അമേരിക്കൻ സുപ്രീം കോടതിയിലെ ആദ്യവനിതാ ജഡ്ജി സാണ്ട്ര ഡേ ഒക്കൊണൊര്‍ അന്തരിച്ചു

അമേരിക്കൻ സുപ്രീം കോടതിയിലെ ആദ്യവനിതാ ജഡ്ജി സാണ്ട്ര ഡേ ഒക്കൊണൊര്‍ അന്തരിച്ചു

അരിസോണ: യുഎസ് സുപ്രീം കോടതിയിലെ പ്രഥമ വനിതാംഗവും പ്രഥമ വനിതാ ജഡ്ജിയുമായ സാണ്ട്ര ഡേ ഒക്കൊണൊര്‍ അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്. 93 വയസായിരുന്നു.

ഓരോ പൗരന്റെയും അവകാശങ്ങളെക്കുറിച്ചും അവരുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും ബോധവല്‍ക്കരണം നടത്തുന്നതിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വമാണ് ഒക്കൊണൊര്‍. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ക്കു പുറമെ അള്‍ഷിമേഴ്‌സ്, ഡിമെന്‍ഷ്യ, ശ്വാസകോശ സംബന്ധിത രോഗങ്ങളും അവരെ അലട്ടിയിരുന്നു.

നിയമ വ്യവസ്ഥിതിയില്‍ സമ്പൂര്‍ണ പുരുഷമേല്‍ക്കോയ്മ നിലനിന്നിരുന്ന കാലത്ത് ഏറെ പ്രതിബന്ധങ്ങള്‍ മറികടന്നാണ് ഒക്കൊണൊര്‍ നിയമരംഗത്തേക്ക് പ്രവേശിക്കുന്നത്. സുപ്രീം കോടതിയിലെ ആദ്യ വനിതയായി ഒക്കൊണൊറിന്റെ നിയമനം അന്നുവരെ വനിതകള്‍ക്കു അപ്രാപ്യമെന്നു വിചാരിച്ചിരുന്ന നിയമമേഖലയിലേക്ക് കൂടുതല്‍ വനിതകളെ ആകര്‍ഷിക്കുന്നതിന് കാരണമായി.

ടെക്‌സസിലെ എല്‍പോസ് ആണ് ജന്മദേശം. സമ്പന്നതയുടെ മടിത്തട്ടില്‍ ജനിച്ചുവീണ ഒക്കൊണോര്‍ എല്ലാ സുഖസൗകര്യങ്ങളും അറിഞ്ഞാണ് വളര്‍ന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങള്‍ എന്നാണ് ഒക്കൊണോര്‍ തന്നെ തന്റെ ശൈശവകാലത്തെക്കുറിച്ച് വിവരിക്കുന്നത്.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം സ്റ്റാന്റഫോഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമത്തില്‍ ബിരുദപഠനം പൂര്‍ത്തിയാക്കി. ക്ലാസില്‍ ഒന്നാമതായാണ് പഠനം പൂര്‍ത്തിയാക്കിയതെങ്കിലും 12 വര്‍ഷത്തോളം ഒരു ജോലിക്കായി അലയേണ്ടി വന്നിട്ടുണ്ട് ഒക്കൊണോറിന്. പുരുഷന്‍മാരുടെ മേല്‍ക്കോയ്മയായിരുന്ന നിയമ മേഖലയില്‍ ഒരു സ്ത്രീക്ക് ജോലി നല്‍കാന്‍ കമ്പനികള്‍ മടിച്ചതാണ് ഇതിനു കാരണം.

ഒടുവില്‍ തിരിച്ച് സ്വന്തം നാട്ടിലെത്തിയ ഒക്കൊണോര്‍ സ്വന്തമായി പ്രാക്ടീസ് തുടങ്ങിയാണ് നിയമരംഗത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത്. 1969ല്‍ രാഷ്ട്രീയത്തിലേക്കു തിരിഞ്ഞ അവര്‍ അരിസോണ സ്‌റ്റേറ്റ് സെനറ്റ് മെമ്പറായി. ഏറെ താമസിയാതെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മേജോറിറ്റി ലീഡറാകുന്ന ആദ്യ വനിതയായും ഒക്കൊണോര്‍ മാറി.

1974ല്‍ നിയമരംഗത്തേക്ക് മടങ്ങിയെത്തിയ ഒക്കൊണോര്‍ മാരികോപ്പ കൗണ്ടി സുപ്പീരിയര്‍ കോര്‍ട്ട്, അരിസോണ കോര്‍ട്ട് ഓഫ് അപ്പീല്‍സ് എന്നിവിടങ്ങളിലേക്കും പിന്നീട് സുപ്രീം കോടതിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ആദ്യ വനിതയാകുകയെന്നത് വലിയ ഒരു വെല്ലുവിളിയാണെന്നും ഇത് മറ്റ് സ്ത്രീകളെ പ്രചോദിപ്പിക്കുന്നു എന്നത് മാത്രമാണ് തനിക്ക് ആശ്വാസമേകുന്നതെന്നും ഒക്കൊണോര്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.

