ബ്രഹ്മപുരം തീ പിടുത്തം; ബയോമൈനിങ് കോര്‍പ്പറേഷന്‍ അറിയാതെ സോണ്ടയുടെ ഉപകരാര്‍: രേഖകള്‍ പുറത്ത്

ബ്രഹ്മപുരം തീ പിടുത്തം; ബയോമൈനിങ് കോര്‍പ്പറേഷന്‍ അറിയാതെ സോണ്ടയുടെ ഉപകരാര്‍: രേഖകള്‍ പുറത്ത്

കൊച്ചി: ബ്രഹ്മപുരം പ്ലാന്റിലെ ബയോമൈനിങ് സോണ്ട കമ്പനി മറ്റൊരു സ്ഥാപനത്തിന് ഉപകരാര്‍ നല്‍കിയെന്ന രേഖ പുറത്ത്. ആരഷ് മീനാക്ഷി എന്‍വയറോകെയര്‍ എന്ന സ്ഥാപനത്തിനാണ് സോണ്ട ഇന്‍ഫ്രാടെക്ക് 2021 നവംബറില്‍ ഉപകരാര്‍ നല്‍കിയത്.

ഈ സ്ഥാപനത്തിനും ബയോമൈനിങില്‍ പ്രവര്‍ത്തി പരിചയമില്ല. 54 കോടിയുടെ കരാറില്‍ 22 കോടിയോളം രൂപക്കാണ് ഉപകരാര്‍ നല്‍കിയത്. അതും കൊച്ചി കോര്‍പ്പറേഷന്റെ അനുമതിയില്ലാതെയാണ് സോണ്ട ഇന്‍ഫ്രാടെക്ക് ഉപകരാര്‍ നല്‍കിയത്. ബയോമൈനിങില്‍ സോണ്ടക്ക് മുന്‍പരിചയമില്ലെന്ന് നേരത്തെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു.

അതിനിടെ ബ്രഹ്മപുരം തീപിടിത്തം കേരളത്തിനുള്ള മുന്നറിയിപ്പാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇനിയൊരു ബ്രഹ്മപുരം ആവര്‍ത്തിക്കാതിരിക്കാന്‍ സംസ്ഥാനത്ത് ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങള്‍ നടപ്പാക്കാനായി തദ്ദേശ സെക്രട്ടറി നല്‍കിയ സമയക്രമം കോടതി അംഗീകരിച്ചു.

ഉടന്‍, ഹ്രസ്വ, ദീര്‍ഘ കാലം എന്നിങ്ങനെ മൂന്നായിട്ടായിരിക്കും ഇത് നടപ്പാക്കുക. ചട്ടങ്ങള്‍ നടപ്പാക്കുന്നതിനും പുരോഗതി വിലയിരുത്തുന്നതിനും കോടതി മേല്‍നോട്ടം വഹിക്കും.

ഖരമാലിന്യ സംസ്‌കരണത്തിനായി ജില്ലകളിലെ സൗകര്യങ്ങള്‍, പ്രവര്‍ത്തന ക്ഷമത തുടങ്ങിയവ സംബന്ധിച്ച് റിപ്പോര്‍ട്ട് കലക്ടര്‍മാര്‍ നല്‍കണം. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി വഴി റിപ്പോര്‍ട്ട് ഹൈക്കോടതി പരിശോധിക്കും.

ഭാവിയില്‍ പൊതു, സ്വകാര്യ പങ്കാളിത്തത്തോടെയുള്ള തദ്ദേശ ഖരമാലിന്യ സംസ്‌കരണ സൗകര്യം രൂപകല്‍പ്പന ചെയ്ത് സ്ഥാപിക്കുന്നത് ജില്ലാതല ദുരന്തനിവാരണ സമിതിയുടെ അനുമതിയോടെയാകണമെന്നും കോടതി നിര്‍ദേശിച്ചു. ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസുമാരായ എസ്.വി. ഭട്ടി, ബസന്ത് ബാലാജി എന്നിവരുടെ വിധി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.