നിയമസഭാ സമ്മേളനം 23 മുതല്‍; ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കം

നിയമസഭാ സമ്മേളനം 23 മുതല്‍; ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കം

തിരുവനന്തപുരം: ഈ മാസം 23 മുതല്‍ നിയമസഭാ സമ്മേളനം തുടങ്ങാന്‍ മന്ത്രി സഭായോഗം തീരുമാനിച്ചു. 15-ാം കേരള നിയമ സഭയുടെ എട്ടാമത് സമ്മേളനമാണ് നടക്കാന്‍ പോകുന്നത്.

സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഇന്നു ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതില്‍ അനുമതി നല്‍കിയതോടെയാണ്, ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോരിന് അയവു വന്നത്.

ഈ സാഹചര്യത്തില്‍ ഗവര്‍ണറുമായി കൂടുതല്‍ ഭിന്നതയിലേക്ക് പോകേണ്ടെന്ന് ഇടതുമുന്നണി തീരുമാനിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗത്തോടെ സഭാസമ്മേളനം തുടങ്ങാന്‍ തീരുമാനിച്ചത്. നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് തയ്യാറാക്കാനായി മന്ത്രിസഭാ ഉപസമിതിയെയും മന്ത്രിസഭായോഗം നിശ്ചയിച്ചു.

സംസ്ഥാന ബജറ്റ് അടുത്ത മാസം മൂന്നിന് അവതരിപ്പിക്കാനാണ് സാധ്യത. 23 ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗമാണെങ്കില്‍, 24 നും 25 നും നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ച നടക്കും. കഴിഞ്ഞമാസം ചേര്‍ന്ന നിയമസഭയുടെ ഏഴാം സമ്മേളനം പിരിഞ്ഞതായി വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.