ടെല്‍ അവീവ്: പ്രതിരോധ ഇടപാടില്‍ ഇന്ത്യയുമായി കൂടുതല്‍ അടുക്കാന്‍ ഇസ്രയേല്‍. ഗാസയിലെ യുദ്ധത്തിന്റെ പേരില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇസ്രയേലിനെതിരെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ തുടര്‍ന്നാണ് പുതിയ തീരുമാനം.
പ്രതിരോധ ഉപകരണങ്ങളുടെ വിതരണ ശൃംഖല പുനപരിശോധിക്കാനും അക്കാര്യത്തില്‍ യൂറോപ്പിനെ അമിതമായി ആശ്രയിക്കുന്നത് കുറച്ച് ഇന്ത്യയുമായി കൂടുതല്‍ അടുക്കാനാണ് ഇസ്രയേലിന്റെ നീക്കം.
ഇസ്രയേലിന്റെ ആയുധ സംവിധാനങ്ങളുടെ നിര്‍ണായകമായ പല ഘടകങ്ങളും സാങ്കേതിക വിദ്യകളും ലഭ്യമാക്കുന്നത് യൂറോപ്യന്‍ രാജ്യങ്ങളാണ്. ഇസ്രയേലിന്റെ ആയുധങ്ങളും ഉപകരണങ്ങളും ഇതേ യൂറോപ്യന്‍ രാജ്യങ്ങള്‍ വാങ്ങുന്നുമുണ്ട്.
എന്നാല്‍ ഇസ്രയേലിന് ആവശ്യമായ ഘടകങ്ങള്‍ നല്‍കുന്നതില്‍ യുദ്ധത്തിന്റെ പേരില്‍ ഇപ്പോള്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യുന്നു. ഇക്കാര്യത്തിലെ ആശങ്കയാണ് ഇന്ത്യയിലേക്ക് തിരിയാന്‍ ഇസ്രയേലിനെ പ്രേരിപ്പിക്കുന്നത്.
അതിര്‍ത്തികളിലുടനീളം സുരക്ഷാ വെല്ലുവിളി നേരിടുമ്പോഴും നിര്‍ണായകമായ പ്രതിരോധ ഉപകരണങ്ങളുടെയും ഘടകങ്ങളുടെയും ലഭ്യതയിലുണ്ടാകുന്ന കുറവ് ഇസ്രയേലിന് കാര്യമായ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ഇന്ത്യയുടെ പ്രതിരോധ-വ്യാവസായിക അടിത്തറ വികസിക്കുന്നതും നിര്‍മാണ ആവാസ വ്യവസ്ഥ മെച്ചപ്പെടുന്നതുമാണ് ഇന്ത്യയിലേക്ക് കൂടുതല്‍ ശ്രദ്ധ തിരിക്കാന്‍ ഇസ്രയേലിനെ പ്രേരിപ്പിക്കുന്നത്.
വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ ലഭ്യത, അത്യാധുനിക സ്വകാര്യ പ്രതിരോധ മേഖല എന്നിവ മറ്റ് അനുകൂല ഘടകങ്ങളാണ്. മാത്രമല്ല, ഇസ്രയേലുമായി പ്രതിരോധ മേഖലകളില്‍ ഇന്ത്യയ്ക്ക് തന്ത്രപരമായ സഹകരണത്തിന്റെ ചരിത്രവുമുണ്ട്. പ്രതിരോധ പങ്കാളിയും കൂടിയാണ്.
ഇസ്രയേലിന്റെ ഭൂമിശാസ്ത്രപരമായ സാഹചര്യവും സുരക്ഷാപരമായ ന്യൂനതകളും മൂലം പ്രതിരോധ ഉല്‍പാദനത്തിനും ഘടക ഭാഗങ്ങളുടെ നിര്‍മാണത്തിനും വികസനത്തിനുമൊക്കെ മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരും. സംഘര്‍ഷ സമയങ്ങളില്‍ സ്വന്തം അതിര്‍ത്തിക്കുള്ളില്‍ മാത്രം ഉല്‍പാദനം കേന്ദ്രീകരിക്കുന്നതിലെ അപകട സാധ്യതകളെക്കുറിച്ച് ഇസ്രയേലിന് നല്ല ബോധ്യമുണ്ട്.
ഇക്കാരണത്താലാണ് ഇന്ത്യയുമായുള്ള ദൃഢമായ ബന്ധം ഇസ്രയേലിനെ ആകര്‍ഷിക്കുന്നത്. യൂറോപ്പിന് പുറമെ ഇന്ത്യയിലേക്കും ശ്രദ്ധ കൂടുതല്‍ തിരിച്ചാല്‍ വരും മാസങ്ങളില്‍ മിസൈലുകള്‍, സെന്‍സറുകള്‍, ഇലക്ട്രോണിക് വാര്‍ഫെയര്‍ സംവിധാനങ്ങള്‍, ആളില്ലാ പ്ലാറ്റ്‌ഫോമുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇസ്രയേല്‍-ഇന്ത്യന്‍ പ്രതിരോധ കമ്പനികള്‍ തമ്മിലുള്ള സഹകരണം ഗണ്യമായി വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.
എങ്കിലും ഇന്ത്യയിലെ സാഹചര്യങ്ങള്‍ ഇസ്രയേല്‍ നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യയുടെ പ്രതിരോധ മേഖലയിലുണ്ടാകുന്ന പരിഷ്‌കാരങ്ങള്‍, സംയുക്ത സംരംഭങ്ങളെ സംബന്ധിച്ച മാനദണ്ഡങ്ങള്‍, വിദേശ നിക്ഷേപ പരിധികള്‍, ഡിഫന്‍സ് അക്വിസിഷന്‍ പ്രൊസീജ്യര്‍ (ഡിഎപി) പ്രകാരമുള്ള നടപടിക്രമപരമായ വ്യക്തത തുടങ്ങിയവയില്‍ ഇസ്രയേലിന് ചില ആശങ്കകളുണ്ട്.
ഇക്കാര്യങ്ങളില്‍ കൂടുതല്‍ വഴക്കവും പ്രവചനാത്മകതയും ഉണ്ടായാല്‍ മാത്രമേ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാകൂ. ഘടനാപരമായ ചില മാറ്റങ്ങള്‍ വന്നാല്‍ യൂറോപ്പിനേക്കാള്‍ ഇന്ത്യയെ ആശ്രയിക്കാന്‍ ഇസ്രയേല്‍ സന്നദ്ധമാകും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആഗോള പ്രതിരോധ നിര്‍മാണ കേന്ദ്രമെന്ന സ്ഥാനത്തേക്ക് ഉയരാനും ഈ പങ്കാളിത്തം വഴി തുറക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.