തിരുവനന്തപുരം: മുഖ്യമന്ത്രിയും സിപിഎമ്മുമായുള്ള പോര് കൂടുതൽ രൂക്ഷമായതിനിടെ അസാധാരണ നീക്കവുമായി ഗവര്‍ണര്‍. രാജ്ഭവനിൽ വാര്‍ത്ത സമ്മേളനം വിളിച്ച് സര്‍ക്കാരിനെതിരെ തെളിവുകൾ പുറത്തു വിടാനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ്റെ നീക്കം.
വാര്‍ത്താസമ്മേളനത്തില്‍ നിര്‍ണായകമായ ചില രേഖകളും ദൃശ്യങ്ങളും പുറത്തു വിടുമെന്ന് ഗവര്‍ണര്‍ അറിയിച്ചു. ഇന്ന് രാവിലെ 11.45-ന് ഔദ്യോഗിക വസതിയായ രാജ്ഭവനിൽ വച്ചാണ് ഗവര്‍ണര്‍ മാധ്യമങ്ങളെ കാണുന്നത്.
കെ.കെ. രാഗേഷിൻ്റെ ഭാര്യയെ കണ്ണൂര്‍ സര്‍വ്വകലാശാലയിൽ നിയമിക്കാനുള്ള നീക്കത്തിലും തനിക്കെതിരെ ചരിത്ര കോണ്‍ഗ്രസ് വേദിയിൽ ഉണ്ടായ ആക്രമണ നീക്കത്തിന് പിന്നിലും മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് ഗവര്‍ണര്‍ തുറന്നടിച്ചിരുന്നു. ഇത് സംബന്ധിച്ചു മുഖ്യമന്ത്രി അയച്ച കത്തുകളും വീഡിയോ ദൃശ്യങ്ങളുമാണ് പുറത്തു വിടുമെന്ന് ഗവര്‍ണര്‍ മുന്നറിയിപ്പ് നൽകിയത്.
ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് മുന്നിലെത്തിയ മുഖ്യമന്ത്രി അതിരൂക്ഷമായ ഭാഷയിൽ ഗവര്‍ണര്‍ക്ക് മറുപടി നൽകി. പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഗവര്‍ണറെ കടന്നാക്രമിച്ച് രംഗത്തെത്തി.
ജനങ്ങളുടെ കൺമുന്നിലുള്ള കാര്യങ്ങൾ ഗവർണർ വളച്ചൊടിക്കുകയാണെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. ഗവർണർ സർക്കാരിനും സർവകലാശാലക്കുമെതിരെ തെറ്റായ പ്രചാരവേല നടത്തുന്നു. പദവിക്ക് നിരക്കാത്ത സമീപനമാണ് ഗവർണറിൽ നിന്ന് ഉണ്ടാകുന്നത്. ഗവർണർ പദവിയിലിരുന്ന് കാണിക്കേണ്ട സമചിത്തത കാണിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഗവര്‍ണറുടെ പ്രകോപനം സഹിക്കാവുന്നതിലും അപ്പുറമെന്ന് മുൻ മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ചു. ഗവര്‍ണര്‍ മോഹന്‍ ഭാഗവതിനെ കണ്ടത് എന്തിനാണെന്നു പറയണം. നിയമവിരുദ്ധ ഇടപെടലിന്റെ രേഖ പുറത്തുവിട്ടാല്‍ അത് ഗവര്‍ണര്‍ പദവിക്കാണ് ദോഷം ചെയ്യുകയെന്നും ബാലന്‍ പറഞ്ഞു.
കത്ത് പുറത്തു വിടുന്നേൽ പുറത്തു വിടട്ടെ, അത് പ്രേമലേഖനം ഒന്നും അല്ലല്ലോ എന്ന പരിഹാസ പ്രതികരണമാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ഗവർണർ പദവി തന്നെ അനാവശ്യമാണെന്ന പക്ഷമാണ് അദ്ദേഹത്തിന്. നിയമസഭ പാസാക്കിയ നിയമം പരിശോധിക്കണം എന്ന് പറഞ്ഞ് ഗവർണർ മാറ്റി വെച്ച് കൊണ്ടിരിക്കുക ആണ്. ഗവർണർ ശ്രമിക്കുന്നത് പുതിയ വിവാദം ഉണ്ടാക്കാനാണ്. ഇത് രാജ്യ ഭരണം അല്ല, ജനാധിപത്യം ആണെന്നും കാനം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.