ബ്രിട്ടണ്‍: ബ്രിട്ടണിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണം അടുത്ത വര്‍ഷം മെയ് ആറിന് നടക്കും. ബ്രിട്ടീഷ് രാജകുടുംബം ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ കിരീടധാരണം നടക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം വ്യക്തമാക്കി.
ഇതോടൊപ്പം ചാള്‍സിന്റെ ഭാര്യ കാമിലയും രാജപത്‌നിയായി (ക്വീന്‍ കണ്‍സോര്‍ട്ട്) അവരോധിക്കപ്പെടും. എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടര്‍ന്നാണ് ഒന്നാം കിരീടാവകാശിയായ മൂത്തമകന്‍ ചാള്‍സ് രാജാവായി ചുമതലയേറ്റത്.
അന്നുമുതല്‍ രാജാവിന്റെ എല്ലാ ചുമതലകളും വഹിക്കുന്നുണ്ടെങ്കിലും ആംഗ്ലിക്കന്‍ സഭയുടെ തലവന്‍കൂടിയായ രാജാവ് ഔദ്യോഗികമായി അഭിഷിക്തനാകുന്നതും പരമാധികാരത്തിന്റെ അടയാളമായ ഇംപീരിയല്‍ ക്രൗണ്‍ (രാജകിരീടം) അണിയിക്കുന്നതുമെല്ലാം കീരീടധാരണ ചടങ്ങിലാണ്. ഇന്ത്യയില്‍നിന്നുള്ള കോഹിനൂര്‍ രത്‌നം അടങ്ങിയ കിരീടമാകും കാമിലയ്ക്കു ലഭിക്കുക.
കാന്റര്‍ബറി ആര്‍ച്ച്ബിഷപ് റവ.ഡോ. ജസ്റ്റില്‍ വെല്‍ബിയുടെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. ആര്‍ച്ച്ബിഷപ്പ് തന്നെയാകും രാജാവിനെ കീരീടം അണിയിക്കുക. ലോകനേതാക്കള്‍ ഉള്‍പ്പെടെയുള്ള നിരവധി വിശിഷ്ടാതിഥികള്‍ ചടങ്ങില്‍ പങ്കെടുക്കും.
കിരീടധാരണസമയത്ത് ചാള്‍സിന് 74 വയസ് പൂര്‍ത്തിയാകും. 900 വര്‍ഷത്തെ ചരിത്രത്തില്‍ ബ്രിട്ടനില്‍ സ്ഥാനമേല്‍ക്കുന്ന ഏറ്റവും പ്രായം കൂടിയ രാജാവാണ് ചാള്‍സ് മൂന്നാമന്‍. 70 വര്‍ഷങ്ങള്‍ക്കു മുമ്പ് 1953 ജൂണിലായിരുന്നു എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.