1981ല്‍ സെനറ്റ് 99-0 വോട്ടോടെ ഏകപക്ഷീയമായാണ് ഒക്കൊണൊറിനെ സുപ്രീം കോടതി ജഡ്ജിയായി തെരഞ്ഞെടുക്കുന്നത്. പുരുഷമേല്‍ക്കോയ്മ നിലനിന്നിരുന്ന ആ കാലത്ത് വനിതാ ജഡ്ജിക്ക് ഉപയോഗിക്കാനായി വനിതകള്‍ക്കുള്ള ശുചിമുറി പോലും അന്ന് കോടതിയിലുണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

നിരവധി വനിതകള്‍ക്ക് നിയമരംഗത്തേക്ക് ചുവടു വയ്ക്കാന്‍ പ്രേരണയായത് ഒക്കൊണോറിന്റെ ജീവിതമാണ്. ഏകദേശം രണ്ട് പതിറ്റാണ്ട് നീണ്ട ഭരണകാലത്ത് സുപ്രീം കോടതിയുടെ നിരവധി സുപ്രധാന വിധികളില്‍ ഒക്കൊണോറിന്റെ വോട്ട് നിര്‍ണായകമാവുകയായിരുന്നു.

ഭ്രൂണഹത്യയെക്കുറിച്ചുള്ള പല സുപ്രധാന വിധികളിലും ഒപ്പുവെച്ചത് ഒക്കൊണോര്‍ ആണ്. 2000ല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ജോര്‍ജ് ഡബ്ല്യൂ ബുഷിനെ പ്രസിഡന്റ് പദത്തിലെത്താന്‍ സഹായിച്ചതുമായി ബന്ധപ്പെട്ട് തികഞ്ഞ റിപബ്ലിക്കന്‍ അനുഭാവിയായ ഒക്കൊണോറിനെതിരെ നിരവധി ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

ഗര്‍ഭചിദ്രത്തെ എതിര്‍ത്തിരുന്ന ഒക്കൊണോര്‍ എന്നാല്‍ സ്ത്രീകള്‍ക്ക് ഗര്‍ഭചിദ്രം നടത്തുന്നതിന് ഭര്‍ത്താവിന്റെ അനുമതി ആവശ്യമില്ലെന്ന നിര്‍ണായകമായ വിധി പാസാക്കി. നിരവധി സ്ത്രീകള്‍ ഭര്‍ത്താവില്‍ നിന്നും ശാരീരിക പീഡനമേല്‍ക്കുന്നുണ്ടെന്നും അതിനാല്‍തന്നെ ഗര്‍ഭധാരണം വേണോയെന്നത് ഓരോ സ്ത്രീയുടെയും ഹിതമാണെന്നും ഗര്‍ഭം അലസിപ്പിക്കുന്നതിന് ഭര്‍ത്താവിന്റെ അനുമതി ആവശ്യമില്ലെന്നും ഒക്കൊണോര്‍ തന്റെ വിധിന്യായത്തില്‍ കുറിച്ചു.

ന്യൂനവര്‍ഗത്തിന്റെ അടിസ്ഥാനത്തില്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം നല്‍കുന്നതിനെ അനുകൂലിച്ചത് ഒക്കൊണോറിനെ പ്രതിക്കൂട്ടിലാക്കി. മിഷിഗണ്‍ നിയമ കോളേജില്‍ വര്‍ഗക്കാരെ അടിസ്ഥാനമാക്കി പ്രവേശനം നല്‍കുന്നതില്‍ തെറ്റില്ലെന്നും ഇത് ന്യൂനപക്ഷത്തിന്റെ പ്രവേശനത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നുമായിരുന്നു ഒക്കൊണോറിന്റെ നിലപാട്. ഇത്തരത്തിലുള്ള നിരവധി വിധികള്‍ പ്രസ്താവിച്ചിട്ടുള്ളതില്‍ പലതും രാഷ്ട്രീയപരമായ ആക്രമണങ്ങള്‍ക്കും വിധേയമായിട്ടുണ്ട്.

ഭര്‍ത്താവിന്റെ മറവിരോഗത്തെ തുടര്‍ന്ന് 2005ല്‍ ജോലി രാജവെച്ച അവര്‍, ഐസിവിക്‌സ് (iCivics) തുടങ്ങി. അമേരിക്കന്‍ സര്‍ക്കാരിനെകുറിച്ചും പൗരബോധത്തെക്കുറിച്ചും പഠിപ്പിക്കുകയായിരുന്നു ഐസിവിക്‌സിന്റെ പ്രഥമ ലക്ഷ്യം.

മറവി രോഗം ബാധിച്ചതിനെ തുടര്‍ന്ന് 2018ല്‍ പൊതുജീവിതത്തിന് വിരാമമിടുന്നതു വരെ ഐസിവിക്‌സില്‍ ബോധവത്കരണ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തുപോന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.