ഓസ്ട്രേലിയന്‍ നാവികര്‍ക്ക് ബ്രിട്ടീഷ് ആണവ അന്തര്‍വാഹിനികളില്‍ പരിശീലനം നല്‍കും

ഓസ്ട്രേലിയന്‍ നാവികര്‍ക്ക് ബ്രിട്ടീഷ് ആണവ അന്തര്‍വാഹിനികളില്‍ പരിശീലനം നല്‍കും

കാന്‍ബറ: അമേരിക്ക, യു.കെ, ഓസ്‌ട്രേലിയ ത്രിരാഷ്ട്ര സുരക്ഷാ സഖ്യത്തിന്റെ ഭാഗമായി ഓസ്ട്രേലിയന്‍ അന്തര്‍വാഹിനികളിലെ ജീവനക്കാര്‍ക്ക് ബ്രിട്ടീഷ് ആണവ അന്തര്‍വാഹിനികളില്‍ പരിശീലനം നല്‍കും. ഇതാദ്യമായാണ് ബ്രിട്ടീഷ് ആണവ അന്തര്‍വാഹിനികളില്‍ റോയല്‍ ഓസ്ട്രേലിയന്‍ നാവികസേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നത്.

ഓസ്‌ട്രേലിയന്‍ പ്രതിരോധ മന്ത്രി റിച്ചാര്‍ഡ് മാര്‍ലെസ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ് എന്നിവരുമായി ഇംഗ്ലണ്ടിലെ തുറമുഖ പട്ടണമായ ബാരോ-ഇന്‍-ഫര്‍നെസില്‍ ഇതുസംബ്ധിച്ച് കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

പസഫിക് മേഖലയില്‍ ചൈന ഉയര്‍ത്തുന്ന ഭീഷണി നേരിടാനാണ് ഓസ്ട്രേലിയയും അമേരിക്കയും യു.കെയും ചേര്‍ന്ന് ത്രിരാഷ്ട്ര സഖ്യം രൂപീകരിച്ചത്. ഇൗ കരാര്‍ പ്രകാരം റോയല്‍ ഓസ്ട്രേലിയന്‍ നാവികസേന സ്വന്തമായി എട്ട് ആണവ അന്തര്‍വാഹിനികള്‍ നിര്‍മിക്കും. ഇതിനുള്ള സാങ്കേതിക വിദ്യ അമേരിക്കയാണു കൈമാറുന്നത്. ജീവനക്കാര്‍ക്കുള്ള പരിശീലനം ബ്രിട്ടണ്‍ നല്‍കും.

ഇരുരാജ്യങ്ങളിലെയും പ്രതിരോധ സേനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഓസ്‌ട്രേലിയന്‍ അന്തര്‍വാഹിനി ജീവനക്കാരുടെ പരിശീലനമെന്ന് ഓസ്‌ട്രേലിയന്‍ പ്രതിരോധ മന്ത്രി റിച്ചാര്‍ഡ് മാര്‍ലെസ് പറഞ്ഞു. പരസ്പരമുള്ള സഹകരണം വര്‍ധിപ്പിക്കാനാണ് ഇരുരാജ്യങ്ങളും കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റോയല്‍ നേവിയുടെ അത്യാധുനിക ആണവ അന്തര്‍വാഹിനിയായ എച്ച്എംഎസ് ആന്‍സണിന്റെ കമ്മിഷനിംഗിന്റെ ഭാഗമായാണ് ഇരുരാജ്യങ്ങളിലെയും നേതാക്കള്‍ കൂടിക്കാഴ്ച്ച നടത്തിയത്. ഈ അന്തര്‍വാഹിനിയിലാണ് ഓസ്ട്രേലിയന്‍ നാവികര്‍ക്ക് പരിശീലനം നല്‍കുന്നത്.

അസ്റ്റിയൂട്ട് ക്ലാസ് വിഭാഗത്തില്‍പെടുന്ന അഞ്ചാമത്തെ ആണവ അന്തര്‍വാഹിനിയായ എച്ച്.എം.എസ് ആന്‍സണ് 97 മീറ്റര്‍ നീളമുണ്ട്. 1.3 ബില്യണ്‍ പൗണ്ടാണ് അന്തര്‍വാഹിനിയുടെ നിര്‍മാണച്ചെലവ്.

അഡ്ലെയ്ഡിലെ ഓസ്ബോണ്‍ കപ്പല്‍ശാലയിലാണ് ഓസ്ട്രേലിയന്‍ അന്തര്‍വാഹിനികള്‍ നിര്‍മിക്കുന്നത്. എന്നാല്‍ കോവിഡ് മഹാമാരി, ഡിസൈനിലെ മാറ്റങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങള്‍ കാരണം നിര്‍മാണത്തിന് കാലതാമസം നേരിട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.