ത്രിതല നായകരെ ഇന്നറിയാം

ത്രിതല നായകരെ ഇന്നറിയാം

കൊച്ചി: ത്രിതല പഞ്ചായത്തുകളുടെ പ്രസിഡന്റുമാരെയും വൈസ് പ്രസിഡന്റുമാരെയും ഇന്നറിയാം. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനത്തേക്ക് രാവിലെ 11നും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉച്ചകഴിഞ്ഞ് രണ്ടിനുമാണ് തെരഞ്ഞെടുപ്പ്.

ജില്ലാ പഞ്ചായത്തുകളിലേക്ക് ജില്ലാ കളക്ടര്‍മാരും ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലേക്ക് അതതു വരണാധികാരികളുമാണ് തെരഞ്ഞെടുപ്പ് നടപടികള്‍ക്കു നേതൃത്വം നല്‍കുന്നത്. ഓരോ തദ്ദേശ സ്ഥാപനത്തിലേക്കും അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാന്‍ ഒന്നിലധികം സ്ഥാനാര്‍ഥികളുണ്ടെങ്കില്‍ വോട്ടെടുപ്പ് നടത്തും.

മത്സരിക്കുന്ന എല്ലാ സ്ഥാനാര്‍ഥികളുടേയും പേരുകളും അതിന്റെ മറുപുറത്ത് വരണാധികാരിയുടെ പൂര്‍ണമായ ഒപ്പും മുദ്രയും പതിപ്പിച്ചാണു ബാലറ്റ് പേപ്പര്‍ തയാറാക്കുക. ഈ ബാലറ്റ് പേപ്പറില്‍ വോട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥാനാര്‍ഥിയുടെ പേരിനു നേരേ ഃ എന്ന അടയാളം രേഖപ്പെടുത്തി ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് വോട്ട് ചെയ്യുന്ന അംഗത്തിന്റെ പേരും ഒപ്പും രേഖപ്പെടുത്തണം. വോട്ടെടുപ്പ് പൂര്‍ത്തിയായശേഷം വരണാധികാരി അംഗങ്ങളുടെ സാന്നിധ്യത്തില്‍ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ വരണാധികാരി മുമ്പാകെയും വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ പ്രസിഡന്റ് മുമ്പാകെയും സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് ഒപ്പുവയ്ക്കണം. കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് തെരഞ്ഞെടുപ്പ് നടത്തുക. മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം എന്നിവ നിര്‍ബന്ധമാണ്. ക്രമസമാധാന പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന ചിലയിടങ്ങളില്‍ പോലിസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.