ഡൊണാള്‍ഡ് ട്രംപ്, ബില്‍ ക്ലിന്റണ്‍, ട്രംപിന്റെ മുന്‍ ഉപദേശകന്‍ സ്റ്റീവ് ബാനന്‍, നടന്‍ വൂഡി അലന്‍ തുടങ്ങിയവരുടെ ചിത്രങ്ങങ്ങള്‍ നേരത്തേ പുറത്തു വന്നിരുന്നു.
വാഷിങ്ടണ്‍: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലിലെ 68 ചിത്രങ്ങള്‍ കൂടി പുറത്തു വിട്ടു. അമേരിക്കന്‍ സെനറ്റിന്റെ ഓവര്‍സൈറ്റ് കമ്മിറ്റിയില്‍പ്പെട്ട ഡെമോക്രാറ്റ് അംഗങ്ങളാണ് ചിത്രങ്ങള്‍ പുറത്തു വിട്ടത്. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, ചിന്തകന്‍ നോം ചോംസ്‌കി തുടങ്ങിയവര്‍ പുതിയ ചിത്രങ്ങളിലുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, ട്രംപിന്റെ മുന്‍ ഉപദേശകന്‍ സ്റ്റീവ് ബാനന്‍, നടന്‍ വൂഡി അലന്‍ തുടങ്ങിയവരുടെ ചിത്രങ്ങങ്ങള്‍ നേരത്തേ പുറത്തു വന്നിരുന്നു.
ഇതില്‍ മൂന്ന് ചിത്രങ്ങളാണ് ട്രംപിന്റേത്. ഒന്നില്‍ നിരവധി സ്ത്രീകള്‍ക്കൊപ്പം ട്രംപ് നില്‍ക്കുന്നതാണ്. മറ്റൊന്ന് 'ട്രംപ് കോണ്ടം' എന്ന് എഴുതി വിലയിട്ടതിനൊപ്പം ട്രംപിന്റെ ചിത്രത്തോടെയുള്ള കോണ്ടം കവറിന്റേതാണ്. എപ്സ്റ്റീനൊപ്പം ഒരു യുവതിയോട് ട്രംപ് സംസാരിക്കുന്ന ഫോട്ടോയുമുണ്ട്.
ബില്‍ ഗേറ്റ്സിന്റെ രണ്ട് ചിത്രമാണ് പുറത്ത് വന്നത്. ബില്‍ ക്ലിന്റണ്‍ എപ്സ്റ്റീനും മറ്റു ചിലര്‍ക്കും ഒപ്പമുള്ള ഫോട്ടോയാണ് ഇതിലുള്ളത്. നോം ചോംസ്‌കി ജെഫ്രി എപ്സ്റ്റീനൊപ്പം ഒരു വിമാനത്തില്‍ ഇരിക്കുന്നതു പോലെയുള്ള ചിത്രമാണുള്ളത്.
എപ്സ്റ്റീന്‍ എസ്റ്റേറ്റില്‍ നിന്ന് ലഭിച്ച 95,000 ത്തോളം ഫോട്ടോകളാണ് ഓവര്‍സൈറ്റ് കമ്മിറ്റിയുടെ പക്കലുള്ളത്. കൂടുതല്‍ ഫോട്ടോകള്‍ പുറത്തു വിടുമെന്ന് കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവുമൊടുവില്‍ പുറത്തു വന്ന ഫയലുകളില്‍ വിവിധ രാജ്യങ്ങളിലെ ആളുകളുടെ പാസ്‌പോര്‍ട്ടിന്റെയും തിരിച്ചറിയല്‍ രേഖകളുടെയും ചിത്രങ്ങളുണ്ട്. റഷ്യ, ഉക്രെയ്ന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള യുവതികളുടെ വിവരങ്ങളാണ് കൂടുതലും. പുറത്തുവിട്ട പല ചിത്രങ്ങളിലെയും യുവതികളുടെ മുഖങ്ങള്‍ മറച്ചിട്ടുണ്ട്.

ഇതോടൊപ്പം സ്ത്രീകളെ കൈമാറ്റം ചെയ്യുന്ന തരത്തിലുള്ള ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും പുറത്തു വിട്ടവയിലുണ്ട്. പെണ്‍കുട്ടികളെ അയക്കാമെന്നും ഒരു പെണ്‍കുട്ടിക്ക് 1000 ഡോളറാണ് ചോദിക്കുന്നത് എന്നും ചാറ്റില്‍ പറയുന്നുണ്ട്. ആരെങ്കിലുമൊക്കെ 'ജെ'യ്ക്ക് അനുയോജ്യമായിരിക്കും എന്നും ചാറ്റില്‍ പറയുന്നു. പെണ്‍കുട്ടികളുടെ വ്യക്തി വിവരങ്ങളും പങ്കുവയ്ക്കുന്നുണ്ട്.
എപ്സ്റ്റീന്‍ കേസിലെ അതീവ രഹസ്യമായ രേഖകള്‍ പുറത്തു വിടാനുള്ള നീക്കത്തിന് അമേരിക്കന്‍ സെനറ്റ് നേരത്തെ അംഗീകാരം നല്‍കിയിരുന്നു. ഫയലുകള്‍ പുറത്തു വിടാനുള്ള ബില്ലില്‍ ട്രംപ് ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കുറ്റവാളിയാണ് ജെഫ്രി എപ്സ്റ്റീന്‍. ന്യൂയോര്‍ക്ക് സിറ്റിയിലെ പ്രമുഖ വിദ്യാലയമായ ഡാല്‍ട്ടണ്‍ സ്‌കൂളിലെ ഗണിത അധ്യാപകനായിരുന്ന ഇയാള്‍ 1970 കളില്‍ ജോലി ഉപേക്ഷിച്ച് ഇന്‍വെസ്റ്റര്‍ ബാങ്കായ ബെയര്‍ എസ്റ്റേണില്‍ ചേര്‍ന്നു.
പിന്നീട് സ്വന്തമായി 'ജെ എപ്സ്റ്റീന്‍ ആന്‍ഡ് കോ' എന്ന സ്ഥാപനം ആരംഭിച്ചു. ട്രംപ് ഉള്‍പ്പെടെയുള്ള പ്രമുഖ വ്യക്തികള്‍ ഇയാളുടെ നിശാ പാര്‍ട്ടികളില്‍ സഹകരിച്ചിട്ടുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക തൊഴിലിന് പ്രേരിപ്പിച്ചെന്നതടക്കമുള്ള ആരോപണങ്ങള്‍ എപ്സ്റ്റീന്‍ നേരിട്ടിരുന്നു. പിന്നീട് അറസ്റ്റിലായ എപ്സ്റ്റീനെ 2019 ജൂലൈയില്‍ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.