ഇരട്ട ന്യൂനമര്‍ദം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

 ഇരട്ട ന്യൂനമര്‍ദം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളില്‍ തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ നേരത്തെ തന്നെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യുനമര്‍ദം രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസം കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു.

മധ്യ കിഴക്കന്‍ അറബിക്കടലില്‍ കൊങ്കണ്‍ ഗോവ തീരത്തിന് സമീപമാണ് ന്യുന മര്‍ദം രൂപപ്പെട്ടത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിച്ചു പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യതയെന്നാണ് അറിയിപ്പില്‍ പറയുന്നത്. വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി രൂപപ്പെട്ട ന്യുന മര്‍ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിച്ചു വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ശക്തി പ്രാപിച്ച് ഒഡിഷ പശ്ചിമ ബംഗാള്‍ തീരത്തേക്ക് നീങ്ങാനാണ് സാധ്യത.

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മിതമായ / ഇടത്തരം മഴ / ഇടി / മിന്നല്‍ എന്നിവ തുടരാന്‍ സാധ്യത. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.