'കൊടുമുടിയില്‍ അടി തുടങ്ങി': കേന്ദ്ര നിരീക്ഷകനെ തടഞ്ഞ് പ്രതിഭാ സിങിന്റെ അനുയായികള്‍; ഹിമാചലില്‍ നാടകീയ രംഗങ്ങള്‍

'കൊടുമുടിയില്‍ അടി തുടങ്ങി': കേന്ദ്ര നിരീക്ഷകനെ തടഞ്ഞ് പ്രതിഭാ സിങിന്റെ അനുയായികള്‍; ഹിമാചലില്‍ നാടകീയ രംഗങ്ങള്‍

കൂടുതല്‍ എംഎല്‍എമാര്‍ സുഖ് വിന്ദര്‍ സിങ് സുഖുവിനൊപ്പം. പ്രതിഭാ സിങിനായി അനുയായികള്‍.

സിംല: ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാനിക്കുന്നതിനായി നിയമസഭാകക്ഷി യോഗം ചേരാനിരിക്കുന്ന ഹോട്ടലിന് മുന്നില്‍ നാടകീയ രംഗങ്ങള്‍. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പ്രതിഭാ സിങിന്റെ അനുകൂലികള്‍ കേന്ദ്ര നിരീക്ഷകനായെത്തിയ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിനെ തടഞ്ഞു. പ്രതിഭാ സിങിനെ മുഖ്യമന്ത്രി ആക്കണമെന്നാണ് ആവശ്യം.

മുഖ്യമന്ത്രിയെ തീരുമാനിക്കാനായി സിംലയിലെ ഒബ്റോയി സെസില്‍ ഹോട്ടലില്‍ ഉടന്‍ നിയമസഭാകക്ഷി യോഗം ചേരും. യോഗത്തില്‍ കേന്ദ്ര നിരീക്ഷകരായി നിയോഗിച്ച ഭൂപേഷ് ഭാഗല്‍, ഭൂപീന്ദര്‍ സിങ് ഹൂഡ, രാജീവ് ശുക്ല എന്നിവര്‍ സിംലയില്‍ എത്തിയിട്ടുണ്ട്. 68 അംഗ ഹിമാചല്‍ നിയമസഭയില്‍ 40 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് ഭരണം തിരിച്ചു പിടിച്ചത്.

കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ സുഖ് വിന്ദര്‍ സിങ് സുഖു, നിലവിലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് മുകേഷ് അഗ്നിഹോത്രി, പിസിസി പ്രസിഡന്റ് പ്രതിഭാ സിങ് എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി പദത്തിലേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്.

മാണ്ഡിയില്‍ നിന്നുള്ള ലോക്സഭാംഗമായ പ്രതിഭാ സിങ് നിയമസഭയിലേക്ക് മത്സരിച്ചിരുന്നില്ല. മണ്ഡിയില്‍ നിന്നുള്ള എംപിയാണവര്‍. എംപി സ്ഥാനം രാജിവച്ച് പ്രതിഭാ സിങ് മുഖ്യമന്ത്രിയാകുന്നതിനോട് ഹൈക്കമാന്റിന് വലിയ താല്‍പര്യമില്ല എന്നുള്ളത് പ്രതിഭയ്ക്ക് തിരിച്ചടിയാണ്.

മാത്രവുമല്ല കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ബഹുഭൂരിപക്ഷത്തിന്റെയും പിന്തുണ മുന്‍ പിസിസി പ്രസിഡന്റും പ്രാചരണ സമിതി ചെയര്‍മാനുമായിരുന്ന സുഖ് വിന്ദര്‍ സിങ് സുഖുവിന് ആണെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പാര്‍ട്ടിയില്‍ ഗ്രൂപ്പിസം ഇല്ലെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും പ്രതിഭാ സിങ് പറഞ്ഞു.

നൗദാന്‍ മണ്ഡലത്തില്‍ നിന്നുമാണ് 58 കാരനായ സുഖ് വിന്ദര്‍ സിങ് സുഖു വിജയിച്ചത്. അഞ്ചാം തവണയാണ് അദ്ദേഹം നിയമസഭയിലേക്ക് വിജയിക്കുന്നത്. രാജ്പുത് സമുദായത്തില്‍പ്പെട്ടയാളാണ് സുഖു. പ്രതിഭാ സിങും രാജ്പുത് സമുദായത്തില്‍പ്പെട്ടവരാണ്. മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങിന്റെ ഭാര്യയാണ് പ്രതിഭ. മുകേഷ് അഗ്‌നിഹോത്രി ബ്രാഹ്മണ സമുദായാംഗമാണ്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.