ചിന്താമൃതം "അനന്ത് അംബാനിയുടെ കല്ല്യാണം ഉയർത്തിയ അലയൊലികൾക്കിടയിലെ പ്രണയനൊമ്പര കാറ്റ്"

ചിന്താമൃതം

ഇന്ത്യയിലെ അല്ല, ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ അനന്തിന്റെ വിവാഹ ചടങ്ങ് ഇന്ന് ലോകം മുഴുവൻ ചർച്ചയാണ്. ലോകം മുഴുവൻ മുംബൈയിലെത്തിയ ദിവസം എന്നാണ് അനന്ത് അംബാനിയുടെ വിവാഹത്തെ കുറിച്ച് ഒരു മാധ്യമ പ്രവർത്തകൻ പറഞ്ഞത്. ബോളിവുഡ് - ഹോളിവുഡ് സിനിമാ താരങ്ങൾ, ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കന്മാർ, ലോക നേതാക്കന്മാർ തുടങ്ങി പതിനായിരക്കണക്കിന് ആളുകളാണ് ഈ അതിസമ്പന്ന അംബാനി മകന്റെ കല്യാണത്തിനെത്തിയത്. സാധാരണ ഒരു കുടുംബം തങ്ങളുടെ സമ്പാദ്യത്തിന്റെ മുക്കാൽ പങ്കും മക്കളുടെ വിവാഹത്തിനായി ഉപയോഗിക്കുമ്പോൾ, സ്വത്തിന്റെ 0.5% ൽ താഴെ മാത്രമേ അദേഹം ചെലവഴിച്ചുള്ളൂ എന്നാണ് പുറത്തുവരുന്ന കണക്കുകൾ. അതായത് ഏകദേശം 5000 കോടി രൂപ. അതായത് വിഴിഞ്ഞം പോർട്ട് യാഥാർഥ്യമാകാൻ കേരള സർക്കാർ മുടക്കുന്ന തുകയ്ക്ക് തുല്യം.

വിവാഹത്തിലെ ധൂർത്തിനെക്കുറിച്ചോ ആ വിവാഹം ഉയർത്തിവിട്ട ചർച്ചകളെക്കുറിച്ചോ അഭിപ്രായമോ അഭിപ്രായ വ്യത്യാസമോ പറയാൻ അല്ല ഞാൻ ഇതെഴുതുക. മറിച്ച് അനന്തിന്റെ കൈപിടിച്ച് ജീവിതത്തിലേക്ക് വന്ന രാധിക എന്ന പെൺകുട്ടി നൽകുന്ന ഒരു മാതൃകയാണ് ഈ വിവാഹത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ ചിന്തിക്കേണ്ടത് എന്നാണ് ഞാൻ കരുതുന്നത്. അനന്തിന്റെ വണ്ണത്തെ ആക്ഷേപിച്ചും രാധികയെ കോടികൾ കൊടുത്ത് വിലയ്ക്ക് വാങ്ങിയതാണ് എന്നുമൊക്കെയുള്ള ധാരാളം കമന്റുകൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴും അലയടിക്കുന്നുണ്ട്. അനന്തിന് കടുത്ത ആസ്മയുടെ പ്രശ്നങ്ങളുണ്ടെന്നും കഴിഞ്ഞ 3 വർഷത്തോളമായി അസുഖം മൂർച്ഛിച്ച അദേഹത്തെ സ്റ്റിറോയിഡ് ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതെന്നും അവർ വെളിപ്പെടുത്തിയിരുന്നു. സ്റ്റിറോയിഡ് ചികിത്സയെത്തുടർന്നാണ് ആനന്ദിന്റെ ശരീര ഭാരം വളരെയധികം കൂടിയത്.

കോടീശ്വരൻമാരായ ഗുജറാത്തി മർച്ചൻ്റ് കുടുംബത്തിലെ അംഗമായി മുംബൈയിൽ ജനിച്ച് ന്യൂയോർക്കിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ രാധികയ്ക്ക് സ്വന്തമായി 6000 കോടിയുടെ നിക്ഷേപം വിവിധ കമ്പനികളിലുണ്ട്. കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള ഏതാനും കമ്പനികളുടെ ഉടമസ്ഥാവകാശവും അവർക്കുണ്ട്. അനന്തും രാധികയും നീണ്ട കാലത്തേ പ്രണയത്തിനൊടുവിലാണ് വിവാഹം കഴിക്കുന്നത്. അതായത് ഇവർ പരിചയപ്പെട്ടിട്ട് 11 വർഷത്തിലേറെയായി. രാധികയും അനന്തും കണ്ടുമുട്ടുമ്പോൾ അനന്തിന്റെ രൂപഭാവങ്ങൾ അങ്ങനെയായിരുന്നില്ല, അദേഹം മെലിഞ്ഞു സുന്ദരനായിരുന്നു എന്ന് അവരുടെ പഴയ ഫോട്ടോകൾ സാക്ഷ്യപ്പെടുത്തുന്നു.

രാധികയുടെ പ്രണയം സത്യസന്ധമായിരുന്നു എന്നും അവൾ പണത്തിന് വേണ്ടിയല്ല അനന്തിനെ വിവാഹം കഴിച്ചതെന്നും അറിയാതെയാണ് സോഷ്യൽ മീഡിയയിൽ ഇരുന്ന് ആ പെൺകുട്ടിയെ നാട്ടുകാർ കല്ലെറിയുന്നത്. ആത്മാർത്ഥ പ്രണയം ആയിരുന്നത് കൊണ്ടാണ് കാമുകന് ഗൗരവമായ അസുഖം വന്നിട്ടും, ശരീരം വണ്ണം വച്ച് വിരൂപമായിട്ടും അവർ അവനോടുള്ള പ്രണയം തുടർന്നത്. അസുഖമോ വൈരൂപ്യങ്ങളോ തളർത്താത്ത അവരുടെ പ്രണയം സഫലമായി. ഇന്ന്, രാധിക അനന്തിന് സ്വന്തം. അവർ ജീവിക്കട്ടെ, സന്തോഷത്തോടെ ......അവരുടെ ജീവിതത്തിലേക്കുള്ള ഒളിഞ്ഞ് നോട്ടം നമുക്ക് അവസാനിപ്പിക്കാം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.