദേശിക്കാന്‍ വച്ച എണ്ണമറ്റ ഉപദേശികളില്‍ വിവരമുള്ള ഒരാളെങ്കിലും ഉണ്ടെങ്കില്‍ അയാളോട് ചോദിച്ച് ഒരുത്തരം തയ്യാറാക്കി നിയമസഭയില്‍ വരിക എന്നും കെപിസിസി പ്രസിഡന്റ് ഫെസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
കെ സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
തന്റെ 'പിപ്പിടിവിദ്യ'യും, 'പ്രത്യേക ഏക്ഷനു'മൊക്കെ അതുകണ്ട് പേടിക്കുന്ന അടിമകളോട് കാണിച്ചാല്‍ മതി പിണറായി വിജയന്‍. ബുദ്ധിയും ബോധവുമില്ലെന്ന തിരിച്ചറിവില്‍ താങ്കളെ ഉപദേശിക്കാന്‍ വച്ച എണ്ണമറ്റ ഉപദേശികളില്‍, വിവരമുള്ള ഒരാളെങ്കിലും ഉണ്ടെങ്കില്‍ അയാളോട് ചോദിച്ച് ഒരുത്തരം തയ്യാറാക്കി നിയമസഭയില്‍ വരിക. അല്ലാത്തപക്ഷം സഭയില്‍ ഉയരുന്ന ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ ഇളിഭ്യനായി ഇനിയും കുറേയധികം കാലം നില്‍ക്കേണ്ടി വരും.
കേരളത്തിന് കേള്‍ക്കേണ്ടത് പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ്. അതിന് മറുപടിയായി പാറപ്രത്തെ പഴയ ഗുണ്ടാ ശൈലിയില്‍ ആക്രോശിച്ചാല്‍ കൂടെ ഇരിക്കുന്ന പുതുതലമുറയിലെ സിപിഎം എംല്‍എമാര്‍ക്ക് പോലും ചിരിയാകും വരിക. നിയമസഭയില്‍ ശ്രീ മാത്യു കുഴല്‍നാടന്‍ പറഞ്ഞതിനെ സാധൂകരിക്കുന്ന തെളിവുകള്‍ അദ്ദേഹം പുറത്ത് വിട്ടിട്ടുണ്ട്. ഇനി മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്. പഴഞ്ചൊല്ലുകളും പഞ്ചതന്ത്ര കഥകളും കേരളത്തിലെ ഓരോ കൊച്ചു കുട്ടിക്കും കാണാപാഠമാണ്. ഇനിയും അവയെ ആശ്രയിച്ച് മലയാള സാഹിത്യത്തെ അപമാനിക്കരുത്. കൊലയാളിക്കും കൊള്ളക്കാരനും ജനങ്ങളെ കബളിപ്പിക്കാന്‍ എടുത്ത് ഉപയോഗിക്കാനുള്ള ആയുധങ്ങളല്ല അവ.
പിണറായി വിജയനെന്ന പെരും നുണയനെ പൊതു സമൂഹത്തിന് മുന്നില്‍ തുറന്നു കാണിച്ച മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്ക്ക് അഭിവാദ്യങ്ങള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.