ന്യൂഡല്‍ഹി: ത്രിപുര, മേഘാലയ, നാഗാലാന്റ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 16 ന് ത്രിപുരയില്‍ എല്ലാ മണ്ഡലങ്ങളിലും ഒറ്റ ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കും. മേഘാലയിലും നാഗാലാന്റിലും ഫെബ്രുവരി 27 നാണ് തിരഞ്ഞെടുപ്പ്.
മാര്‍ച്ച് രണ്ടിന് മൂന്നിടത്തും വോട്ടെണ്ണല്‍ നടക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു. തിയതി പ്രഖ്യാപിച്ചതോടെ മൂന്നിടത്തും മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വന്നു.
ലക്ഷദ്വീപ് എംപിയായിരുന്ന മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ സാഹചര്യത്തില്‍ ലക്ഷ ദ്വീപിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തിയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി 27 നാണ് ലക്ഷദ്വീപില്‍ തിരഞ്ഞെടുപ്പ് നടക്കുക. വളരെ വേഗത്തിലുള്ള നീക്കമാണ് ലക്ഷദ്വീപ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം.
മൂന്ന് സംസ്ഥാനങ്ങളിലുമായി 62.8 ലക്ഷം വോട്ടര്‍മാരാണ് പോളിങ് ബൂത്തിലേക്കെത്തുക. തിയതി പ്രഖ്യാപനത്തിന് മുന്നോടിയായി മൂന്ന് സംസ്ഥാനങ്ങളിലെയും ഒരുക്കങ്ങള്‍ നേരിട്ട് വിലയിരുത്തിയതായി ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു.
മൂന്ന് സംസ്ഥാനങ്ങളിലുമായി 9,125 പോളിങ് സ്റ്റേഷനുകള്‍ തയ്യാറാക്കും. ഇവയില്‍ 70 ശതമാനം പോളിങ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിങ് ഉണ്ടായിരിക്കും. വോട്ടര്‍ ഐഡി കാര്‍ഡ് ഉള്‍പ്പെടെയുള്ള 12 തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ജനങ്ങള്‍ക്ക് വോട്ട് ചെയ്യാം. വ്യാജ വീഡിയോകള്‍ തടയാന്‍ പോളിങ് ബൂത്തിന് അകത്തും ബൂത്ത് നമ്പര്‍ അടക്കമുളളവ രേഖപ്പെടുത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
ഈ വര്‍ഷം നടക്കാന്‍ പോകുന്ന പത്ത് സംസ്ഥാനങ്ങളിലേക്കുള്ള പോരാട്ടങ്ങളുടെ തുടക്കമാണ് വടക്കു-കിഴക്കന്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ ആരംഭിച്ചത്. മൂന്ന് സംസ്ഥാനങ്ങളിലും നിലവില്‍ ബിജെപി സഖ്യമാണ് ഭരണം കൈയാളുന്നത്. ത്രിപുരയില്‍ ബിജെപിക്കെതിരെ സിപിഎം കോണ്‍ഗ്രസ് ധാരണയായതോടെ മത്സരം ശക്തമാകും.
വിശാല പ്രതിപക്ഷ ഐക്യത്തിലേക്ക് പ്രത്യുദ് ദേബ് ബര്‍മന്റെ തിപ്ര മോത പാര്‍ട്ടിയെ കൂടി കൊണ്ടു വരാനാണ് രണ്ടു പാര്‍ട്ടികളും ശ്രമിക്കുന്നത്. മോഡി പ്രഭാവവും സംസ്ഥാന സര്‍ക്കാരിന്റെ വികസനവും വോട്ടാക്കി ഭരണ തുടര്‍ച്ച നേടാനായി ത്രിപുരയില്‍ റാലികളുമായി ബിജെപി സജീവമാണ്.
മേഘാലയില്‍ നാഷണല്‍ പീപ്പിള്‍ പാര്‍ട്ടിയും ബിജെപിയും ചേര്‍ന്ന സഖ്യമായ എംഡിഎ ആണ് ഭരിക്കുന്നത്. 20 സീറ്റ് എംഡിഎക്കും മൂന്ന് സീറ്റ് ബിജെപിക്കുമുണ്ട്. ഇത്തവണ സഖ്യമില്ലാതെ ഒറ്റക്ക് മത്സരിക്കുമെന്നാണ് മുഖ്യമന്ത്രി കൊണ്‍റാഡ് സാഗ്മയുടെ എന്‍പിപിയുടെ പ്രഖ്യാപനം. കോണ്‍ഗ്രസിനെ ഞെട്ടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് കഴിഞ്ഞ വര്‍ഷം 17 ല്‍ 12 എംഎല്‍എമാരെയും ഒപ്പമെത്തിച്ച് മുഖ്യ പ്രതിപക്ഷമായിരുന്നു.
എന്നാല്‍ ഇതില്‍ എട്ട് എംഎല്‍എമാര്‍ മാത്രമേ ഒപ്പമുള്ളുവെന്നതാണ് ടിഎംസി നേരിടുന്ന പ്രതിസന്ധി. നാഗാലന്റില്‍ 42 സീറ്റുള്ള എന്‍ഡിപിപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 12 സീറ്റുള്ള ബിജെപിയും ചേര്‍ന്നുള്ള യുഡിഎ ആണ് സംസ്ഥാനം ഭരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.