വാതില്‍ തുറന്ന് കാല്‍ വച്ചത് അണ്ടര്‍ ഗ്രൗണ്ട് ഫ്‌ളോറിലേയ്ക്ക്; നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്ന് വീണ നഴ്സ് മരിച്ചു

വാതില്‍ തുറന്ന് കാല്‍ വച്ചത് അണ്ടര്‍ ഗ്രൗണ്ട് ഫ്‌ളോറിലേയ്ക്ക്; നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്ന് വീണ നഴ്സ് മരിച്ചു

തിരൂര്‍: നിര്‍മാണം നടക്കുന്ന ആശുപത്രി കെട്ടിടത്തില്‍ നിന്ന് താഴെവീണ് പരിക്കേറ്റ നഴ്സ് മരിച്ചു. മലപ്പുറം ജില്ലാ ആശുപത്രിയിലെ ഹെഡ് നഴ്‌സ് തൃശൂര്‍ ചാലക്കുടി ചെട്ടിക്കുളം സ്വദേശി ടി.ജെ മിനിയാണ് (48) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു അപകടം. ഇന്ന് രാവിലെയാണ് മിനി മരണപ്പെട്ടത്.

ആശുപത്രിയിലെ പുതിയ കെട്ടിടത്തിലെ താഴത്തെ നിലയില്‍ നിന്ന് അണ്ടര്‍ ഗ്രൗണ്ട് ഫ്‌ളോറിലേക്കാണ് മിനി വീണത്. ഓങ്കോളജി ചികിത്സയ്ക്കായി നിര്‍മിച്ച പുതിയ കെട്ടിടമാണിത്. ആശുപത്രിയിലെ ക്യാന്‍സര്‍ ചികിത്സാ വാര്‍ഡ് പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റുന്നതിന്റെ ഭാഗമായി നഴ്‌സിങ് സൂപ്രണ്ടിനും മറ്റൊരു നഴ്‌സിനുമൊപ്പം പരിശോധനയ്ക്കെത്തിയതായിരുന്നു മിനി. താഴത്തെ നില പരിശോധിക്കുന്നതിനിടെ ഒരു വാതില്‍ തുറന്ന് നിലമുണ്ടെന്ന് കരുതി കാലെടുത്തു വച്ചതാണ്. എന്നാല്‍ വാതിലിനപ്പുറം അണ്ടര്‍ ഗ്രൗണ്ട് ഫ്‌ളോറായിരുന്നു. ഇതോടെ മിനി എട്ട് മീറ്ററോളം താഴേക്ക് വീഴുകയായിരുന്നു.

നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇവിടെ മരം കൊണ്ടുള്ള പട്ടിക കഷണങ്ങള്‍ സൂക്ഷിച്ചിരുന്നു. ഇതിലേക്ക് വീണ മിനിയെ ജീവനക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. തലയോട്ടിക്കും വയറിനും ഗുരുതര പരിക്കേറ്റ മിനിയെ കൂടുതല്‍ ചികിത്സയ്ക്കായി കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.