"ഞങ്ങൾ സി.പി.എമ്മുകാർ" - കൊന്നത് വ്യക്തിവൈരാഗ്യം മൂലം


 പാലക്കാട്: തങ്ങൾ സി.പി.എമ്മുകാരാണെന്ന് ഷാജഹാൻ കൊലക്കേസ് രണ്ടാം പ്രതി അനീഷ്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പ്രതി പറഞ്ഞു. പാലക്കാട് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് അനീഷിന്റെ പ്രതികരണം. അതേസമയം, കേസിൽ കൊട്ടേക്കാട് സ്വദേശികളായ നാലുപേര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. വിഷ്ണു, സുനീഷ്, ശിവരാജൻ, സതീഷ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ക്ക് ആയുധം എത്തിച്ച നാലുപേര്‍ കസ്റ്റഡിയിലായി.

ബി.ജെ.പി അനുഭാവികളായ 8 പേർ രാഷ്ട്രീയ വിരോധത്താൽ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയതെങ്കിലും പിടിയിലായ പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം പൊലീസ് ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല. ബുധനാഴ്ചയാണ് കൊലപാതകത്തിന്റെ സൂത്രധാരൻ കൊട്ടേക്കാട് കാളിപ്പാറ സ്വദേശി നവീൻ (28), കൊലയാളി സംഘത്തിലെ കൊട്ടേക്കാട് കുന്നങ്കാട് സ്വദേശികളായ ശബരീഷ് (30), അനീഷ് (29), സുജീഷ് (27) എന്നിവരെ അറസ്റ്റ് ചെയ്തത്.

പ്രതികൾ രാഖി കെട്ടിയതുമായും ഗണേശോത്സവത്തിന്റെ ഫ്ലെക്സ് ബോർഡ് വച്ചതുമായും ബന്ധപ്പെട്ട് ഈയിടെ തർക്കമുണ്ടായിരുന്നു. 14നു പകലും ഒന്നാം പ്രതി നവീനുമായി തർക്കമുണ്ടായെന്നും അന്നു രാത്രിയാണ് ഷാജഹാനെ കൊലപ്പെടുത്തിയതെന്നും ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് പറഞ്ഞിരുന്നു. ഷാജഹാൻ 2019 ൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായതിനു ശേഷമുള്ള പ്രവർത്തനങ്ങളിൽ പ്രതികൾക്ക് അതൃപ്തിയും വ്യക്തി വിരോധവുമുണ്ടായിരുന്നു.

ആദ്യം കേവലം അകൽച്ചയായിരുന്നെങ്കിലും പിന്നീടത് ശത്രുതയായി. തുടർന്ന് ഇവർ പാർട്ടി പ്രവർത്തനത്തിൽ നിന്നുൾപ്പെടെ മാറി നിന്നതായും പൊലീസ് പറഞ്ഞു. ഒന്നാം പ്രതി നവീനെ പൊള്ളാച്ചിയിൽ നിന്നും മറ്റു 3 പ്രതികളെ മലമ്പുഴ കവ വനമേഖലയോടു ചേർന്നുള്ള കോഴിമലയിലെ കുന്നിനു മുകളിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. കൊലയ്ക്ക് ഉപയോഗിച്ച 3 വാളുകൾ കോരയാർപ്പുഴയുടെ തീരത്ത് പാടത്തോടു ചേർന്ന് ഒളിപ്പിച്ച നിലയിൽ കണ്ടെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.