ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണത്തില്‍ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്താബ ഖൊമേനിക്ക് പരിക്ക്; സ്ഥിരീകരിച്ച് ഇറാന്‍ സ്റ്റേറ്റ് ടിവി

ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണത്തില്‍ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്താബ ഖൊമേനിക്ക് പരിക്ക്; സ്ഥിരീകരിച്ച് ഇറാന്‍ സ്റ്റേറ്റ് ടിവി

ടെഹ്റാന്‍: ഇറാന്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട മൊജ്താബ ഖൊമേനിക്ക് യുദ്ധത്തില്‍ പരിക്കേറ്റതായി ഇറാനിയന്‍ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം.

അമേരിക്ക-ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ ആയത്തുള്ള അലി ഖൊമേനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അദേഹത്തിന്റെ മകനെ പരമോന്നത നേതാവായി തിരഞ്ഞെടുത്തത്. സ്ഥാനമേല്‍ക്കാനിരിക്കെയാണ് അദേഹത്തിന് പരിക്കേറ്റുവെന്ന വാര്‍ത്ത ഇറാന്‍ മാധ്യമം സ്ഥിരീകരിച്ചത്.

റമദാന്‍ യുദ്ധത്തിലെ 'ജന്‍ബാസ്' എന്നാണ് മൊജ്താബ ഖൊമേനിയെ ഇറാനിയന്‍ ടിവി വിശേഷിപ്പിച്ചത്. ശത്രുക്കളാല്‍ പരിക്കേല്‍ക്കുന്നവരെയാണ് ഇത്തരത്തില്‍ പരാമര്‍ശിക്കുന്നത്.

മൊജ്താബ ഖൊമേനിയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. അദേഹത്തിന്റെ പിതാവും മാതാവും സഹോദരിയുമടക്കം ഫെബ്രുവരി 28 ന് ടെഹ്റാനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

88 പുരോഹിതന്മാരുള്‍പ്പെട്ട പണ്ഡിതസഭയാണ് അമ്പത്താറുകാരനായ മൊജ്താബയെ അത്യുന്നത പദവിയിലേക്ക് തിരഞ്ഞെടുത്തത്. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സും (ഐആര്‍ജിസി) ഇറാന്റെ പിന്തുണയുള്ള ലെബനനിലെ സായുധ സംഘമായ ഹിസ്ബുള്ളയും മൊജ്താബയുടെ നേതൃത്വം അംഗീകരിച്ചു.

ആവശ്യമായ പരിശീലനം പിതാവില്‍ നിന്ന് മൊജ്താബ ഖൊമേനിക്ക് കിട്ടിയിട്ടുണ്ടെന്നും ഈ പ്രതിസന്ധി ഘട്ടം കൈകാര്യം ചെയ്യാന്‍ അദേഹത്തിനാകുമെന്നും ഇറാന്റെ പരമോന്നത സുരക്ഷാ കൗണ്‍സില്‍ മേധാവി അലി ലാരിജാനി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.