പ്ലസ് വണ്‍ ക്ലാസുകള്‍ ജൂണ്‍ 24ന് ആരംഭിക്കും; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

പ്ലസ് വണ്‍ ക്ലാസുകള്‍ ജൂണ്‍ 24ന് ആരംഭിക്കും; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷകള്‍ മെയ് 16 മുതല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുവാനുള്ള അവസാന തിയതി മെയ് 25 ആണ്. ജൂണ്‍ 24 ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി അറിയിച്ചു.

ഏകജാലക അഡ്മിഷന്‍ ഷെഡ്യൂള്‍

ട്രയല്‍ അലോട്ട്മെന്റ് തിയതി : മെയ് 29

ആദ്യ അലോട്ട്മെന്റ് തിയതി : ജൂണ്‍ 5

രണ്ടാം അലോട്ട്മെന്റ് തിയതി : ജൂണ്‍ 12

മൂന്നാം അലോട്ട്മെന്റ് തിയതി : ജൂണ്‍ 19

മുഖ്യഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനം ഉറപ്പാക്കി 2024 ജൂണ്‍ 24 ന് തന്നെ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. കഴിഞ്ഞ വര്‍ഷം ജൂലൈ അഞ്ചിനായിരുന്നു ക്ലാസുകള്‍ ആരംഭിച്ചത്.

മുഖ്യഘട്ടം കഴിഞ്ഞാല്‍ പുതിയ അപേക്ഷകള്‍ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തി 2024 ജൂലൈ 31 ന് പ്രവേശന നടപടികള്‍ അവസാനിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രവേശന മാനദണ്ഡമായ വെയിറ്റഡ് ഗ്രേഡ് പോയിന്റ് ആവറേജ് തുല്യമായി വരുന്ന സാഹചര്യത്തില്‍ അക്കാദമിക മെറിറ്റിന് മുന്‍ തൂക്കം ലഭിക്കുന്ന തരത്തില്‍ ഗ്രേസ് മാര്‍ക്കിലൂടെയല്ലാതെയുള്ള അപേക്ഷകനെ റാങ്കില്‍ ആദ്യം പരിഗണിക്കും എന്നത് ഈ വര്‍ഷത്തെ പ്രധാന മാറ്റങ്ങളില്‍ ഒന്നാണ്.

പട്ടിക വര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പതിനാല് മോഡല്‍ റെസിഡെന്‍ഷ്യല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെ പ്രവേശനം ഈ വര്‍ഷം മുതല്‍ ഏകജാലക സംവിധാനത്തിലൂടെ ആയിരിക്കും. പ്രസ്തുത സ്‌കൂളുകളിലേയ്ക്ക് ഒറ്റ അപേക്ഷ ഓണ്‍ലൈനായി സ്വീകരിച്ച് നിര്‍ദ്ദിഷ്ട പ്രവേശന ഷെഡ്യൂള്‍ പ്രകാരം അലോട്ട്മെന്റ് പ്രക്രിയയിലൂടെ പ്രവേശനം സാധ്യമാക്കുന്നതാണ്.

2024-25 അധ്യയന വര്‍ഷം പ്ലസ്വണ്‍ പ്രവേശനം കുറ്റമറ്റതാക്കുന്നതിനും ഉപരി പഠനത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാര്‍ഥികളുടേയും പ്രവേശനം ഉറപ്പാക്കുന്നതിനും അലോട്ട്മെന്റ് പ്രക്രിയയുടെ ആരംഭത്തില്‍ തന്നെ സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത വിധത്തില്‍ ചുവടെ പ്രതിപാദിക്കും പ്രകാരം മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് അനുവദിക്കുന്നതാണ്.

തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്,കണ്ണൂര്‍,കാസര്‍കോഡ് എന്നീ ഏഴ് ജില്ലകളില്‍ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും 30 ശതമാനം സീറ്റ് വര്‍ധനവുണ്ടാകും. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ഏഴ് ജില്ലകളില്‍ എല്ലാ എയ്ഡഡ് സ്‌കൂളുകളിലും 20 ശതമാനം സീറ്റ് വര്‍ധനവ്. ഇതിനുപരിയായി ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകള്‍ക്ക് 10 ശതമാനം കൂടി മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് അനുവദിക്കും.

കൊല്ലം, എറണാകുളം, തൃശൂര്‍ എന്നീ മൂന്ന് ജില്ലകളില്‍ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലും 20 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ധിപ്പിക്കും. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലും 20 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ധനവുണ്ടാകും.

മറ്റ് മൂന്ന് ജില്ലകളായ പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് ഇല്ല. 2022-23 അധ്യയന വര്‍ഷം താല്‍ക്കാലികമായി അനുവദിച്ച 77 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത നാല് ബാച്ചുകളും കൂടി ചേര്‍ന്ന 81 ബാച്ചുകളും 2023-24 അധ്യയന വര്‍ഷം താല്‍ക്കാലികമായി അനുവദിച്ച 97 ബാച്ചുകളും ഈ വര്‍ഷം കൂടി തുടരും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.