കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിക്കൊണ്ടുള്ള തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധി വിശദാംശങ്ങള്‍ പുറത്ത്.
മുന്‍കൂട്ടി ആസൂത്രണം ചെയ്തുകൊണ്ടുള്ള ദിവ്യയുടെ നീക്കങ്ങള്‍ പ്രവൃത്തിയുടെ പ്രത്യാഘാതം മനസിലാക്കി തന്നെയാണ്. അതിനാല്‍ ജാമ്യം നല്‍കിയാല്‍ അത് തെറ്റായ സന്ദേശമാകുമെന്ന് വിധിന്യായത്തില്‍ ജഡ്ജി നിസാര്‍ അഹമ്മദ് വ്യക്തമാക്കി.
എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ ദിവ്യയുടെ പ്രസംഗം എഡിഎമ്മിനെ അപമാനിക്കാനായി ഉദ്ദേശിച്ചിട്ടുള്ളതാണ്. നവീന്‍ ബാബുവിനെ വ്യക്തിഹത്യ നടത്തുക, മാനഹാനി ഉണ്ടാക്കുക തുടങ്ങിയ ലക്ഷ്യവുമായി കരുതിക്കൂട്ടിയാണ് ദിവ്യ യാത്രയയപ്പ് യോഗത്തില്‍ വന്നത്.
ഇതിനായി പ്രാദേശിക ചാനല്‍ കാമറാമാനെയും കൂട്ടിയാണ് യോഗത്തിനെത്തിയത്. പ്രാദേശിക ചാനലിനെ വിളിച്ച് ഷൂട്ടു ചെയ്ത് വീഡിയോ പ്രചരിപ്പിച്ചു. ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്തുകൊണ്ട് വന്നതാണെന്നതിന് തെളിവാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.
യാത്രയയപ്പിന് ദിവ്യ എത്തിയത് ക്ഷണിക്കാതെയാണെന്ന പ്രോസിക്യൂഷന്റെ വാദവും കോടതി അംഗീകരിച്ചു. ഉന്നത ഉദ്യോഗസ്ഥനെ പൊതുസമക്ഷത്തില്‍ പരിഹസിക്കാനാണ് ശ്രമിച്ചത്. സഹപ്രവര്‍ത്തകരുടെ മുന്നില്‍ നവീന്‍ ബാബു അപമാനിതനായി.
അഴിമതിയെക്കുറിച്ച് അറിവ് ലഭിച്ചെങ്കില്‍ പൊലീസിനെയോ വിജിലന്‍സിനെയോ ആണ് അറിയിക്കേണ്ടിയിരുന്നത്. പി.പി ദിവ്യ രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയാണ്. മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പ്രതി സാക്ഷികളെ സ്വാധീനിച്ചേക്കാമെന്നും കോടതി വിധിയില്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.