ചരിത്രം വഴിമാറുന്നു... ഓസ്ട്രേലിയന്‍ കര സേനയുടെ ആദ്യ വനിതാ മേധാവിയായി സൂസന്‍ കോയ്ല്‍; ജൂലൈയില്‍ ചുമതലയേല്‍ക്കും

ചരിത്രം വഴിമാറുന്നു... ഓസ്ട്രേലിയന്‍ കര സേനയുടെ ആദ്യ വനിതാ മേധാവിയായി സൂസന്‍ കോയ്ല്‍; ജൂലൈയില്‍ ചുമതലയേല്‍ക്കും

കാന്‍ബെറ: ഓസ്‌ട്രേലിയന്‍ സൈന്യത്തെ നയിക്കാന്‍ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത എത്തുന്നു. കഴിഞ്ഞ മുപ്പത് വര്‍ഷത്തിലധികമായി ഓസ്ട്രേലിയന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്ന ലെഫ്റ്റനന്റ് ജനറല്‍ സൂസന്‍ കോയ്ല്‍ കര സേനയുടെ ആദ്യത്തെ വനിതാ മേധാവിയായി നിയമിതയായി.

നിലവിലെ ആര്‍മി ചീഫ് ലെഫ്റ്റനന്റ് ജനറല്‍ സൈമണ്‍ സ്റ്റുവര്‍ട്ട് വിരമിക്കുന്ന ഒഴിവിലേക്കാണ് സൂസന്‍ കോയ്ല്‍ നിയമിതയായിരിക്കുന്നത്. നിലവിലെ നേവി ചീഫ് വൈസ് അഡ്മിറല്‍ മാര്‍ക്ക് ഹാമ്മണ്ടിനെ പ്രതിരോധ സേനയുടെ തലവനായി ഉയര്‍ത്തി. ജൂലൈ മാസത്തോടെ ഇരുവരും ഔദ്യോഗികമായി ചുമതലകള്‍ ഏറ്റെടുക്കും.

ചരിത്രപരമായ ഒരു നേട്ടമായാണ് സൂസന്‍ കോയ്ലിന്റെ നിയമനം വിലയിരുത്തപ്പെടുന്നത്. പ്രതിരോധ മേഖലയിലെ ഉയര്‍ന്ന സ്ഥാനങ്ങളിലേക്ക് കൂടുതല്‍ സ്ത്രീകളെ എത്തിക്കുന്നതിലൂടെ സൈനിക സേവന രംഗത്ത് വലിയ മാറ്റങ്ങളാണ് രാജ്യം ലക്ഷ്യമിടുന്നത്. മാത്രമല്ല, സൈനിക സേവനത്തില്‍ ദീര്‍ഘകാലത്തെ പരിചയസമ്പത്തുള്ള വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനാണ് പുതിയ പരിഷ്‌കാരങ്ങളിലൂടെ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

സൈന്യത്തെ നയിക്കാന്‍ 'ഏറ്റവും കഴിവുറ്റ വ്യക്തി' എന്നാണ് കോയ്ലിന്റെ നിയമനം പ്രഖ്യാപിച്ചുകൊണ്ട് പ്രതിരോധ മന്ത്രി റിച്ചാര്‍ഡ് മാര്‍ലെസ് അഭിപ്രായപ്പെട്ടത്. 1987 ല്‍ ആര്‍മി റിസര്‍വില്‍ ചേര്‍ന്ന കോയ്ല്‍, 1992 ല്‍ ഓസ്‌ട്രേലിയന്‍ ഡിഫന്‍സ് ഫോഴ്‌സ് അക്കാദമിയില്‍ നിന്ന് ഓഫീസറായി ബിരുദം നേടി. മിഡില്‍ ഈസ്റ്റിലെ ജോയിന്റ് ടാസ്‌ക് ഫോഴ്സ് 633, ടാസ്‌ക് ഗ്രൂപ്പ് അഫ്ഗാനിസ്ഥാന്‍ എന്നിവയുടെ കമാന്‍ഡറായി അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.


ഇന്‍ഫര്‍മേഷന്‍ വാര്‍ഫെയര്‍ വിഭാഗത്തിന്റെ തലപ്പത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്. തിമോര്‍-ലെസ്റ്റെ, സോളമന്‍ ദ്വീപുകള്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ സൈനിക വിന്യാസങ്ങളില്‍ അവര്‍ സൈന്യത്തെ നയിച്ചു. 2024 ജൂലൈ മുതല്‍ എഡിഎഫിന്റെ സൈബര്‍, സ്പേസ് കമാന്‍ഡുകളുടെ ചുമതലയുള്ള ചീഫ് ഓഫ് ജോയിന്റ് കേപ്പബിലിറ്റീസ് ആയി സേവനമനുഷ്ഠിച്ച് വരികയാണ്.

യു.എസ് ആര്‍മി വാര്‍ കോളജിലെ വിശിഷ്ട ബിരുദധാരിയായ കോയ്ല്‍ ബിരുദാനന്തര ബിരുദങ്ങളും നേടിയിട്ടുണ്ട്. മൂന്ന് കുട്ടികളുടെ അമ്മയാണ്. കോയ്‌ലിന്റെ ഈ സ്ഥാനക്കയറ്റം ഒരു 'അതിപ്രധാനമായ ചരിത്ര നിമിഷം' ആണെന്ന് പ്രതിരോധ മന്ത്രി മാര്‍ലെസ് വിശേഷിപ്പിച്ചു. 'നിങ്ങള്‍ക്ക് കാണാന്‍ കഴിയാത്ത ഒന്നായി മാറാന്‍ നിങ്ങള്‍ക്ക് കഴിയില്ല' എന്ന് സൂസന്‍ തന്നോട് പറഞ്ഞതായി അദേഹം ഓര്‍മിച്ചു.

ഈ നേട്ടം ഓസ്‌ട്രേലിയന്‍ പ്രതിരോധ സേനയില്‍ ഇന്ന് സേവനമനുഷ്ഠിക്കുന്ന സ്ത്രീകള്‍ക്കും ഭാവിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വലിയ പ്രചോദനമാകുമെന്നും പ്രതിരോധ മന്ത്രി കൂട്ടിച്ചേര്‍ത്തു.

താന്‍ സൈന്യത്തില്‍ ചേരുന്ന സമയത്ത് വെറും പത്ത് ശതമാനമായിരുന്നു സ്ത്രീ പങ്കാളിത്തമെന്നും ഇന്ന് നാല് വനിതാ ത്രീ-സ്റ്റാര്‍ ജനറല്‍മാര്‍ ഉണ്ടെന്നും കോയ്ല്‍ ചൂണ്ടിക്കാട്ടി. കഠിനാധ്വാനം ചെയ്യുന്ന മിടുക്കികളായ നിരവധി സ്ത്രീകള്‍ ഈ മേഖലയിലേക്ക് കടന്നുവരുന്നുണ്ടെന്നും അത് സന്തോഷകരമാണെന്നും അവര്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.