റോമിലെ വിശുദ്ധ വാതിലുകൾ ഉടൻ അടയ്ക്കും ; ജൂബിലി ആഘോഷങ്ങളുടെ ഭക്തിനിർഭരമായ സമാപനത്തിനൊരുങ്ങി വത്തിക്കാൻ

റോമിലെ വിശുദ്ധ വാതിലുകൾ ഉടൻ അടയ്ക്കും ; ജൂബിലി ആഘോഷങ്ങളുടെ ഭക്തിനിർഭരമായ സമാപനത്തിനൊരുങ്ങി വത്തിക്കാൻ

വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികൾക്ക് ആത്മീയ ചൈതന്യം പകർന്നു നൽകിയ 'പ്രത്യാശയുടെ ജൂബിലി വർഷം' സമാപനത്തിലേക്ക്. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി റോമിലെ പ്രധാന ബസിലിക്കകളിൽ തുറന്ന വിശുദ്ധ വാതിലുകൾ വരും ദിവസങ്ങളിൽ അടയ്ക്കുമെന്ന് വത്തിക്കാൻ അറിയിച്ചു.

2024 ഡിസംബർ 24 ന് ഫ്രാൻസിസ് മാർപാപ്പ തുടക്കം കുറിച്ച വിശുദ്ധ വർഷത്തിന് 2026 ജനുവരി ആറിന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ വാതിൽ അടയ്ക്കുന്നതോടെ ഔദ്യോഗിക സമാപനമാകും. ലിയോ പതിനാലാമൻ മാർപാപ്പയാണ് സമാപന ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്.

ഡിസംബർ 25 മുതൽ റോമിലെ പ്രധാന പാപ്പാ ബസിലിക്കകളിലെ വാതിലുകൾ ഘട്ടങ്ങളായി അടച്ചു തുടങ്ങും. സെന്റ് മേരി മേജർ, സെന്റ് ജോൺ ലാറ്ററൻ, സെന്റ് പോൾ ഔട്ട്‌സൈഡ് ദ വാൾസ് എന്നീ ബസിലിക്കകളിൽ നടക്കുന്ന ചടങ്ങുകൾക്ക് വിവിധ കർദിനാൾമാർ നേതൃത്വം നൽകും.

ജൂബിലി വർഷത്തിൽ ഏകദേശം മൂന്ന് കോടിയോളം തീർഥാടകർ റോമിലെ വിശുദ്ധ വാതിലുകൾ സന്ദർശിച്ചതായാണ് വത്തിക്കാന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു വർഷം നീണ്ടു നിന്ന പ്രാർത്ഥനാ നിർഭരമായ ചടങ്ങുകൾക്കും തീർഥാടനങ്ങൾക്കും ഇതോടെ പരിസമാപ്തിയാകും. വിശ്വാസികളെ സംബന്ധിച്ചിടത്തോളം വലിയ ആത്മീയ ഉണർവ് നൽകിയ കാലഘട്ടമായിരുന്നു ഇത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.