സ്റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവം: എസ്എച്ച്ഒയ്ക്ക് സസ്പെന്‍ഷന്‍; വകുപ്പുതല അന്വേഷണത്തില്‍ ഉടന്‍ തീരുമാനം

സ്റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവം: എസ്എച്ച്ഒയ്ക്ക് സസ്പെന്‍ഷന്‍; വകുപ്പുതല അന്വേഷണത്തില്‍ ഉടന്‍ തീരുമാനം

കൊച്ചി: ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവത്തില്‍ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ആയിരുന്ന പ്രതാപചന്ദ്രനെ സസ്പെന്‍ഡ് ചെയ്തു. ദക്ഷിണമേഖല ഐജി ശ്യാംസുന്ദറാണ് പ്രതാപചന്ദ്രനെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. നിലവില്‍ അരൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറാണ് പ്രതാപ ചന്ദ്രന്‍.

മര്‍ദ്ദന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി.

2024 ജൂണ്‍ 20 ന് നടന്ന മര്‍ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. കൊച്ചിയില്‍ ഹോംസ്റ്റേ നടത്തുന്ന തൊടുപുഴ സ്വദേശിനി ഷൈമോളാണ് പൊലീസിന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായത്. പൊതുസ്ഥലത്തെ പൊലീസ് മര്‍ദനം മൊബൈലില്‍ ചിത്രീകരിച്ചതിന് കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തിരക്കിയാണ് ഗര്‍ഭിണിയായ ഷൈമോള്‍ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ഇതിനിടെ അവിടേയ്ക്ക് വന്ന എസ്.എച്ച്.ഒ പ്രതാപചന്ദ്രന്‍ കൈക്കുഞ്ഞുങ്ങളുമായി നിന്ന ഷൈമോളെ നെഞ്ചിന് പിടിച്ച് തള്ളുകയും മുഖത്തടിക്കുകയുമായിരുന്നു.

മഫ്തിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പൊതു ഇടത്തുവച്ച് രണ്ട് പേരെ മര്‍ദിക്കുന്നത് ഷൈമോളുടെ ഭര്‍ത്താവ് ഫോണില്‍ പകര്‍ത്തിയിരുന്നു. ഇത് കണ്ട പൊലീസുകാര്‍ ഇയാളെ പിടികൂടി എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ഗര്‍ഭിണിയായ ഷൈമോള്‍ ഭര്‍ത്താവിനൊപ്പം ആശുപത്രിയില്‍ പോകാനിറങ്ങിയപ്പോഴായിരുന്നു സംഭവം. ഭര്‍ത്താവിനെ പൊലീസ് കൊണ്ടുപോയതിന് പിന്നാലെ ഷൈമോള്‍ കുഞ്ഞുങ്ങളെ കൂട്ടി സ്റ്റേഷനിലെത്തി. എന്ത് കാരണത്താലാണ് കസ്റ്റഡിയെന്ന് കരഞ്ഞുകൊണ്ടു ചോദിച്ചപ്പോഴാണ് എസ്എച്ച്ഒ മര്‍ദ്ദിച്ചത്.

ഒരു വര്‍ഷത്തോളം നിയമ പോരാട്ടം നടത്തിയതിനെ തുടര്‍ന്നാണ് പൊലീസ് മര്‍ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചത്. പരാതി നല്‍കിയപ്പോള്‍ യുവതി എസ്എച്ച്ഒയെ മര്‍ദിച്ചു എന്നാണ് പൊലീസ് കഥ മെനഞ്ഞത്. ഒടുവില്‍ ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് കസ്റ്റഡി മര്‍ദ്ദന ദൃശ്യങ്ങള്‍ നല്‍കിയത്. അന്വേഷണ വിധേയമായിട്ടാണ് സസ്‌പെന്‍ഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തില്‍ ഉടന്‍ തീരുമാനമെടുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.